തം, കാര്‍ഷിക നിയമം, ഹലാല്‍, വിവാഹ പ്രായം തുടങ്ങി സമൂഹത്തില്‍ വിവിധ വശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളില്‍ ഒരു  സ്വതന്ത്ര ചിന്തകനെന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് രവിചന്ദ്രനുള്ളത്. ഇന്ന് പറയുന്ന കാര്യങ്ങളും ആശയങ്ങളും സ്വന്തം ജീവിത കാലത്ത് ആരും അംഗീകരിച്ചില്ലെങ്കിലും ഒരുനാള്‍ അത് വളര്‍ന്നുവരുമെന്ന് പറയുകയാണ് അദ്ദേഹം. തുറന്ന സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

മതം നിത്യജീവിതത്തില്‍ ഇടപെടുന്ന ഒരുപാട് വിഷയങ്ങളുണ്ട്. അതിലൊന്നാണ് ഭക്ഷണം. അടുത്തിടെ അതിന്റെ പേരില്‍ ഉയര്‍ന്നുവന്ന ഒന്നാണ് ഹലാല്‍ വിവാദം. അതേപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

മതപരമായി തന്നെയാണ് ആളുകള്‍ ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും ജീവിക്കുന്നതുമെല്ലാം. ഈ ഒരു ചോദ്യം പോലും സ്യൂഡോ ചോദ്യമാണ്. കാരണം ഹലാല്‍ എന്ന് പറയുന്ന സാധനം അത് പണ്ടുമുതലെ ഇവിടെയുള്ളതാണ്. ഹലാല്‍ എന്നത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്രമീകരണമാണ്. ഇത് സത്യത്തില്‍ ഒരുതരം അയിത്തമാണ്. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഇന്നയാളാണോ ഉണ്ടാക്കിയത് എന്ന് ചോദിക്കുന്ന ചോദ്യമാണ് ശരിക്കും അയിത്തം. അതിനെ നമ്മള്‍ കുറെക്കൂടി കിസ്മിസ് ഒക്കെയിട്ട് വേറെയെന്തോ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. 

ഇന്ത്യയില്‍ വിവാഹം കഴിക്കുന്നത്, വസ്ത്രം ധരിക്കുന്നത്, ആഹാരം കഴിക്കുന്നത്, പഠിക്കുന്നത് അങ്ങനെ എല്ലാം മതപരമായിട്ടല്ലേ ചെയ്യുന്നത്. പിന്നെ മതപരമായ, അല്ലെങ്കില്‍ മതം കൊണ്ടുവരുന്നു എന്നൊക്കെ പറയുന്നതിലെന്താണ്. പഠിക്കുന്ന പാഠപുസ്തകം മുതല്‍ ശ്വസിക്കുന്ന വായുവില്‍ പോലും മതം കലര്‍ന്നിരിക്കുന്ന സമൂഹമാണ് നമ്മുടേത്. ഐഡന്റിറ്റികള്‍ പോലും മതപരമായിട്ടാണ് എടുക്കുക. 

അപ്പോള്‍ ഹലാല്‍ വിവാദമൊക്കെ കൊണ്ടുവന്നതാണ്, പണ്ടില്ലാതിരുന്നതാണ്, കുത്തിപ്പൊക്കിയതാണ് എന്നൊക്കെ പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത് ഇപ്പോഴും നിലവിലുള്ളതാണ്. വിവാദമൊക്കെ കഴിഞ്ഞില്ലേ, ഇപ്പൊഴെന്താ ഹലാല്‍ ഇല്ലെ?  ഒരു ഏകീകൃത സിവില്‍ കോഡ് ഇവിടെ ഇല്ല. ഹലാല്‍ വിവാഹങ്ങളില്ലേ. ഒരു മന്ത്രിയുടെ വിവാഹത്തെ ഹലാലല്ലാത്തത് എന്ന് പ്രഖ്യാപിച്ചില്ലേ. ആ വ്യക്തി പറഞ്ഞത് അയാളുടെ വിശ്വാസമാണ്. അപ്പോള്‍ ഇതൊന്നും പുതിയതായി പറയുന്നതല്ല. ഇതൊക്കെ ഇവിടെയുള്ള കാര്യങ്ങളാണ്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പോലെ ഉരച്ച് നോക്കുമ്പോള്‍ ചിലപ്പോള്‍ കാണുന്നുവെന്ന് മാത്രം. 

കമ്മ്യൂണിസവും യുക്തിവാദവും സ്വതന്ത്ര ചിന്തയുമൊക്കെ ചേര്‍ന്നുപോകുന്ന ഒന്നാണെന്ന് പറയാറുണ്ട്? ശരിക്കും അങ്ങനെയാണോ?

യുക്തിവാദം എന്ന് പറയുന്നത് റാഷണലിസം എന്ന് പറയുന്ന അര്‍ഥത്തിലാണ്. എന്ന് വെച്ചാല്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുക, തെളിവിന്റെ അടിസ്ഥാനത്തില്‍ വിചിന്തനം ചെയ്യുക എന്നൊക്കെയാണ്. പക്ഷേ, യുക്തിവാദം എന്നതിന് കേരളത്തില്‍ വേറെ അര്‍ഥമാണ്. കേരളത്തില്‍ അതൊരു പ്രസ്ഥാനമാണ്. അതിന് നിങ്ങളീ പറയുന്നതുപോലെ ചില രാഷ്ട്രീയ ചായ്​വുണ്ട്, കുറേയധികം അശാസ്ത്രീയതയുണ്ട്. പല പാരമ്പര്യബോധങ്ങളുണ്ട്. ഭൂതകാലത്തിനെ വല്ലാതെ മഹത്വവത്കരിക്കല്‍, അതുപോലെ അന്ന് അവര്‍ നിങ്ങളോട് ചെയ്തതിന്റെ കടം ഇന്ന് വീട്ടണം തുടങ്ങിയ പാരമ്പര്യബോധം. പോരാത്തതിന് മാറ്റങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുക. പരിഷ്‌കരണത്തിന് വിരുദ്ധമായി നില്‍ക്കുക.

