നോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമായിരുന്നു കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ കുറച്ചുനാളായി മഴയൊന്ന് ശക്തിയോടെ പെയ്താല്‍ വീട്ടുമുറ്റത്ത് വെളളമുയരുന്നതിനൊപ്പം മലയാളിയുടെ നെഞ്ചിടിപ്പുമുയരും. വര്‍ഷകാലത്തില്‍ പ്രളയത്തെ മുന്‍കൂട്ടി കണ്ട് തയ്യാറെടുക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് മലയാളി പഠിച്ചുകഴിഞ്ഞു. ന്യൂനമര്‍ദവും റെഡ് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമെല്ലാം പതിവുശീലങ്ങളായി തുടങ്ങി. കേരളത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന കാലാവസ്ഥാ സുരക്ഷിതത്വം ഇനിയുണ്ടാകില്ലെന്നുളളത് യാഥാര്‍ഥ്യമാണെന്ന് പറയുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ കെ.സഹദേവന്‍ .ആഗോളതലത്തിലുണ്ടായ കാലവസ്ഥാ വ്യതിയാനം ഇന്ത്യയുടെ തെക്കേയറ്റത്തുകിടക്കുന്ന ഈ കൊച്ചുകേരളത്തെ എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ മുന്നറിയിപ്പായി വേണം കാലവസ്ഥാ മാറ്റങ്ങളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തിന്റെ വിശേഷണം, മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടം. പക്ഷേ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളം ഭയപ്പാടിലാണ്. കാലം തെറ്റിപ്പെയ്യുന്ന മഴ, പ്രളയം, കടുത്ത ചൂട്, ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാലാവസ്ഥയെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? 

നാളിതുവരെ കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന കാലാവസ്ഥാ സുരക്ഷിതത്വം ഇനിയങ്ങോട്ട് ഉണ്ടാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ഇനിയങ്ങോട്ട് കേരളത്തില്‍ നിത്യസംഭവങ്ങളായി മാറും. ഇത് ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടായി വന്ന മാറ്റം തന്നെയാണ്. കഴിഞ്ഞ അരനൂറ്റാണ്ട് കാലയളവില്‍ ആഗോള ശരാശരിയിലും കൂടിയ താപവര്‍ദ്ധനവാണ് ഇന്ത്യന്‍ സമുദ്രമേഖലയില്‍ സംഭവിച്ചിരിക്കുന്നത്. ഇത് സമുദ്ര ജല താപനത്തിലും വര്‍ദ്ധനവ് സൃഷ്ടിച്ചു. അറബിക്കടലിന്റെ ഉപരിതല ഊഷ്മാവ് 28 ഡിഗ്രി ആയി ഉയര്‍ന്നുവെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ അതി തീവ്ര ചുഴലിക്കാറ്റുകളുടെയും കടല്‍ക്ഷോഭങ്ങളുടെയും ആവൃത്തിയില്‍ വലിയ വര്‍ദ്ധനവാണ് സംഭവിക്കുവാന്‍ പോകുന്നത്.  താപനിലയിലെ ഈ വര്‍ദ്ധനവ് ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്നത് മാത്രമല്ല, മഴപ്പെയ്ത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ഒരു സീസണില്‍ പെയ്യേണ്ടുന്ന മഴ ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പെയ്ത് തീര്‍ത്തേക്കാം. പശ്ചിമഘട്ടത്തിലടക്കം പെയ്യുന്ന അതിതീവ്ര മഴയില്‍ മൂന്നിരട്ടി വര്‍ദ്ധനവെങ്കിലും സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഴയുടെ അളവില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഉരുള്‍പൊട്ടല്‍, കടുത്ത വരള്‍ച്ച തുടങ്ങിയ പ്രതിസന്ധികളിലേക്കും കൊണ്ടുചെന്നെത്തിക്കും. 2018ലും 19ലും കേരളത്തിന്റെ പശ്ചിമഘട്ടത്തിലുടനീളം ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതുപോലെത്തന്നെ കേരളത്തിന്റെ വിവിധ ജില്ലകള്‍ വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ തന്നെ കടുത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതും നാം കാണുന്നു. ഇവയൊക്കെ സൂചിപ്പിക്കുന്നത്, കേരളത്തില്‍ കാലാകാലങ്ങളായി നാം അനുഭവിച്ചുപോരുന്ന കാലാവസ്ഥാ സുരക്ഷിതത്വം നമുക്ക് നഷ്ടമായിക്കഴിഞ്ഞു എന്നാണ്.

മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി അടിക്കടി ന്യൂനമര്‍ദങ്ങള്‍ നാം അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയുണ്ട്. ഇതേ തുടര്‍ന്നുണ്ടാകുന്ന ചുഴലിക്കാറ്റും കനത്തമഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ഇതിനെ കൂട്ടിവായിക്കാമോ?

അതിതീവ്രമഴ, ചുഴലിക്കൊടുങ്കാറ്റ്, ഹിമ തടാക വിസ്‌ഫോടനം, മേഘ വിസ്‌ഫോടനം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ആവൃത്തിയിലും തീവ്രതയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം കാര്യമല്ല. ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനം എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക-ഉത്പാദന മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ രൂക്ഷമാണ്. ഓരോ വര്‍ഷം കൂടുന്തോറും സമ്പദ്‌വ്യവസ്ഥയില്‍ അവയുണ്ടാക്കുന്ന ആഘാതം വര്‍ദ്ധിച്ചുവരികയാണ്. 

കാലാവസ്ഥാ വ്യതിയാനവുമായിട്ടുതന്നെയാണ് ഇവയ്ക്കുള്ള ബന്ധം. മണ്‍സൂണ്‍ കാലത്തിന് ശേഷം അറബിക്കടലില്‍ തീവ്ര സ്വഭാവമുള്ള കൊടുങ്കാറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടുണ്ട്. 2015 തൊട്ട് ഈ പ്രവചനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാം. 

2018, 2019 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ മഴപ്പെയ്ത്തില്‍ കൂടുതല്‍ പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. ഈ വര്‍ഷങ്ങളിലെ മഴപ്പെയ്ത്തിനെ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ അവ തമ്മിലും വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്താം. അതിവൃഷ്ടിയും പ്രളയദുരിതങ്ങളും ഏറ്റവും കൂടുതല്‍ സംഭവിച്ചത് 2018ലെ മഴക്കാലത്തായിരുന്നുവെങ്കിലും മഴയുടെ പെയ്ത്തില്‍ സംഭവിച്ച വര്‍ദ്ധനവിനെ അടിസ്ഥാനമാക്കുകയാണെങ്കില്‍ 2019ല്‍ അതിവൃഷ്ടിയുടെ തോത് വലുതായിരുന്നു. മേഘവിസ്‌ഫോടനം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളോട് (ഒരു മണിക്കൂറില്‍ 10സെന്റീമീറ്ററില്‍ കൂടിയ മഴ കുറഞ്ഞ പ്രദേശത്ത് ലഭിക്കുന്നത്) അടുത്തുനില്‍ക്കുന്ന സംഭവങ്ങള്‍ ഈ വര്‍ഷത്തില്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. മഴപ്പെയ്ത്തിലെ ഈ മാറ്റങ്ങളെ ഗൗരവത്തോടെ കാണാന്‍ നമുക്ക് സാധിക്കേണ്ടതാണ്. കാലവര്‍ഷം പിന്‍വാങ്ങുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന അതിവൃഷ്ടിയും ന്യൂനമര്‍ദ്ദങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍ തന്നെയാണ്. അതിവൃഷ്ടിയും പ്രളയവും ഏതോ വിദൂര പ്രദേശങ്ങളിലെ പ്രശ്‌നങ്ങളായി കണ്ടുകൊണ്ട് അലസ സമീപനം സ്വീകരിക്കാന്‍ നമുക്ക് ഇനിയും സാധ്യമല്ല.


