തെളിവിന്റെയും ശാസ്ത്രയുക്തിയുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന സ്വതന്ത്ര ചിന്തയേപ്പറ്റിയുള്ള തുറന്ന സംഭാഷണങ്ങളാണ് സി. രവിചന്ദ്രന്റേത്. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ചായാതെ, ചരിയാതെ, പക്ഷം പിടിക്കാതെ, എതെങ്കിലും പാര്‍ട്ടി, ജാതി, മതം, എന്തിനേറെ ഏതെങ്കിലും പത്രത്തിന്റെ പോലും സ്വാധീനമില്ലാതെ മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള സമൂഹത്തോടുള്ള സംവാദങ്ങളാണ് ഇദ്ദേഹത്തിന്റേത്. രവിചന്ദ്രനുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ചുവടെ.

മതപരമായ രീതിയില്‍ വളര്‍ന്നുവരുന്ന ആളുകളാണ് ഭൂരിപക്ഷവും. പിന്നീട് രാഷ്ട്രീയമായ സ്വാധീനത്തിലും എത്തപ്പെടും. അങ്ങനെയുള്ള സമൂഹത്തില്‍ സ്വതന്ത്രചിന്ത എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ നിരവധിയാണ്.  എങ്ങനെ അതിനെ മനസിലാക്കണം? 

സ്വതന്ത്രചിന്ത എന്ന് പറയുമ്പോള്‍ എല്ലാത്തരം വിശ്വാസങ്ങളില്‍ നിന്നുമുള്ള മോചനമെന്ന തരത്തിലാണ് നമ്മള്‍ ഉദ്ദേശിക്കുന്നതെങ്കിലും അത് ഒരു തുടര്‍പ്രവര്‍ത്തനമാണ്. അതിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അടിസ്ഥാനപരമായി ഇതൊരു മോചനമാണ്. അടിമയായിരുന്ന ഒന്നില്‍നിന്ന് പുറത്തുവരികയാണ്. മതത്തിന്റെ കാര്യത്തിലായാലും പാര്‍ട്ടിയുടെ കാര്യത്തിലായാലും മിക്കപ്പോഴും ഏതെങ്കിലും ഒന്നിലേക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ജാതി, മതം അങ്ങനെ ഒരുപാട് സങ്കല്‍പ്പങ്ങളുണ്ട്. ഇതില്‍നിന്നെല്ലാം പുറത്തുവരികയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഇതൊരു പ്രോസസ് ഓഫ് ലിബറേഷന്‍ ആണ്. അതായത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒന്ന്.

നമ്മുടെ ഉള്ളിലുണ്ടാകുന്ന ചിന്താപരമായ മാറ്റങ്ങള്‍, ബാഹ്യമായ പരിതസ്ഥിതികള്‍ ഇതൊക്കെയാണ് ഈ മാറ്റത്തിന് ഹേതുവായി തീരുക. ഇതിലേറ്റവും പ്രധാനം നമ്മുടെ ഉള്ളിലുണ്ടാകുന്ന കാര്യങ്ങളാണ്. കാരണം ഒരേ പരിതസ്ഥിതിയിലുള്ള വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്തമായാണ് പെരുമാറുന്നത്. സ്വാഭാവികമായും നമ്മുടെ ഉള്ളിലുള്ള ചില വിളക്കുകൾ തെളിയുന്നുവെന്നതാണ്. പലതരം സംശയങ്ങള്‍ വരുന്നു, പലതിനോടും നിഷേധം തോന്നുന്നു. അങ്ങനെ യുക്തിയധിഷ്ഠിതമായി, തെളിവധിഷ്ഠിതമായി, വസ്തുതകള്‍ക്ക് പിന്നാലെ പോവുകയാണെങ്കില്‍ മെല്ലെ മെല്ലെ ഊരിയിങ്ങുപോരും. ചില പ്രത്യേക സംഭവങ്ങള്‍ക്ക് ഇതില്‍ പ്രത്യേകമായ പ്രാധാന്യമുണ്ടാകാമെങ്കിലും ഒരു സ്വിച്ചിട്ടാല്‍ വെളിച്ചം വരുന്നതുപോലുള്ള ഒരു സംഭവമല്ല ഇത്. 