കര്‍ഷക സമരത്തിന്റെ കാര്യമെടുക്കാം. ആ ബില്ല് ഇന്ത്യയിലെ ജനങ്ങള്‍ക്കും കാര്‍ഷികരംഗത്തിനും എത്രത്തോളം ഗുണകരമാകുമെന്ന് ബില്ല് പഠിച്ചാല്‍ മനസിലാകും. അത് ആരുകൊണ്ടുവന്നാലും, മോദി കൊണ്ടുവന്നാലും പിണറായി കൊണ്ടുവന്നാലും മായാവതി കൊണ്ടുവന്നാലും അതുകൊണ്ട് ഇന്ത്യയിലെ കാര്‍ഷിക രംഗത്തിന് ഗുണമുണ്ട്. അങ്ങനെയാണ് കാണുന്നത്. പക്ഷേ, അതിനെയൊക്കെ രാഷ്ട്രീയമായ ചായ്​വുവെച്ച് അന്ധമായി എതിര്‍ക്കുക- ആ ഒരു രീതി ഇത്തരം പ്രസ്ഥാനങ്ങള്‍ക്കാണുള്ളത്. പിന്നൊന്നുള്ളത് മതപക്ഷപാതം. ആ മതത്തിനെ ഒന്നും പറയരുത്, ഈ മതത്തിനെ പറ്റി പറയരുത്. ഇന്ന മതത്തില്‍ ജനിച്ചെങ്കില്‍ മാത്രമേ അതിനെ വിമര്‍ശിക്കാവൂ... ഇങ്ങനെയൊക്കെയുള്ള ഫത്വകള്‍ ഇറക്കുന്നത് ഇത്തരക്കാരാണ്.  വളരെ റിഗ്രസീവായ ഒരു സംഗതിയായാണ് കേരളത്തിലെ യുക്തിവാദത്തിനെ എനിക്ക് തോന്നുന്നത്. അതുകൊണ്ട് അതിന് സ്വതന്ത്ര ചിന്തയുമായി ഒരു ബന്ധവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

സ്വതന്ത്ര ചിന്തയെന്ന് പറയുമ്പോള്‍ യു ഷുഡ് ഹാവ് എ ബോസ്സ്ലെസ് ലൈഫ്. അഭിപ്രായം പറയുന്നതിന് മുമ്പ് മറ്റൊരാളെ വിളിച്ച് ചോദിച്ചതിനുശേഷം പറയുമ്പോള്‍ അയാളുടെ കീഴിലാണ് ഞാന്‍. എനിക്ക് എന്തെങ്കിലും എഴുതാനും പറയാനും അവിടുന്ന് സന്ദേശം വരണമെന്ന് പറയുമ്പോള്‍ അത് സ്വതന്ത്ര ചിന്ത്രയല്ല. ചിലര്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയാന്‍ രണ്ട് ദിവസം കാത്തിരിക്കാറുണ്ട്. അതിന്റെ ഗതിവിഗതികള്‍ നോക്കിയതിന് ശേഷം അഭിപ്രായം പറയുന്നവര്‍. ഇത്തരം അഭിപ്രായങ്ങളൊക്കെ നിയന്ത്രിക്കുന്നത് മറ്റുള്ളവരാണ്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും അജണ്ടകളാണ്. സ്വതന്ത്ര ചിന്തയെന്ന് പറയുന്നത് ഇതൊന്നുമല്ല. ഒരു കാര്യം മോശമെങ്കില്‍ അത് മോശമെന്ന് പറയാന്‍ മടിക്കാതിരിക്കുന്നിടത്താണ് സ്വതന്ത്രചിന്തയുള്ളത്. അതുകൊണ്ട് ചിലപ്പോള്‍ നിങ്ങള്‍ തിര്‍ന്നേക്കാം. പക്ഷേ, പറയാനുള്ള കാര്യം പറയുക. ചെയ്യാനുള്ളത് ചെയ്യുക.

സ്വതന്ത്ര ചിന്തകനായതുകൊണ്ട് നിങ്ങള്‍ക്ക് വലിയ പ്രയോജനമൊന്നുമുണ്ടാകില്ല. ഉദാഹരണത്തിന് എന്‍ഡോസള്‍ഫാന്‍, അവിടെ നടക്കുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണം എന്‍ഡോസള്‍ഫാനാണോ,  ആണെങ്കില്‍ അതിനെ ഡേറ്റയും വസ്തുതയും വെച്ച് തെളിയിക്കണം. 2001-ല്‍ നിരോധിച്ച ഒരു മോളിക്യൂളാണ് ഇപ്പോഴും അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് പറഞ്ഞാല്‍ അത് ശാസ്ത്രവിരുദ്ധമാണ്. നിങ്ങളിപ്പോള്‍ ആഘോഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയുന്നുണ്ടെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ജനത മുഴുവന്‍ ഒരു തെറ്റായ കാര്യത്തിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നേ പറയാന്‍ കഴിയൂ. 

അവിടെയുള്ള രോഗികള്‍ക്ക് എന്തെങ്കിലും ആശ്വാസം കൊടുക്കുന്നതായിക്കൊട്ടെ, അത് ശരിയായ കാര്യമാണ്. അത് മാനവീയമായ കാര്യമാണ്. പക്ഷേ, അതിന് നിങ്ങള്‍ പറയുന്ന കാരണം, എന്‍ഡോസള്‍ഫാന്‍ മൂലമാണ് ഇതെല്ലാം സംഭവിച്ചത് എന്ന് പറയുമ്പോള്‍, വരാനിരിക്കുന്ന കുട്ടികളും എന്‍ഡോസള്‍ഫാനാണെന്ന് പറയുമ്പോള്‍ അതിന് ഡേറ്റയുടെ പിന്‍ബലമില്ല. അത് കള്ളമാണ് പറയുന്നത്. അങ്ങനെ പറയാന്‍ കാരണം, ഇതേ കണക്ക് മറ്റൊരിടത്ത് പ്രശ്നമുണ്ടാകുമ്പോള്‍ ശാസ്ത്രബോധവും യുക്തിബോധവുമുള്ള ജനതയെന്ന നിലയില്‍ എന്താണ് കാരണം എന്ന് അന്വേഷിക്കണം. ആ കാരണത്തെയാണ് നീക്കം ചെയ്യേണ്ടത്. ഇപ്പോഴും അവിടുത്തെ ആളുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് പറയുന്നു. ഒന്നാലിച്ചുനോക്കു. അങ്ങനെയാണെങ്കില്‍ എന്‍ഡോസള്‍ഫാനെന്ന് പറയുന്നത് വലിയൊരു സംഭവമായിരിക്കണം. 350 ഓളം രോഗങ്ങള്‍ക്ക് കാരണമാണെന്നാണ് എഴുതി വിടുന്നത്. അങ്ങനെ എഴുതിവിട്ടില്ലെങ്കില്‍ ഇടിയാണ്.