ആയിരം വര്‍ഷത്തിനിടയിലെ കനത്തമഴയാണ് കഴിഞ്ഞ ജൂലായില്‍ ചൈന അഭിമുഖീകരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.ഇപ്പോഴും ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയില്‍ കനത്തമഴ തുടരുകയാണ്. 1.76 ദശലക്ഷം പേരാണ് മഴയില്‍ കഷ്ടത അനുഭവിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു, ഹെക്ടറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പായാണോ ഇതിനെ കണക്കാക്കേണ്ടത് ?

അതി തീവ്ര കാലാവസ്ഥാ സംഭവങ്ങളില്‍ നിന്ന് ഇനി ഒരു രാജ്യവും സുരക്ഷിതമല്ല എന്നതാണ് ചൈനയിലും ജര്‍മ്മനിയിലും അമേരിക്കയിലും ഒക്കെ അടുത്ത കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലും ബെല്‍ജിയത്തിലും ഉണ്ടായ അതിതീവ്ര മഴയില്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചനാതീതമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ജര്‍മ്മനി പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൂടുതലുള്ള ഒരു രാജ്യത്ത് സംഭവിച്ച ഇത്രയധികം മരണങ്ങള്‍ക്ക് കാരണം. ചൈന അടക്കമുള്ള ഏഷ്യന്‍, തെക്കനേഷ്യന്‍ രാജ്യങ്ങളെ കാലാവസ്ഥാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിക്കാന്‍ പോകുന്നതേയുള്ളൂ. കാലാവസ്ഥാ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ അടുത്ത ഏതാനും ദശകങ്ങളില്‍ വലിയ വര്‍ദ്ധനവ് സംഭവിക്കും. ബംഗ്ലാദേശ്, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടല്‍ കയറ്റത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും രൂക്ഷത അനുഭവിക്കേണ്ടിവരും. കാലാവസ്ഥയില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയെ, പ്രത്യേകിച്ചും നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളെ, കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കും. കഴിഞ്ഞ ഏതാനും ദശകങ്ങളായി കാലാവസ്ഥയിലെ ഈ മാറ്റങ്ങള്‍ പ്രകടമാണെങ്കിലും ഇതിനെ ഒരു മുന്നറിയിപ്പായി കണക്കാക്കുവാന്‍ നാം തയ്യാറായിട്ടില്ല. മഴ പെയ്യുമ്പോള്‍ മഴയെക്കുറിച്ചും ജലക്ഷാമം അനുഭവിക്കുമ്പോള്‍ വരള്‍ച്ചയെക്കുറിച്ചും മാത്രം ചിന്തിക്കുക എന്നതാണ് നമ്മുടെ ശീലം. ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ, കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചോ ഗൗരവമായി കണക്കിലെടുക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.

ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ കടല്‍ കരയിലേക്ക് കയറുമെന്ന് ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഐപിസിസി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പടിഞ്ഞാറ് അതിര് അറബിക്കടലായ കേരളത്തെ ഇത് എങ്ങനെയാണ് ബാധിക്കുക? 

കടല്‍ക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കേരളം അടുത്തകാലത്ത് മാത്രമാണ് കൂടുതല്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇതിന് കാരണം 2018ലെ പ്രളയം കേരളത്തിലെ നഗര ജീവിതത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു എന്നതാണ്. നഗരജീവിതത്തിന്റെ സുരക്ഷിതത്വത്തില്‍ കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും തീരപ്രദേശങ്ങളിലും കായല്‍നിലങ്ങളിലും കാടിനോട് ചേര്‍ന്നും ജീവിച്ചുപോരുന്ന പാരിസ്ഥിതിക സമൂഹങ്ങള്‍ (ecosystem people) ഏറെക്കാലങ്ങളായി അനുഭവിച്ചുപോരുന്ന ദുരിതങ്ങളെ മനസ്സിലാക്കുവാനോ അവരുടെ മുന്നറിയിപ്പുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനോ നാം തയ്യാറായില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ തീരദേശ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കടല്‍കയറ്റവും സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളി സമൂഹം വളരെക്കാലമായി നല്‍കിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 15% മാത്രം വരുന്ന തീരമേഖലയിലാണ് ജനസംഖ്യയുടെ 30%വും അധിവസിക്കുന്നതെന്ന വസ്തുതയെ നാം കാര്യമായി പരിഗണിക്കുന്നില്ല. ജനസാന്ദ്രതയുടെ കാര്യത്തില്‍ കേരളത്തിന്റെ ഇതര  പ്രദേശങ്ങളേക്കാള്‍ 2.5 ഇരട്ടിയാണ് തീരദേശ മേഖലയില്‍. അതുകൊണ്ടുതന്നെ കടല്‍ക്ഷോഭം, തീരശോഷണം, കടല്‍ കയറല്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ ദുരിതമയമാക്കും. 