വിശ്വാസിയാകുന്നതുപോലെയല്ല ഒരവിശ്വാസി ആകുന്നത്. വിശ്വാസിയാകാന്‍ ഒന്നു രണ്ട് കഥ, അല്ലെങ്കില്‍ തെറ്റായ അനുഭവം, അല്ലെങ്കില്‍ ഒരനുഭവത്തെ തെറ്റായി വിലയിരുത്തല്‍. അങ്ങനെയാകുമ്പോള്‍ ആളുകള്‍ വിശ്വാസികളാകാറുണ്ട്. ഇത് കിണറ്റിലേക്ക് വിഴുന്നതുപോലെയാണെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഗ്രാവിറ്റി വില്‍ ഡൂ ദി റെസ്റ്റ്. പക്ഷെ, അതില്‍നിന്ന് പുറത്തുവരിക എന്നത് കിണറ്റില്‍നിന്ന് തിരികെ കയറുക എന്നതാണ്. അത് ഭയങ്കര ബുദ്ധിമുട്ടാണ്. കേറി വരുമ്പോള്‍ നമുക്ക് ഭയമുണ്ടാകും. താഴേക്ക് വീഴുമോ, പുറത്തെത്താന്‍ പറ്റുമോ തുടങ്ങിയ ഭീതികള്‍. അവിശ്വാസം എന്നത് നമ്മുടെ തലച്ചോര്‍ ഒരിക്കലും പിന്തുണയ്ക്കില്ല. നിങ്ങളൊരു എത്തിയിസ്റ്റാകണമെങ്കില്‍ സ്വന്തം തലച്ചോറുമായി നിങ്ങള്‍ക്ക് പലപ്പോഴും ഏറ്റുമുട്ടേണ്ടി വരും. അതുകൊണ്ട് കൂടുതല്‍ റിസോഴ്സ്ഫുള്ളായിരിക്കുക എന്നത് പരമപ്രധാനമാണ്. 

രാഷ്ട്രീയത്തില്‍ മതം ഇടപെട്ടുകൊണ്ടേയിരിക്കുന്ന കാലമാണ്. സ്വതന്ത്ര ചിന്ത ഇപ്പോഴും നിലനില്‍ക്കുന്നതെങ്ങനെ?

അതൊരിക്കലും എളുപ്പമല്ല. കാരണം നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ചായാതെ, ചരിയാതെ, പക്ഷം പിടിക്കാതെ, എതെങ്കിലും പാര്‍ട്ടി, ജാതി, മതം, എന്തിനേറെ ഏതെങ്കിലും പത്രത്തിന്റെ പോലും സ്വാധീനമില്ലാതെ മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ നാട്ടില്‍ രാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ അവര്‍ക്ക് തോന്നുന്ന ഒരു അനാഥത്വവും ആശങ്കയുമുണ്ടല്ലോ, ഇത് തന്നെയാണ് ആരുടെയും പക്ഷം പിടിക്കാതെ നില്‍ക്കുന്ന ഒരു പൗരന് പൊതുവെ നമ്മുടെ കേരള സമൂഹത്തില്‍ അനുഭവപ്പെടുക. 

ഒരാള്‍ക്ക് രണ്ട് രീതിയില്‍ ജീവിക്കാം. ഒന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടേതായ രീതിയില്‍ ജീവിക്കാം. സ്വന്തം ജീവിതം ജീവിക്കാം. ഇതില്‍ സ്വന്തം ജീവിതത്തിന് വേണ്ടി ജീവിക്കാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ മാത്രമേയുള്ളു. ഇതൊരിക്കലും എളുപ്പമല്ല. അങ്ങനെ എളുപ്പമാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ അതിന്റെ എണ്ണം വളരെ വളരെ കുറവാകുന്നത്. 

ഇപ്പോള്‍ കേരളത്തേപ്പറ്റി പരാമര്‍ശിച്ചല്ലോ. ഇവിടെ സ്വാഭാവികമായും രാഷ്ട്രീയമായ വിഭജനമുണ്ട്. അതിനൊപ്പം മതത്തിന്റെയും. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കേരളം എത്രത്തോളം വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടു?