ആ ഒരു പ്രശ്നത്തില്‍ ഒരു സ്വതന്ത്ര ചിന്തകനാണെങ്കില്‍ എന്താണ് പറയേണ്ടത്. നമുക്ക് ഡേറ്റയില്ല. അത് തെളിയിക്കുന്നിടത്തോട്ടാണ് നമ്മള്‍ പോകേണ്ടത്. ഇപ്പോള്‍ എസ്സന്‍സ് ഒക്കെ മുന്നോട്ടുവെക്കുന്ന ഒന്നാണ് 'ലെറ്റ് എവിഡന്‍സ് ലീഡ് '. അതിന്റെ പുറകെ നിങ്ങള്‍ പോവുക. അങ്ങനെയുള്ളപ്പോള്‍ മാത്രമെ യാഥാര്‍ഥ്യത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലുള്ള പൊളിറ്റിക്സ് , തെളിവിന്റെ അടിസ്ഥാനത്തിലുള്ള മെഡിസിന്‍ ഇതൊക്കെ ഒരു സമൂഹത്തില്‍ സാധ്യമാകൂ. അല്ലെങ്കില്‍ മൊത്തത്തില്‍ ഒരു കൂടോത്രം ലെവലായിരിക്കും.

കര്‍ഷക സമരത്തിന്റെ കാര്യം പരാമര്‍ശിച്ചല്ലോ. രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യയശാസ്ത്രത്തിനോട് അനുകൂലനിലപാടുള്ള ആളല്ല താങ്കള്‍. പക്ഷെ പുതിയ കാര്‍ഷിക നിയമം വന്നസമയത്ത് അതിനെ അനുകൂലിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കാര്‍ഷിക നിയമത്തേപ്പറ്റിയുള്ള നിലപാടെടുത്തത് എങ്ങനെയാണ്?

കാര്‍ഷിക  നിയമം കഴിഞ്ഞ 25 കൊല്ലമായിട്ട് ചിന്തിക്കുന്ന ഒന്നാണ്. പല ഗവണ്‍മെന്റുകള്‍, ദേവഗൗഡയും ഗുജ്റാളും ഒക്കെയിരുന്ന ഗവണ്‍മെന്റുകള്‍ പോലും ചര്‍ച്ചചെയ്യുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത കാര്യമാണ്. 1991-ലെ ഗ്ലോബലൈസേഷന്‍, പ്രൈവറ്റൈസേഷന്‍ എന്നിവ വന്നതിന് ശേഷം ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ഗുണങ്ങളും സൗകര്യങ്ങളും അനിഷേധ്യമായിട്ടുള്ള കാര്യങ്ങളാണ്. പക്ഷെ അതിനെ അന്ന് നമ്മള്‍ വളരെയധികം എതിര്‍പ്പോടുകൂടിയാണ് സ്വീകരിച്ചത്. നമുക്കറിയാം ഇന്ന് നമ്മള്‍ ജീവിക്കുന്നത് കുറച്ചുകൂടി നല്ല ലോകത്താണ്. എന്തൊക്കെ പറഞ്ഞാലും ഇനി ആര്‍ക്കുമതിനെ നിഷേധിക്കാനാകില്ല. അങ്ങനെയുള്ള കാര്യത്തിനെതിരെ അന്നുയര്‍ന്ന എതിര്‍പ്പ് ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷെ, സമാനമായുള്ള പുരോഗതി ഇന്ത്യയിലെ കാര്‍ഷിക വ്യവസ്ഥയ്ക്ക് ഉണ്ടാകുക എന്ന് പറയുന്നത് കര്‍ഷകന്റെ മിനിമമായിട്ടുള്ള അവകാശമാണ്. ഞാനൊരു കര്‍ഷക കുടുംബത്തിലുള്ള ആളായാതുകൊണ്ടും കാര്‍ഷിക വൃത്തി വളരെ ഗൗരവത്തോടെ ചെയ്തിട്ടുള്ള ആളാണെന്നുമുള്ളതുകൊണ്ടും ഞാന്‍ പറയുകയാണ്, ഇക്കാര്യത്തില്‍ നമുക്ക് ഒരുപാട് മുന്നോട്ടുപോകാനുണ്ട്. അതിന് അനുകൂലമായിട്ടുള്ള പരിഷ്‌കരണം തന്നെയാണ് ഈ നിയമം. ബില്ല് വായിച്ചുനോക്കിയാല്‍ അങ്ങനെയാണ് മനസിലാകുന്നത്. 

അപ്പോള്‍ പറയുകയാണ്, ഇന്ന് ഗവണ്‍മെന്റാണ് അതു കൊണ്ടുവരുന്നതെന്ന്. ആരുകൊണ്ടുവന്നാലെന്താണ്? ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് നാളെ ബിജെപി കൊണ്ടുവരികയാണ്. ഉടനെ പറയും അത് ബിജെപി കൊണ്ടുവന്നതുകൊണ്ട് ഞങ്ങള്‍ക്ക് നടപ്പിലാക്കുന്നതില്‍ സംശയമുണ്ട് എന്ന്. ഒരു ബില്ല് അത് ആര് കൊണ്ടുവരുന്നുവെന്നല്ല. ബിജെപിയോ സിപിഎമ്മോ ആരോ ആകട്ടെ ആ ബില്ല് എന്താണെന്നല്ലേ നമ്മള്‍ നോക്കേണ്ടത്. അല്ലെങ്കില്‍ നിങ്ങള്‍ ബിജെപിയെ ഭരിക്കാനേ അനുവദിക്കാന്‍ പാടില്ല. ബിജെപി ഒരു ബില്ല് കൊണ്ടുവരികയാണെങ്കില്‍ അതിന്റെ ഗുണദോഷങ്ങളാണ് വിലയിരുത്തേണ്ടത്. അതിനാണ് ഞാന്‍ പറയുന്നത് ഫാക്ട് ബേസ്ഡ് പൊളിറ്റിക്സ്- വസ്തുതയ്ക്ക് അനുസൃതമായിരിക്കണം രാഷ്ട്രീയം. തെളിവിന്റെ അടിസ്ഥാനത്തിലാകണം മരുന്ന് അല്ലെങ്കില്‍ വൈദ്യം പോകേണ്ടത്. അങ്ങനെയുള്ള സമൂഹത്തിന് വേണ്ടിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ എച്ച് പറയുന്നത് ( It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and re-form)  ഇന്ത്യന്‍ ഭരണഘടന നമ്മളോട് ആവശ്യപ്പെടുന്ന കാര്യമാണിത്.