സമുദ്ര നിരപ്പില്‍ സംഭവിക്കുന്ന വര്‍ദ്ധനവ്, കരയിലേക്കുള്ള കടല്‍ കയറ്റത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊച്ചി അടക്കമുള്ള നഗരങ്ങള്‍ കടല്‍കയറ്റത്തിന്റെ തീവ്രത അനുഭവിക്കാന്‍ പോകുകയാണെന്നാണ് മുന്നറിയിപ്പ്. ഇതര തീരദേശ സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി വിശാലമായ കടല്‍ത്തീരമുണ്ടായിരുന്ന കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായെങ്കിലുമായി നാം നടത്തിവരുന്ന അശാസ്ത്രീയമായ വികസന പദ്ധതികളും തീരപരിപാലന നടപടികളും മൂലം നമ്മുടെ തീരമേഖല നാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തീരസ്ഥിരത നഷ്ടപ്പെട്ട കേരളത്തിന്റെ കടല്‍ത്തീരം അറബിക്കടലില്‍ സംഭവിക്കുന്ന ഏതുവിധത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളുടെയും ഏറ്റവും അടുത്ത ഇരകളായിരിക്കും. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ കൂടുതല്‍ വള്‍നറബ്ള്‍ ആയ അവസ്ഥയിലാണ്.  ആയിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള കുട്ടനാടിന്റെ മൂന്നിലൊന്ന് സമുദ്ര നിരപ്പിന് താഴെയാണുള്ളതെന്നത് കടല്‍ കയറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

തീരമേഖലയൂടെ പാരിസ്ഥിതിക സുസ്ഥിരത കണക്കിലെടുക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (തീരപരിപാലനം ഉദ്ദേശിച്ചുകൊണ്ടുള്ള പുലിമുട്ടുകളുടെ നിര്‍മ്മാണം അടക്കം) കേരളത്തിന്റെ തീരമേഖലയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നതേയുള്ളൂ. ഇന്ത്യയില്‍ത്തന്നെ ഏറ്റവും  കൂടുതല്‍ മത്സ്യബന്ധനം നടക്കുന്ന കേരളത്തിന്റെ തീരപ്രദേശത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവനും ജീവനോപാധികള്‍ക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

കാലിഫോര്‍ണിയയില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ആമസോണ്‍ നിന്നുകത്തുന്നതും കഴിഞ്ഞ വര്‍ഷം നാം കണ്ടു. പ്രകൃതി പലതരത്തിലാണ് നമ്മോട് പ്രതികരിക്കുന്നത്. ചില രാജ്യങ്ങള്‍ കനത്തമഴയില്‍ മുങ്ങുമ്പോള്‍ അവശേഷിക്കുന്ന കാടകങ്ങള്‍ കത്തുകയാണ്..