കേരളത്തിന്റെ രാഷ്ട്രീയം തന്നെ കമ്മ്യൂണല്‍ ബാറ്റിങ്ങാണ്. പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളെ നോക്കുകയാണെങ്കില്‍ അവര്‍ ഏതെങ്കിലും മതത്തിന്റെ പിന്തുണയും ശേഷിയും ഉപയോഗിച്ചുകൊണ്ട് അവരുടെ അതിജീവനം ഉറപ്പുവരുത്തും. ചിലര്‍ ഭൂരിപക്ഷത്തെ പിന്തുണയ്ക്കുന്നു, ചിലര്‍ ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നു. എല്ലാ തീരുമാനങ്ങളും വരുന്നത് കമ്മ്യൂണലായ ബാറ്റിങ്ങാണ്. ആ വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്.  അടിമുടി തനി വര്‍ഗീയതയാണ് കേരളത്തിലെ രാഷ്ട്രീയം. മതേതര സ്വഭാവമുള്ള പാര്‍ട്ടികള്‍ കേരളത്തിലില്ല. പക്ഷെ, അവര്‍ അങ്ങനെ അവകാശപ്പെടും. മതേതര പാര്‍ട്ടിയാണെന്ന് എല്ലാവരും അവകാശപ്പെടും. സൂഷ്മമായി നോക്കിയാല്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയും മതേതരമല്ല. 

സജീവമായ ജനാധിപത്യ സംവിധാനമുള്ള സംസ്ഥാനമാണ് നമ്മുടേതെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരിക്കലും  ഇടമില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളാണ് സമീപ ദിവസങ്ങളില്‍ കേരളത്തില്‍ നടന്നത്. ആലപ്പുഴയിലേത് ഉള്‍പ്പെടെ. ഇത്രയും സജീവമായ ഒരു ജനാധിപത്യമെന്ന് നമ്മള്‍ കൊട്ടി ഘോഷിക്കുമ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ജനാധിപത്യം ഇവിടെയുണ്ട് എന്നതുപോലും ഒരു അവകാശവാദമാണ്. കാരണം മറ്റ് രാജ്യങ്ങളിലൊക്കെ പാര്‍ട്ടികള്‍ മാറി പുതിയ പാര്‍ട്ടികള്‍ വരുന്നു. നിലവിലുള്ളത് മാറിയിട്ട് പുതിയ ഗവണ്‍മെന്റുകള്‍ തിരഞ്ഞെടുക്കപ്പെടുന്നു. കേരളത്തിന്റെ കാര്യം നോക്ക്, ഒരു ഫിക്സഡ് പാറ്റേണ്‍ പോലെ അടിമകള്‍ പ്രതികരിക്കുന്നതുപോലെ അതേ രീതിയില്‍ വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞാല്‍ അന്വേഷണം വരുന്നു. ഭയങ്കര പ്രശ്നങ്ങളൊക്കെയാണ്. വോട്ട് മാറി ചെയ്യുന്നുവെന്നത് വലിയ കുറ്റമാണ്. 

ജനാധിപത്യത്തില്‍ എന്തിനാണ് വോട്ട് രേഖപ്പെടുത്തുന്നത്. അത് മാറി ചെയ്യാന്‍ വേണ്ടി കൂടിയാണ്. പാര്‍ട്ടി കുടുംബം, പാര്‍ട്ടി രീതിയില്‍ വോട്ട് ചെയ്യുക, വോട്ട് മാറി ചെയ്താല്‍ കുറ്റം. നിങ്ങള്‍ മാധ്യമങ്ങള്‍ പോലും പറയാറില്ലെ അടിയൊഴുക്കുകള്‍ ഉണ്ടായി, വോട്ടുകള്‍ മറിഞ്ഞിട്ടുണ്ട് എന്നൊക്കെ. ഇങ്ങനെ വോട്ട് മറിയാനായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടുകള്‍ മറിയാനും ആശയങ്ങള്‍ തമ്മില്‍ കലരാനും പുതിയ പുതിയ കാര്യങ്ങള്‍ ഉണ്ടാകാനും വേണ്ടിയാണ് ജനാധിപത്യം ഉണ്ടാകേണ്ടത്. പക്ഷെ ഇവിടെയെന്താണ്? ജനാധിപത്യത്തിന്റെ അന്തഃസത്തയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ നിരന്തരം മാറിയും മറിഞ്ഞും വന്നുകൊണ്ടിരിക്കുകയാണ്. വേറൊരു ഗ്രൂപ്പിനെ വരാന്‍ അനുവദിക്കുന്നില്ല. അങ്ങനെ നോക്കിയാല്‍ ജനാധിപത്യമെന്ന അര്‍ഥത്തില്‍ നോക്കിയാല്‍ അതില്ല. 