അപ്പോള്‍ ഒരു ബില്ല് കോണ്‍ഗ്രസ് കൊണ്ടുവന്നാല്‍ എടുക്കും, ബിജെപി കൊണ്ടുവന്നാല്‍ എടുക്കില്ല എന്നൊക്കെ പറയുമ്പോള്‍ അതൊരു ട്രൈബലിസ്റ്റിക് മൈന്‍ഡാണ്. ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന തീരുമാനങ്ങള്‍ക്കെതിരെ തെരുവില്‍ നേരിടുക വളരെ എളുപ്പമാണ്. ഒരു മതസഹായവുമുണ്ടെങ്കില്‍ സുഖമായിട്ട് വഴിതടഞ്ഞുകൊണ്ടും ഭീകരത സൃഷ്ടിച്ചുകൊണ്ടും പണമെറിഞ്ഞുകൊണ്ടും നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ കഴിയും. 

അങ്ങനെയാണെങ്കില്‍ ഞാന്‍ ചോദിക്കട്ടെ, ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോവുകയാണ്. ഇനി വരുന്ന ഒരു നൂറ്റാണ്ടിലെങ്കിലും കാര്‍ഷിക രംഗത്തെ പരിഷ്‌കരിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ. ഇന്ന് നിങ്ങള്‍ ചെയ്ത കാര്യം കുറേക്കൂടി നന്നായിട്ട് ബിജെപിക്ക് ചെയ്യാന്‍ സാധിക്കില്ലേ. അവര്‍ക്ക് വഴിതടയാന്‍ സാധിക്കില്ലേ, അക്രമം അഴിച്ചുവിടാനാകില്ലേ, അവരുടെ കൈയില്‍ പണമില്ലേ. ഇങ്ങനെയാണെങ്കില്‍ നമ്മളെങ്ങനെ മുന്നോട്ടുപോകും. ഇപ്പോള്‍ എക്സ്പ്രസ് ഹൈവെയെ എതിര്‍ത്തു. അതിനെ നമ്മള്‍ ആഘോഷിച്ചു. തടസം, എതിര്‍പ്പ്, അട്ടിമറി നല്ല രസമാണ് ഇത് ചെയ്യാന്‍. ബാറ്റ്മാന്‍ സീരിസിലെ ഡാര്‍ക്ക് നൈറ്റില്‍ ജോക്കര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ നശിപ്പിച്ച് കളിക്കുക. ഇവര്‍ വിചാരിക്കും ചെയ്യുന്നത് എന്തോ വലിയ കാര്യമാണെന്ന്. ഞങ്ങളിതിവിടെ അനുവദിക്കില്ല. എക്സ്പ്രസ് ഹൈവെ പോയി സമരം വിജയിച്ചു. ഇപ്പോള്‍ അന്ന് സമരം ചെയ്തവര്‍ക്ക് പോലും ഇപ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ട് കെ- റെയില്‍ വന്നപ്പോള്‍.

എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സമൂഹത്തിന് ആവശ്യമുള്ളതാണ്. കെ- റെയിലിനെ അനുകൂലിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതുണ്ടാക്കുന്ന കാര്യങ്ങളൊക്കെ നോക്കിയിട്ട് ഈ സമൂഹത്തില്‍ ഇത് വേണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതേതെങ്കിലും പാര്‍ട്ടി കൊണ്ടുവന്നതുകൊണ്ടല്ല. ഒരു പദ്ധതി കോണ്‍ഗ്രസ് കൊണ്ടുവന്നാലും ബിജെപി കൊണ്ടുവന്നാലും സിപിഎം കൊണ്ടുവന്നാലും ശരി, സമൂഹത്തിന് ആവശ്യമുള്ളതാണോ എന്നാണ് നോക്കേണ്ടത്. അതാണ് സ്വതന്ത്രചിന്ത. ബിജെപി അല്ല അണ്ണാ ഡിഎംകെ കാര്‍ഷിക നിയമം കൊണ്ടുവന്നാലും അത് വായിച്ചുനോക്കിയിട്ട് ഞാന്‍ മാര്‍ക്കിട്ടുകൊടുക്കും. ഉറപ്പാണ്. എനിക്കിപ്പോള്‍ ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യമില്ലല്ലോ. 

അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് വിവാഹപ്രായം ഏകീകരിക്കാനുള്ള ബില്‍. പാര്‍ലമെന്റില്‍ ബില്‍ വന്ന സമയത്ത് സ്ത്രീപക്ഷ നിലപാടുള്ള കക്ഷികളില്‍ നിന്നുവരെ എതിര്‍പ്പു വന്നു. വിവാഹപ്രായം ഏകീകരിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ?

കേന്ദ്രം കൊണ്ടുവന്ന നിയമത്തിന്റെ ടാര്‍ഗറ്റ് ഗ്രൂപ്പെന്ന് പറയുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണ്. അവരുടെ അഭിപ്രായം നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ക്കെന്താണ് ഗുണം, സമ്പന്ന ഭൂവുടമകളും ഇടനിലക്കാര്‍ക്കും മത മേലാളന്മാര്‍ക്കും ആളുകളെ തെരുവിലിറക്കാന്‍ കഴിയും. സാധാരണ കര്‍ഷകര്‍ക്ക് അത് സാധിക്കില്ല. സാധാരണ കര്‍ഷകര്‍ നടത്തുന്ന സമരം നിങ്ങള്‍ കണ്ടിട്ടുണ്ടോ?  ഒരാളുപോലുമുണ്ടാകില്ല. നിങ്ങള്‍ മാധ്യമങ്ങള്‍ പോലും കവര്‍ ചെയ്യില്ല. ഇവിടെ കേരളത്തിലൊക്കെ എത്ര സമരങ്ങള്‍ നടത്തിയിട്ടുണ്ട് കര്‍ഷകര്‍. ഒരു രീതിയിലും അത് വിജയിക്കില്ല. അത് വിജയിക്കണമെങ്കില്‍ എന്താണ് വേണ്ടതെന്ന് വെച്ചാല്‍ ഇന്ത്യയിലിപ്പോള്‍ കണ്ടതാണ്.