കാട്ടു തീ, ചുഴലിക്കൊടുങ്കാറ്റുകള്‍, അതിവൃഷ്ടി, മേഘവിസ്‌ഫോടനം, മഞ്ഞുപാളികളുടെ നാശം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെയും അത്തരം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിച്ച മനുഷ്യ ജന്യ കാരണങ്ങളെക്കുറിച്ചും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് പോകാന്‍ കഴിയുന്ന ദൂരം എത്തിക്കഴിഞ്ഞുവെന്നാണ് ഈ സൂചനകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകളെ മനസ്സിലാക്കാതെ നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധികളെ സാങ്കേതികമായ പരിഹാരങ്ങളിലൂടെ മറികടക്കാം എന്ന തെറ്റുദ്ധാരണയാണ് ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയ ഭരണകൂടങ്ങള്‍ സൂക്ഷിക്കുന്നത്. പ്രകൃതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒരു ജീവജാതി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മനുഷ്യനെത്തന്നെയായിരിക്കും. കാരണം, പ്രകൃതിയുടെ സ്വാഭാവിക താളത്തില്‍ നിന്ന് ഭിന്നമായൊരു ജീവിതശൈലി കെട്ടിപ്പൊക്കിയെന്ന് നാം അവകാശപ്പെടുമ്പോഴും അടിസ്ഥാനപരമായി പ്രകൃതി വിഭവങ്ങളെയും ഭൂമിയിലെ കാലാവസ്ഥയെയും ആധാരമാക്കിയാണ് മനുഷ്യന്റെ നിലനില്‍പ് സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയിലും സംഭവവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ മനുഷ്യന്റെ സാമൂഹ്യജീവിത സംഘാടനത്തെയും സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകളെ കണക്കിലെടുത്തുകൊണ്ട് പ്രകൃതിയിന്മേലുള്ള മനുഷ്യ ഇടപെടലുകളില്‍ മാറ്റം വരുത്താതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. പ്രകൃതിക്ക് നേരെ സഹസ്രാബ്ദങ്ങളായി നടത്തിപ്പോരുന്ന യുദ്ധത്തില്‍ ജയം കൈവരിക്കാന്‍ മനുഷ്യന് സാധിക്കില്ലെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുനോക്കിയാല്‍ പ്രളയവും ചൂടുമെല്ലാം കൂടുകയാണ്. പ്രളയം കേരളത്തിന് ഒരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും? 

കേരളത്തിന്റെ മഴപ്പെയ്ത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നത് നേരത്തെ സൂചിപ്പിച്ച കാര്യമാണ്. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ കിഴക്കന്‍ തീരപ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനങ്ങളുടേത് പോലെ പ്രളയക്കെടുതികള്‍ വര്‍ഷാവര്‍ഷം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി കേരള സമൂഹവും മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണത്തില്‍ 52ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഈയൊരു പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉള്ള മുന്നറിയിപ്പും കേരളത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും.

അതേസമയം, കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ പ്രളയരൂപത്തില്‍ മാത്രമായിരിക്കില്ലെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. വരള്‍ച്ച, ജലക്ഷാമം തുടങ്ങിയ അവസ്ഥയെയും നമുക്ക് പ്രതീക്ഷിക്കേണ്ടതുണ്ട്. വരള്‍ച്ച കൂടിയ കാലങ്ങളില്‍ എല്‍ നിനോ പോലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ തീവ്ര സ്വഭാവത്തിലേക്കുള്ള വരള്‍ച്ചയിലേക്ക് നയിക്കും. കൊടും ചൂട് മൂലമുണ്ടാകുന്ന ഉഷ്ണതരംഗങ്ങളും ഒക്കെ നമുക്ക് പ്രതീക്ഷിക്കേണ്ടതായി വരും. കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സമഗ്രമായി കണ്ടുകൊണ്ടുമാത്രമേ അവയെ നേരിടാനും ദുരന്തങ്ങള്‍ ലഘൂകരിക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. താല്‍ക്കാലിക പരിഹാരങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിലേക്ക് നയിക്കുമെന്നതിന് പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.

തീരദേശത്ത് കടലേറ്റം, ഹൈറേഞ്ചില്‍ മണ്ണിടിച്ചില്‍..വരും വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിക്കുന്ന ഈ പ്രകൃതി ദുരന്തങ്ങള്‍ എത്രത്തോളം ശക്തമാകും. ഇവ മുന്നില്‍ കണ്ട് പ്രതിരോധിക്കാന്‍ എന്താണ് നമുക്ക് ചെയ്യാനാകുക.