പിന്നെ, രാഷ്ട്രീയ കൊലപാതകത്തെപ്പറ്റി. ഇത് ബേസിക്കലി ട്രൈബലിസമാണ്. നമ്മുടെ പ്രധാനപ്പെട്ട മതങ്ങളിലെല്ലാം തന്നെ അക്രമിസംഘങ്ങളും വയലന്‍സും എല്ലാമുണ്ട്. ഈയൊരു രീതിയാണ് രാഷ്ട്രീയത്തിലും. ഞാന്‍ കോളേജില്‍ കാണാറുണ്ട്. കുട്ടികളൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലു തുടങ്ങുകയാണ്. തലയടിച്ച് പൊട്ടിക്കുക. എന്തിനാണെന്ന് ചോദിച്ചാല്‍ അവര്‍ക്കറിയില്ല. രാഷ്ട്രീയമെന്ന് പറയുന്നതുപോലും അവര്‍ക്ക് അജ്ഞാതമാണ്. 

വില്യം ഗോള്‍ഡിങ്ങിന്റെ ലോര്‍ഡ് ഓഫ് ഫ്ളൈസ് എന്ന നോവലിൽ ഒരു ദ്വീപില്‍ എത്തപ്പെടുന്ന കുട്ടികള്‍ എങ്ങനെയാണ് വളരെ പ്രിമിറ്റീവായ പ്രാകൃതമായ രീതിയിലേക്ക് പോയി പരസ്പരം തല്ലിക്കൊല്ലുന്നതെന്നും പകയും വെറുപ്പുമൊക്കെ ഉണ്ടാകുന്നതെന്നും വിവരിക്കുന്നുണ്ട്. വി ആര്‍ കേപ്പബിള്‍ ഓഫ് ഡൂയിങ് ദാറ്റ്. ഈ സാധനമാണ് കലാലയങ്ങളിലും മറ്റും കുട്ടികളെയും ആളുകളെയും ഉത്തേജിപ്പിക്കുന്നത്. ആ ഒരു ട്രൈബലിസം, ഗോത്രീയത. അതായത് നമ്മുടെ ഇന്‍ഗ്രൂപ്പ് ലോയലിറ്റിയും ഔട്ട് ഗ്രൂപ്പ് ഹോസ്റ്റിലിറ്റിയും. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. അതിനെ ജനാധിപത്യമെന്ന്  വിളിക്കാനാകില്ല. ട്രൈബലിസം ജനാധിപത്യത്തിന്റെ ഭാഗമല്ല.

രാഷ്ട്രീയത്തിന്റെ വിഷയത്തിലേക്ക് വരാം. ക്ലാസിക്കല്‍ ഫാസിസമെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്ന രണ്ട് രാജ്യങ്ങളാണ് ജര്‍മനിയും ഇറ്റലിയും. ഹിറ്റ്ലര്‍ വീണപ്പോള്‍ ജര്‍മനിയിലും  മുസോളിനി വീണപ്പോള്‍ ഇറ്റലിയിലും ഫാസിസം തകര്‍ന്നു? ഇന്ത്യയുടെ സാഹചര്യം എന്താണ്?

ഇറ്റലിയിലും ജര്‍മനിയിലും ഉണ്ടായിരുന്നതുപോലെ ലോകത്തെവിടെയും ഇനി ഫാസിസം ഉണ്ടാകില്ല. കാരണം അതിന്റെ ജിയോ പൊളിറ്റിക്കല്‍ ലാന്‍ഡ് സ്‌കേപ്പ് മൊത്തത്തില്‍ മാറിയിട്ടുണ്ട്. ഒരു തനി ഫാസിസ്റ്റ് കക്ഷിക്ക് ഇന്നിപ്പോള്‍ അതിജീവിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കമ്മ്യൂണിസവും പറഞ്ഞുകൊണ്ട് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ?  അതിഭീകരമായ രീതിയില്‍ കോംപ്രമൈസ് ചെയ്ത് ഒരു ചൈനീസ് ലൈനിലൊക്കെ പോകേണ്ടി വരും. ആശയപരമായി ഫാസിസത്തിന് ഇനിയൊരു സാധ്യതയുമില്ല. പണ്ടത്തെ കണക്കല്ല. ഒരു ഹിറ്റ്ലറോ മുസോളിനിയോ ഇനി ആവര്‍ത്തിക്കുക അസാധ്യമാണ്. പിന്നെ ഈ ഫാസിസത്തിന്റെ എലമെന്റുകളാണ്. അത് ഒരു പാര്‍ട്ടി സെക്രട്ടറി മുതല്‍ അങ്ങ് പ്രധാനമന്ത്രി വരെ വരാം. 