ഇതുപോലെ തന്നെയാണ് ഈ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അഭിപ്രായം നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? ഒരുപാട് ചാനലുകളൊക്കെ ഇന്റര്‍വ്യൂകള്‍ ചെയ്യുന്നുണ്ട്. ആദ്യം തന്നെ ഇതിലേക്ക് വര്‍ഗീയമായ മാനം കൊണ്ടുവരികയാണ്. മുസ്ലീങ്ങള്‍ക്കെതിരാണെന്ന് പറയുന്നു. ഇതെങ്ങനെയാണ് അവര്‍ക്കെതിരാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെയാണ്. ഇന്ത്യയില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ ഗുജറാത്ത്, യുപി, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലാണ് അധികവും. ഇതില്‍ കൂടുതലും നടക്കുന്നത് ഭൂരിപക്ഷ സമുദായത്തിലാണ്. ഖാപ് പഞ്ചായത്തുകളാണ് ഇതെല്ലാം നിയന്ത്രിച്ച് പോകുന്നത്. 

അപ്പോള്‍ അങ്ങനെയുള്ള കാര്യത്തിലും വന്ന് മതം കലര്‍ത്തുന്നു. സ്ത്രീകള്‍ക്കാവശ്യമുള്ള ഒരു കാര്യത്തില്‍ ഉദാഹരണത്തിന് മുത്തലാഖിന്റെ കാര്യത്തിലായാലും ഇവര്‍ ആരെയാണ് കേള്‍ക്കുന്നത് മുസ്ലീം പുരുഷനെ മാത്രമാണ്. മതപുരുഷനാണ് എല്ലാം തീരുമാനിക്കുന്നത്. അവരാണ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. അത് വന്നാല്‍ സ്ത്രീകള്‍ക്കും പിന്തുടര്‍ച്ചാവകാശം കൊടുക്കേണ്ടിവരും. അത് സ്ത്രീകള്‍ക്കിഷ്ടമല്ല എന്നാണോ നിങ്ങള്‍ പറയുന്നത്. തികച്ചും സ്ത്രീവിരുദ്ധമായ കാര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാര്യത്തില്‍ പുരുഷ കേന്ദ്രീകൃതമായ മതത്തിലെ പുരുഷന്റെ അഭിപ്രായം കേള്‍ക്കുന്നത്. 

പുരുഷന്റെ വിവാഹപ്രായം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍ ആരും തുള്ളുന്നില്ലല്ലോ. വിവാഹം പ്രായം 21, പക്ഷെ, വോട്ടവകാശം 18 എന്നാണ് പറയുന്നത്. പണ്ട് നേരെ തിരിച്ചല്ലായിരുന്നോ. അന്നെന്തെങ്കിലും ആരെങ്കിലും സംസാരിച്ചിരുന്നോ. വിവാഹപ്രായം അനുസരിച്ച് വോട്ടവകാശം നിശ്ചയിച്ചുപോയ ഒരു രാജ്യമല്ല ഇത്. 1890കളില്‍ പ്രായപൂര്‍ത്തിയായി കണക്കാക്കുന്ന പ്രായം 10-ല്‍ നിന്ന 12 ആക്കി. അന്ന് ഇന്ത്യ കത്തിക്കുമെന്ന് പറഞ്ഞത് ബാലഗംഗാധര തിലകനാണ്. 10 വയസായിരുന്നു അന്ന് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. അത് ബ്രിട്ടീഷുകാര്‍ 12 ആക്കിയപ്പോഴാണ് ഇവിടെ പ്രശ്നങ്ങളുണ്ടാക്കിയത്. പിന്നെ അത് 14 ആക്കി. അന്നും പ്രശ്നങ്ങളുണ്ടായി. 15 ആക്കിയപ്പോഴും 18 ആക്കിയപ്പോഴും ഇതേ പ്രശ്നമുണ്ടായി. ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയത് മത മൗലികവാദികളും പിന്തിരിപ്പന്‍ ശക്തികളും മത പുരുഷനുമായിരുന്നു. അന്നും ഇന്നും മതത്തിനൊപ്പം മതപുരുഷന്‍ മാത്രമേയുള്ളു. 

കേരളം സാമ്പത്തികമായും സമൂഹ്യമായും ചിന്താപരമായും പുരോഗമന നിലപാടുള്ള സംസ്ഥാനമെന്ന് നമ്മള്‍ പറയാറുണ്ട്. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്ത്?

സാമ്പത്തികമായിട്ടല്ലല്ലോ. ഗോഡ്സ് ഓണ്‍ കണ്‍ട്രിയെന്ന് പരസ്യം കൊടുക്കുമ്പോഴും ഒരു തീപ്പെട്ടി കമ്പനി പോലും ഇല്ലാത്ത സംസ്ഥാനമെന്ന് വേണമെങ്കില്‍ പറയാം. വ്യവസായമില്ല, കൃഷിയില്ല നമുക്കെന്താ ഉള്ളത്. ആകെയുള്ളത് കടമാണ്. മൂന്ന് ലക്ഷം കോടിയുടെ കടവുമായി നില്‍ക്കുന്ന ടീമാണ് നമ്മുടേത്. പിന്നെ സാമൂഹ്യമായിട്ട് നോക്കിയാല്‍ ട്രൈബലിസമാണ് ഇപ്പോഴും. സമൂഹമാധ്യമങ്ങള്‍ നോക്കിയാല്‍ അറിയാം എല്ലാ രോഗങ്ങളുമെത്തുന്ന സ്ഥലമാണ് അവിടെ. ഒരു മെഡിക്കല്‍ കേളേജിലും ചന്തയിലും ഒരുമിച്ച് ചെന്നുനില്‍ക്കുന്ന അനുഭവമാണ് അതില്‍. സമൂഹത്തിലെ എല്ലാ രോഗങ്ങളും എല്ലാ മാലിന്യങ്ങളും അതിലുണ്ടാകും.  അത് കാണിക്കുന്നത് കേരളം ഒട്ടും മുന്നിലല്ല എന്നാണ്. മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ ഇങ്ങനെ എഴുതി മറിക്കാറില്ലായിരിക്കും. 