പശ്ചിമഘട്ട മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുമ്പെ തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും 2018ലെ മഴക്കാലത്ത് അത് വ്യാപകമായി സംഭവിച്ചു. ഏതാണ്ട് 250ഓളം പ്രദേശങ്ങളിലായി ആയിരക്കണക്കിന് ഉരുള്‍പൊട്ടലുകളാണ് ആ വര്‍ഷത്തില്‍ സംഭവിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചത്. ഇവ കൂടാതെ മണ്ണമരല്‍ (ലാന്റ് സബ്‌സിഡന്‍സ്), മണ്ണിടിച്ചില്‍ (ലാന്റ് ഫാള്‍) തുടങ്ങിയ പ്രതിഭാസങ്ങളും വലിയ തോതില്‍ സംഭവിച്ചു. മണ്ണിലെ ജൈവാംശത്തില്‍ സംഭവിക്കുന്ന ശോഷണം ജലം പിടിച്ചുവെക്കാനുള്ള മണ്ണിന്റെ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നത് കൂടാതെ ചരിഞ്ഞ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത കൃഷി രീതികളും ഒക്കെച്ചേര്‍ന്ന് ഉരുള്‍പൊട്ടല്‍ സാധ്യകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

പശ്ചിമഘട്ട മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം ദുരന്ത കൈകാര്യകര്‍തൃ സമിതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനോ, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ നിന്ന് ജനങ്ങളെ പുരധിവസിപ്പിക്കാനോ, അത്തരം പ്രദേശങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നതിനും മറ്റും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. നമ്മുടെ ദുരന്ത കൈകാര്യകര്‍തൃ നയം ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം നേരിടുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ട ഒന്നാണെന്ന് കാണാം. ദുരന്തങ്ങള്‍ തടയാനോ ലഘൂകരിക്കാനോ ഉള്ള ദുരന്തപൂര്‍വ്വഘട്ടത്തെ (പ്രീ ഡിസാസ്റ്റര്‍ ഫേസ്)ക്കുറിച്ച് നാം കാര്യമായി ആലോചിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉരുള്‍പൊട്ടലിന് ഇടയാക്കുന്ന കാരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുകയും ആ മേഖലയിലെ പരിസ്ഥിതി പുനരുജ്ജീവനത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതില്‍ നാം ഇപ്പോഴും വിമുഖരാണ്. പ്രളയം വരുമ്പോഴും മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോഴും മാത്രം അവയെക്കുറിച്ച് ചിന്തിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത്രയും ദീര്‍ഘ വീക്ഷണമേ നമ്മുടെ ആസൂത്രണ വിദഗ്ദ്ധന്മാര്‍ക്ക് ഉള്ളൂ എന്ന് പറയേണ്ടതുണ്ട്.

മണ്ണൊലിപ്പും ഉരുള്‍പൊട്ടലും പോലുള്ള പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാന്‍ നമുക്ക് സാധിക്കേണ്ടതാണ്. ചരിഞ്ഞ പ്രദേശങ്ങളിലെ വനനാശം തടയുക. ഭൂമിയുടെ കിടപ്പ് മനസ്സിലാക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, സ്വാഭാവിക ജല നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താങ്ങ് ഭിത്തികള്‍ (റീട്ടെയ്ന്‍ വാള്‍) നിര്‍മ്മിക്കുക, ഭൂമിയുടെ ഹരിത മേലാപ്പ് (ഗ്രീന്‍ കവര്‍) സംരക്ഷിക്കുക, ആഴത്തില്‍ വേരുകള്‍ ഉള്ള മരങ്ങള്‍ ഇത്തരം പ്രദേശങ്ങളില്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഉരുള്‍പൊട്ടല്‍ മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് തടയിടാനാകും.

കേരളം വികസനത്തിന്റെ പാതയിലാണ്. മെട്രോ വന്നു, സില്‍വര്‍ ലൈന്‍ വരുന്നു ഇത്തരം വികസനങ്ങള്‍ കേരളത്തിന്റെ ഭൂപ്രകൃതിക്ക് താങ്ങാനാകുമോ? വീട്, കിണര്‍ തുടങ്ങിയവ ഇടിഞ്ഞുതാഴുന്ന പ്രതിഭാസങ്ങള്‍ കേരളത്തിന്റെ ഭൂപ്രകൃതി മനസ്സിലാക്കാതെയുളള വികസന പ്രവര്‍ത്തനങ്ങളുടെ ഉപോല്പനങ്ങളാണോ? 