അതായത് അന്യന്റെ അഭിപ്രായങ്ങളെ അവമതിച്ചുകൊണ്ടുള്ള ഒരു ഭൂരിപക്ഷ ഭീകരത. ഇന്ത്യയില്‍ ഇപ്പോള്‍ രാഷ്ട്രീയം മൊത്തത്തില്‍ മതപരമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് ഉള്ളത്. പക്ഷെ ഇത് ഇന്ന് നടന്നതല്ല. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ പോലും മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരം പോലും മതവികാരം വൃണപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണ്. പശുവിന്റെ കൊഴുപ്പും പന്നിയുടെ കൊഴുപ്പും തിരകളിലുപയോഗിച്ചതാണല്ലൊ പ്രശ്നം. അതിന് ശേഷമുള്ള ബാലഗംഗാധര തിലകന്റെ രാഷ്ട്രീയം, ഗാന്ധിയന്‍ പൊളിറ്റിക്സ്, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, റിസര്‍വേഷന്‍, പിന്നെ ഇന്ത്യ വിഭജിക്കപ്പെടുന്നതുപോലും മതപരമായിട്ടാണ്. 

അതിന് ശേഷമുള്ള പ്രധാന സംഭവങ്ങള്‍ നോക്കു, 1960-കളിലെ പശു, ബാബറി മസ്ജിദ്, സിഖ് കലാപം, ഗുജറാത്ത് കലാപം, ഷബാനു കേസ്, അവസാനം കര്‍ഷക സമരം വരെ. ഓരോ സംഭവങ്ങളും നോക്കൂ. ഇതെല്ലാം ആക്ച്വലി ഡിക്ടേറ്റഡ് ബൈ റിലീജിയന്‍ ആണ്. ഏതെങ്കിലും ഒരു മതം ചെയ്യുന്ന പരിപാടിക്ക് ഒരു കൊടിയും കെട്ടി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്ന പരിപാടി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ളു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ന് ഒരു സമരവും നടത്താനുള്ള ശേഷിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു വലിയ സമരം കേരളത്തില്‍ നടന്നത് ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിവാദത്തിലാണ്. സെക്രട്ടേറിയേറ്റ് വളയലൊക്കെ നടന്നത്. പക്ഷെ, ഒരു ദിവസം പോലും നിന്നില്ല അത്. 

പക്ഷെ, മതവും ജാതിയുമൊക്കെയാണ് അതിന് പിന്നിലെങ്കില്‍ അവരത് ഒരുവര്‍ഷമൊ രണ്ട് വര്‍ഷമൊ ഒക്കെ ജ്വലിപ്പിച്ച് നിര്‍ത്തും. പുറത്തുനിന്നും അകത്തുനിന്നും പിന്തുണ വരും. മതമാണ് സത്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ആ തരത്തില്‍ നോക്കിയാല്‍ ഇന്ത്യയില്‍ നിങ്ങളീപറയുന്ന ഭൂരിപക്ഷ ഭീകരത, അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മതപാര്‍ട്ടി അധികാരത്തില്‍ വരുന്ന പ്രവണത നില്‍ക്കാനുള്ള സാധ്യത കുറവാണ്. ഇതിപ്പോള്‍ മോദി പോയിക്കഴിഞ്ഞാല്‍ യോഗി വരും. യോഗി പോയിക്കഴിഞ്ഞാല്‍ വേറൊരാൾ വരും. ഒരാള്‍ മാറിയതുകൊണ്ട് ഈയൊരു സംഗതി ഇല്ലാതാകുന്നില്ല. മതപരമായ വിഭജനമാണെങ്കില്‍ ഭൂരിപക്ഷ മതം പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാകും സാധ്യത. ഒരു തിരഞ്ഞെടുപ്പ് തോറ്റാലും അവര്‍ തിരികെ വരും. കാരണം, മതത്തിന്റെ പേരില്‍ നമ്മള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. 

അപ്പോള്‍ ഇന്ത്യ രാഷ്ട്രീയ ഫാസിസത്തിനപ്പുറം മത ഫാസിസത്തിലേക്ക് പോവുകയാണെന്നാണോ താങ്കള്‍ അഭിപ്രായപ്പെടുന്നത്? 