നമ്മുടെ രാഷ്ട്രീയമെന്നത് ട്രൈബലിസമാണ്. ഏതെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ നിരന്തരമായി കമന്റിടുന്നത്, മാധ്യമങ്ങള്‍, മൊത്തത്തില്‍ വസ്തുതാധിഷ്ഠിതമല്ല നമ്മുടെ രാഷ്ട്രീയം. പിന്നെ ചിലകാര്യങ്ങളില്‍ സാക്ഷരത, ആരോഗ്യം അങ്ങനെ കുറെയുള്ള സാമൂഹ്യ സൂചികകളില്‍ തീര്‍ച്ചയായിട്ടും നമ്മള്‍ മുന്നിലാണ്. അതിന് നമുക്ക് ചരിത്രപരമായ കാരണങ്ങളുണ്ട്. മാത്രമല്ല മാറിമാറി വന്ന ഗവണ്‍മെന്റുകളും അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതൊക്കെ നിഷേധിക്കാന്‍ സാധിക്കില്ല. അക്കാര്യത്തിലൊക്കെ ഒരു യൂറോപ്യന്‍ സ്റ്റാന്‍ഡാര്‍ഡ് പലകാര്യത്തിലുമുണ്ട്. 

പക്ഷെ നമ്മള്‍ യഥാര്‍ഥത്തില്‍ പൊങ്ങച്ചമടിക്കാതിരിക്കുന്നതാണ് നമ്മള്‍ക്ക് നല്ലത്. കോവിഡ് വന്നപ്പോള്‍ തന്നെ നമ്മള്‍ക്ക് അത് മനസിലായതാണ്. നമ്മള്‍ പൊങ്ങച്ചമടിച്ചു പരിഹാസ്യരായി. അതെന്തുകൊണ്ടാണെന്ന് വെച്ചാല്‍ നമുക്ക് ശാസ്ത്രീയമായൊരു മനോവൃത്തിയില്ലാത്തതാണ്. എന്തൊക്കെ സംഭവിച്ചിട്ടും മരണം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണല്ലോ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ നോക്കു മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലാണ് നമ്മുടെ സ്ഥാനം. മഹാരാഷ്ട്ര വലിയൊരു സംസ്ഥാനമാണെന്നോര്‍ക്കണം. 

അതുപോലെതന്നെ ഇറ്റലിയിലൊക്കെ ഇത് വ്യാപിച്ചപ്പോള്‍ ക്യാപ്പിറ്റലിസമാണ് ഇതൊക്കെ കാരണം, ക്യാപ്പിറ്റലിസത്തിന്റെ പതനമാണിതെന്നൊക്കെ പറഞ്ഞ് ആഘോഷിച്ചു. ഇതൊരു ലോങ് ബാറ്റിലാണ്. ആ ഒരു യാഥാര്‍ഥ്യബോധത്തോടെ പൊങ്ങച്ചമില്ലാതെ പോകുന്നതാണ് നല്ലത്. കാരണം ഗെയിം ഈസ് നോട്ട് ഓവര്‍.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നൊരു ചിന്ത ഇപ്പോള്‍ ശക്തിപ്പെട്ടുവന്ന ഒന്നാണ്. ആ കാഴ്ചപ്പാടിനോട് എന്താണ് പ്രതികരണം?

യൂണിഫോമെന്ന് പറയുന്നത് തന്നെ രണ്ട് രീതിയിലുണ്ട്. ഒരു പ്രത്യേക ടാസ്‌ക്, അല്ലെങ്കില്‍ ഒരു ദൗത്യം, അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസേഷന്‍ അതിന് അതിന്റേതായിട്ടുള്ള നിയമങ്ങളുണ്ടാകും. അവിടെ ഹൈറാര്‍ക്കിയുണ്ടാകും.  അവിടെയൊരു പവര്‍ സ്ട്രക്ചറുണ്ട്. അതുപോലെതന്നെയാണ് ഓരോ ദൗത്യങ്ങള്‍ ചെയ്യുന്ന ആര്‍മിപോലുള്ളവരും. അവര്‍ക്കും യൂണിഫോമും സംവിധാനവുമുണ്ട്. 

അതുകൊണ്ട് യൂണിഫോമെന്നത് വസ്ത്ര സ്വാതന്ത്ര്യമല്ല എന്ന് ആദ്യമേ മനസിലാക്കുക. അത് വസ്ത്രത്തിനെ ഒരു സംവിധാനത്തിന്റെ സൗകര്യത്തിനനുസരിച്ച് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിന് അതിന്റേതായ റോളുമുണ്ട് സാംഗത്യവുമുണ്ട്. അത് തുല്യതയെ ചോദ്യം ചെയ്യുന്ന ഒന്നല്ല. 

തുല്യത വേണ്ടത് പൊതു സമൂഹത്തിലാണ്. ഈ പറയുന്ന കുട്ടിക്കും മുതലാളിക്കും സാമൂഹ്യപരമായ അവകാശാധികാരങ്ങള്‍ തുല്യമായിരിക്കുക എന്നതാണ് ഇക്വാലിറ്റി. യൂണിഫോമെന്ന സംവിധാനം വരുമ്പോള്‍ അവിടെ വസ്ത്ര സ്വാതന്ത്ര്യം ഇല്ല. 

ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത് പാന്റും ഷര്‍ട്ടുമാണ്. ഒരു പുരുഷന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അവര്‍ക്കത് ഗുണകരമായ കാര്യമായാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് വിയോജിപ്പില്ല. പിന്നെ നിങ്ങള്‍ പറഞ്ഞ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പ്രയോഗത്തോട് എനിക്ക് എതിര്‍പ്പുണ്ട്. 

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് പറയുന്നത് അശാസ്ത്രീയമായൊരു സങ്കല്‍പമാണ്. ജെന്‍ഡര്‍ എന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരു മനോഭാവമാണ്. അതിന്റെ പ്രകടിപ്പിക്കലുമാണ്. ഒരു സ്ത്രീ, അല്ലെങ്കില്‍ പുരുഷന്‍, അല്ലെങ്കില്‍ ഒരു ട്രാന്‍സ് അവര്‍ അങ്ങനെ തന്നെ ആയിക്കൊള്ളട്ടെ. നിങ്ങളെന്തിനാണ് ജെന്‍ഡര്‍ ഇല്ലായെന്ന് വരുത്തിത്തീർക്കാന്‍ ശ്രമിക്കുന്നത്. ഒരു തോട്ടക്കാരന്‍ തന്റെ ഉദ്യാനത്തിലെ ചെടികളെയെല്ലാം ഒരേ നിരപ്പില്‍ വെട്ടി ഒതുക്കുന്നതുപോലെ ജെന്‍ഡറിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. 