വികസനത്തെ സംബന്ധിച്ച തെറ്റായ ബോധ്യങ്ങളില്‍ നിന്നാണ് ഇക്കാണുന്ന പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക് നാം വഴിവെട്ടിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് അവയൊക്കെ വാര്‍ഷിക പ്രതിഭാസങ്ങളായി മാറ്റുന്നതിന് മനുഷ്യ ഇടപെടല്‍ കൊണ്ട് സാധിച്ചു. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് പിന്നിലെ മനുഷ്യജന്യ ഘടകങ്ങളെ (ആന്ത്രപോജെനിക് ഫാക്ടര്‍)ക്കുറിച്ച് ഇന്ന് പൊതുവില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്കില്‍ കൂടിയും നമ്മുടെ വികസന ബോദ്ധ്യങ്ങളില്‍ മാറ്റം വരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ലെന്നത് നിരാശാജനകമാണ്.

കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളില്‍ സ്വാഭാവിക വന മേഖലകള്‍ വെട്ടിമാറ്റി, അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ മരങ്ങള്‍ സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിക്കുന്നതിനെതിരെ 80കളുടെ അവസാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ അവരെയൊക്കെ വികസന വിരോധികളായും പരിസ്ഥിതി മൗലികവാദികളായും ചിത്രീകരിക്കുകയായിരുന്നു, അക്കേഷ്യ-യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങള്‍ കേരളത്തിന്റെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് കേരള ഇക്കണോമിക് റിവ്യൂ 2021ല്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. ഈ തോട്ടങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. നാല് പതിറ്റാണ്ട് കാലം കഴിഞ്ഞു സര്‍ക്കാരിന് ബോധോദയമുണ്ടാകാന്‍! എന്നാല്‍ ആ കാലയളവില്‍ സാധ്യമായ എല്ലാ പാരിസ്ഥിതിക ദുരന്തങ്ങളും ഉണ്ടാക്കിയെടുക്കാന്‍ അവയ്ക്ക് സാധിച്ചു.

വികസനത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ തന്നെ ശക്തമായി ഉയരുന്നുണ്ട്. സുസ്ഥിരതയും സമതയെയും അടിസ്ഥാനപ്പെടുത്തിയ ഒരു വികസന ബോദ്ധ്യത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കാനും, ആവര്‍ത്തിച്ച് വരുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കിടയില്‍ നിന്ന് പോലും 'ബിസിനസ് ആസ് യൂഷ്വല്‍' സമീപനം സ്വീകരിക്കാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്. 

സില്‍വര്‍ പാതയും പശ്ചിമഘട്ടത്തിലെ തുരങ്കപ്പാതയും അടക്കം സംസ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന വികസന പദ്ധതികള്‍ പൊതുവെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്ന കേരള പരിസ്ഥിതിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ആഗോള കാലാവസ്ഥാ മാറ്റങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ദേശ രാഷ്ട്രങ്ങളുടെ കൂട്ടായ്മകള്‍ക്ക് മാത്രമേ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ എന്നത് വാസ്തവമായിരിക്കുമ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന പ്രാദേശിക പാരിസ്ഥിതിക തകര്‍ച്ചകളെയും ദുരന്തങ്ങളെയും ഒരളവുവരെ പ്രതിരോധിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഇടപെടല്‍ കൊണ്ട് സാധിക്കും. അതിന് പാരിസ്ഥിതിക വിവേകത്തെ അടിസ്ഥാനപ്പെടുത്തിയ നയരൂപീകരണവും ദീര്‍ഘവീക്ഷണത്തോടു കൂടിയ ആസൂത്രണവും ആവശ്യമാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നതും അതാണ്.

Content Highlights:climate change a timely warning for Kerala