മതാടിസ്ഥാനത്തിലുള്ള ജനാധിപത്യമാണ് നമ്മുടേത്. പക്ഷെ നമ്മളത് അംഗീകരിക്കാന്‍ തയ്യാറല്ല. നമ്മള്‍ മാത്രമാണ് ഇതെന്തോ വലിയ സംഭവമാണെന്ന് കരുതുന്നത്. ഇവിടുത്തെ പാര്‍ട്ടികളെ നോക്കുക, ഏതെങ്കിലുമൊരു മതം, അല്ലെങ്കില്‍ ജാതിയുടെ പിന്തുണയുള്ളവരാണ്. അതിനങ്ങ് ഉത്തര്‍പ്രദേശിലൊങ്ങും പോകേണ്ടതില്ല. എവിടെ നോക്കിയാലും കാണാം. ഇനി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ല. ഇനി വരാന്‍ പോകുന്നത് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെങ്കിലും ശക്തമായ മതത്തിന്റെയോ ജാതിയുടേയോ ഗോത്രത്തിന്റെയോ ഒക്കെ ബി ടീമായി മാറുക എന്നതാകും. ആ സ്പേസ് അവര്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. 

ഇതിനൊരു ഉദാഹരണം പറയാം. മദര്‍ തെരേസയുടെ ട്രസ്റ്റിന് വിദേശ നാണ്യ വിനിമയത്തിനുള്ള അനുമതി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവര്‍ സമര്‍പ്പിച്ച രേഖകളില്‍ ചിലത് ശരിയല്ല എന്നകാരണം കൊണ്ടാണ് അപേക്ഷ തിരസ്‌കരിക്കപ്പെട്ടത്. 31-ന് ശേഷം വീണ്ടും അപേക്ഷ കൊടുക്കാന്‍ വേണ്ടി പറഞ്ഞ ആ വിഷയത്തില്‍ പെട്ടെന്ന് ഈയൊരു തുമ്പ് കിട്ടിയപ്പോഴേക്കും എല്ലാ പാര്‍ട്ടികളും ഇവര്‍ക്ക് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങി. മമത ബാനര്‍ജി പറഞ്ഞു, ഇത് ഭയങ്കര കൊടും ക്രൂരതയാണ്. സി.പി.എമ്മിലെ സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസിലെ ചിദംബരവും ഒക്കെ രംഗത്ത് വന്നു. ഇവരെല്ലാം ആ വിവരം എന്താണ് എന്ന് അറിയുന്നതിന് മുന്നെ തന്നെ അതിനെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. 

യഥാര്‍ഥത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിയാണ് ശരിക്കും അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അപ്പോള്‍ വസ്തുതകള്‍ പോലും നോക്കാതെ ഏറ്റവും ക്രൂരമായ ക്രിസ്മസ് സമ്മാനം എന്നൊക്കെയാണ് പറയുന്നത്. ഇതാണ് നടക്കുന്നത്. ഏതെങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ അതിലേക്ക് തിരുകിക്കയറ്റി കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നു. ക്രിസ്ത്യാനികളെ മുഴുവന്‍ പീഡിപ്പിക്കുന്നുവെന്ന വികാരമുണ്ടാക്കുന്നു. മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു, ഹിന്ദുക്കളെ പീഡിപ്പിക്കുന്നു. ഇതൊക്കെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. ഇതല്ലാതെ വേറൊന്നും ചെയ്യുന്നില്ല. 

ഇതൊരു വലിയ ഭീതിജനകമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. മാധ്യമങ്ങളെ നോക്കൂ, മാധ്യമങ്ങള്‍ ആരെയാണ് പേടിക്കുന്നത്? എഡിറ്റ് ചെയ്തുകളയുന്ന വരികൾ മതത്തിന് എതിരായതാണ്. ഒഴിവാക്കുന്ന വിഷ്വലുകളും  മതത്തിന് എതിരായവയാണ്. പത്രത്തിലായാലും പാര്‍ട്ടിയിലായാലും ഒരു താലിബാന്‍ മോഡലാണ് ഇവിടെയുള്ളത്. അവരെപ്പോലെ കൈവെട്ടും കാലുവെട്ടും അധികമില്ലാത്തതുകൊണ്ട് നമ്മള്‍ വിചാരിക്കുന്നു എന്തോ വലിയ പ്രബുദ്ധമായ ജനാധിപത്യമാണ് നമ്മുടേത് എന്ന്. നമ്മള്‍ ഭയങ്കരമായ മതാത്മകമായ രാഷ്ട്രീയത്തിലാണ് ഉള്ളത്. 

(തുടരും)