നമ്മുടെ പെരുമാറ്റം വരെ ലിംഗമനുസരിച്ച് വ്യത്യാസപ്പെടുന്നു. എല്ലാ ജെന്‍ഡറിനും തുല്യമായ അവകാശ അധികാരങ്ങളാണ് നല്‍കേണ്ടത്. അല്ലാതെ അതിനെ ന്യൂട്രലാക്കുകയല്ല വേണ്ടത്. അങ്ങനെ ഒരു സംഭാഷണം പോലും ശരിയല്ല എന്നതാണ് എന്റെ നിലപാട്. അല്ലാതെ മതം പറയുന്ന കാര്യത്തിലല്ല എന്റെയും എതിര്‍പ്പ്. ഇങ്ങനെ ചെയ്യുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കും. 

പാന്റ് ആണുങ്ങളുടെ വേഷമാണെന്നല്ല. ആദ്യത്തെ വസ്ത്രം ആണിനും പെണ്ണിനും പാവാടയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പാന്റ് പുരുഷ വേഷമാണെങ്കില്‍ പാവാടയും പുരുഷ വേഷമായിരുന്നു വെന്ന് പറയേണ്ടി വരും. ഇത് ഇന്നയാളുടെ വസ്ത്രം അങ്ങനെയൊന്നുമില്ല. അല്ലാതെ ജെന്‍ഡര്‍ എന്നത് സാമൂഹ്യ നിര്‍മിതിയല്ല. സമൂഹത്തിന് അതില്‍ പങ്കില്ലെന്നല്ല, അതിന് ജനിതകവും അവബോധവുമായുള്ള വലിയൊരു ഭാഗമുണ്ട്. 

മതം ഭക്ഷണത്തിലും, വസ്ത്രത്തിലും കടന്നുകയറിയ സമൂഹമാണ് നമ്മുടേത്, ഇപ്പോള്‍ ചിന്തകളിലും കടന്നുകയറുന്ന ഒന്നാണ് അതെന്ന് തോന്നിയിട്ടുണ്ടോ?

അതെ. നമ്മള്‍ എപ്പോഴും പരിശീലിക്കപ്പെട്ടവരാണ്. റെജിമെന്റഡാണ്, റെഗുലേറ്റഡാണ്. അപ്പോള്‍ സ്വാഭാവികമായും ചെയ്യേണ്ടതെന്താണെന്നാല്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ്. നിങ്ങള്‍ക്ക് പറയാനുള്ള കാര്യം ആരുപറയുമെന്നതാണ്. നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം പറയില്ല, നിങ്ങളുടെ പാര്‍ട്ടി പറയില്ല ആരും പറയില്ല. എങ്ങനെ വേണമെങ്കിലും ജീവിക്കാം. പക്ഷെ എങ്ങനെ ജീവിക്കണം, ജനിച്ചു, കുറെ ആശയങ്ങളുണ്ട്, ചിന്തകളുണ്ട്, എല്ലാം പക്ഷെ സമൂഹത്തിന്റെ പൊതു നിലപാടുമായി പൊരുത്തപ്പെടുന്നതായിരിക്കില്ല. പൊരുത്തപ്പെടുന്ന കാര്യങ്ങളുണ്ടല്ലോ, കുറെ വന്യമായ സ്വപ്നങ്ങളൊന്നും ഇറക്കിവെക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, സമൂഹത്തിന്റെ പൊതു ധാര്‍മികത, നമ്മുടെ ഭരണഘടനയില്‍ പറയുന്ന പബ്ലിക് മൊറാലിറ്റി, സാമൂഹ്യ ക്രമം ഇതിന് വിധേയമായി കാര്യങ്ങള്‍ അവതരിപ്പിക്കുക. അതിന് വലിയ മാര്‍ക്കറ്റുണ്ടാകില്ല. 

പക്ഷേ നമ്മള്‍ നമ്മളോട് ചെയ്യുന്ന, സ്വന്തം ഭാഗംപറയുന്നു എന്നതാണ്. നമ്മുടെ ഭാഗം നമ്മള്‍ പറയുന്നില്ല എന്നതാണ് ഒരു ട്രൈബല്‍ സൊസൈറ്റിയുടെ ഏറ്റവും വലിയ സ്വഭാവം. നമ്മള്‍ ചെയ്ത യുദ്ധങ്ങളൊന്നും നമ്മുടേതല്ല, പറഞ്ഞതൊന്നും നമ്മള്‍ക്ക് വേണ്ടിയായിരുന്നില്ല, ഇതിനെതിരായ ഒരു കലാപമാണ് സ്വതന്ത്രചിന്ത എന്ന് പറയുന്നത്. അത് എളുപ്പമാണെന്ന് ഞാന്‍ പറയുന്നില്ല. 

ഹൈലി ട്രെയിന്‍ഡ് ആയിട്ടുള്ള ഒരു സമൂഹത്തോട് സ്വതന്ത്ര ചിന്തകനെന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

നമ്മുടെ ബ്രെയിന്‍ എന്നത് മാറ്റങ്ങളെ പെട്ടെന്ന് അംഗീകരിക്കുന്ന ഒന്നല്ല. മാറ്റം വന്നാല്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്ന കാട്ടുമൃഗമാണ് നമ്മള്‍. ഈയൊരു ദൗര്‍ബല്യം ഉള്ളതുകൊണ്ടാണ് നമ്മുടെ വഴക്കങ്ങളും ശീലങ്ങളും കൈയൊഴിയാന്‍ മനുഷ്യന്‍ മടിക്കുന്നത്. ഒരോ കാര്യങ്ങൾ വരുമ്പോഴും അങ്ങനെയാണ്. പുസ്തകങ്ങള്‍ മാറിയിട്ട് ഡിജിറ്റല്‍ രീതിയിലേക്ക് വരുമ്പോള്‍ ഗൂഗിളിനെയും വിക്കിപീഡിയയെയും ഇകഴ്ത്തിയിട്ട് പുസ്തകങ്ങള്‍ വായിക്കെടാ എന്നാണ് പറയുന്നത്. 

പക്ഷേ, ഇത് പുറകോട്ട് നോക്കുകയാണെങ്കില്‍ ആദ്യം വായ്മൊഴിയായിരുന്നു. അന്ന് ആളുകള്‍ പറഞ്ഞിരുന്നു എല്ലാം ബ്രെയിനിലാണ് സൂക്ഷിക്കുന്നത് എന്ന്. അന്ന് ആളുകള്‍ വിവരങ്ങള്‍ കല്ലിലും പല്ലിലും ശിലയിലും സൂക്ഷിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നവരെ ഇകഴ്ത്തുമായിരുന്നു. കുറെ നാളുകഴിഞ്ഞ് താളിയോലകളും ചുരുളുകളും വന്നപ്പോഴും അതിനെയും ഇകഴ്ത്തി. അന്ന് കല്ലില്‍ കൊത്തിയതിനായിരുന്നു മഹത്വം. അത് കഴിഞ്ഞ കടലാസിന്റെ കാലമായി. അന്ന് താളിയോലകളെ മഹത്വവത്കരിച്ചു. പുസ്തകങ്ങള്‍ മാറി ഡിജിറ്റല്‍ ആയപ്പോള്‍ അതിനെയും ഇകഴ്ത്തി. 

ഏതെല്ലാം രീതിയില്‍ അറിവിനെ വിനിമയം ചെയ്താലും നമ്മുടെ മസ്തിഷ്‌കത്തിലാണ് അതിന്റെ തുടര്‍ ചിന്തകളുണ്ടാകുന്നതെന്ന് നമുക്കറിയാം. ഈയൊരി നിസാര കാര്യത്തെ മനസിലാക്കാതെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയും അസഹിഷ്ണുത കാട്ടുകയും അതിനെ എതിര്‍ക്കുകയും ചെയ്യുകയാണ്. എല്ലാ കാര്യങ്ങളും ഇങ്ങനാണ്. കംപ്യൂട്ടറിനെ എതിര്‍ത്തവര്‍ പിന്നീടതിനെ ഇട്ട് അമ്മാനമാടുന്നു. ഇതുപോര അടുത്തത് തരൂ എന്ന് ആവശ്യപ്പെടുന്നു. ആര്‍ട്ടിക്കിള്‍ 51എ എച്ചില്‍ പറയുന്ന പരിഷ്‌കരണ ത്വര നവീകരിക്കപ്പെടാം പരിഷ്‌കരിക്കപ്പെടാനുമുള്ള ആഗ്രഹം അത് സമൂഹത്തിനുണ്ടാകണം.

എല്ലാം സ്വീകരിക്കണമെന്നല്ല പറയുന്നത്. നമുക്ക് ഗുണകരമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. മൊബൈല്‍ ഫോണില്‍ കൂടി ആളിനെ വിളിച്ചു വരുത്തിയിട്ട് മെബൈല്‍ ടവറിനെതിരെ സമരം ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങള്‍, തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ യൂണിറ്റ് പോലും മൊബൈല്‍ ടവറിനെതിരെ സമരം ചെയ്യുന്നു. ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട് അയോണൈസിങ് റേഡിയേഷന്‍ നോണ്‍ അയോണൈസിങ് റേഡിയേഷന്‍ എന്നിങ്ങനെ. 

ഇത്തരം മാറ്റങ്ങളോട് ആദ്യം പൊരുത്തപ്പെടാന്‍ നമുക്ക് സാധിക്കില്ല. ഇപ്പോള്‍ ഇത്തരം സമരങ്ങള്‍ അധികം കേള്‍ക്കാനില്ല. എസ്സന്‍സ് പോലുള്ള പ്രസ്ഥാനങ്ങള്‍ വളരെ ന്യൂനപക്ഷമാണെങ്കിലും അവര്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ ചിന്തയ്ക്ക് കാരണമായി തീരുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ആശയങ്ങളാണ്. അത് ബുള്ളറ്റ് പ്രൂഫാണ്. മാറ്റം എന്നത് നൈസര്‍ഗികമായി ഉണ്ടാകുന്നില്ല. അത് ഉണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ വരും. 

എന്നാല്‍ കാലാന്തരത്തില്‍ മാറ്റം സംഭവിക്കും. എവരി ടൈം വീ ഹാവ് എ ബെറ്റര്‍ ഇക്വിലിബ്രിയം എന്നാണ്. പണ്ട് മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി ചാന്നാര്‍ ലഹള നടന്ന സമയത്ത് അവരെ കൂകി വിളിച്ചവരുണ്ട്. ആ ജനതയില്‍ നിന്നാണ് ഇപ്പോഴത്തെ ജനതയെത്തി നില്‍ക്കുന്നത്. പക്ഷെ അന്നതെ അവസ്ഥയല്ല ഇപ്പോഴത്തേത്. നമ്മളിപ്പോള്‍ കൂടുതല്‍ ചാക്കില്‍ കയറാന്‍ ശ്രമിക്കുകയാണ്. ഇതും തെറ്റാണ്, അതും തെറ്റാണ്. അത് ആശാസ്യമല്ല. മാറ്റങ്ങളുണ്ടാകുന്നില്ലെ എന്ന് ചോദിച്ചാല്‍ എങ്ങനെയാണ് അതുണ്ടാകുന്നത് എന്ന് പറയണം. 

ഞാനീ പറയുന്ന കാര്യങ്ങള്‍ എന്റെ ജീവിത കാലത്ത് ആരും അംഗീകരിച്ചില്ലെങ്കിലും നമ്മള്‍ ഒരു വിത്ത് ഇടുകയാണ്. അവയില്‍ പലതും അതിജീവന ശേഷിയുള്ളവയാണ്. മഴയും ഈര്‍പ്പവുമൊക്കെ വരുമ്പോള്‍ അത് വളര്‍ന്നുവരും. അങ്ങനെയൊരു പ്രതിക്ഷ ഉണ്ട്. നിലവിലുള്ള സമൂഹത്തില്‍ ഒരു മാറ്റം വരുത്തി എല്ലാം ശരിയാക്കും എന്നത് ഒരു ട്രൈബല്‍ വാദമാണ്. അത് രാഷ്ട്രീയ പാര്‍ട്ടികളുടേതാണ്. ഞങ്ങള്‍ക്കങ്ങനെ വാദമേയില്ല.