കാര്‍ട്ടൂണുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് വിവാദമുണ്ടാക്കുന്നതെന്ന് ലളിതകലാ അക്കാദമിയുടെ 2019-20 ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. 2020 മാര്‍ച്ച് അഞ്ചാം തീയതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണാണിത്. കോവിഡ് ചികിത്സയിലെ അശാസ്ത്രീയതയെ തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്ത  പശ്ചാത്തലത്തിലാണ് ഈ കാര്‍ട്ടൂണ്‍ വരുന്നത്. കാര്‍ട്ടൂണിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാപകമായ സോഷ്യല്‍ മീഡിയാ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ട്ടുണിനെക്കുറിച്ചും വിവാദത്തെക്കുറിച്ചും അനൂപ് രാധാകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കാര്‍ട്ടൂണിന്റെ പശ്ചാത്തലം... 

കാര്‍ട്ടൂണ്‍ വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് 2020 മാര്‍ച്ച് അഞ്ചാം തീയതിയാണ്. കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന സമയമാണത്. കോവിഡ് വാക്‌സിൻ എത്തിയിട്ടുമില്ല. ലോകരാഷ്ടങ്ങളെല്ലാം രോഗത്തെ എങ്ങനെ നേരിടണം, പ്രതിരോധ ശേഷി എങ്ങനെ ആര്‍ജിക്കണം, പുതിയ മരുന്ന് എങ്ങനെ ഉണ്ടാക്കണം എന്നിങ്ങനെയുള്ള ചിന്തകള്‍ നടത്തിക്കൊണ്ടിരിക്കെ വടക്കേ ഇന്ത്യന്‍ പരിസരങ്ങളില്‍ പല സ്ഥലങ്ങളിലും തികച്ചും അശാസ്ത്രീയമായ കോവിഡ് ചികിത്സയാണ് നടന്നുവന്നത്. 

ഗോമൂത്രവും ചാണകവും കോവിഡിനെ പ്രതിരോധിക്കുമെന്ന് പ്രചരിക്കപ്പെട്ടതിനൊപ്പം ഗോമൂത്രം കുടിക്കുക, ചാണകത്തില്‍ കുളിക്കുക ഇതൊക്കെ വ്യാപകമായിരുന്നു. അതിനുള്ള ഗോമൂത്ര പാര്‍ട്ടികളൊക്കെ നടക്കുന്ന സമയമുണ്ടായിരുന്നു. മുംബൈയില്‍ വളരെ പ്രശസ്തമായ ഒരു മാളില്‍ സാനിറ്റൈസറിന് പകരം കൈയില്‍ ഗോമൂത്രം തളിക്കുന്ന ഏര്‍പ്പാടുവരെ ഉണ്ടായിരുന്നു.

ഇത്തരം അശാസ്ത്രീയ കാര്യങ്ങളെല്ലാം മുന്നോട്ട് പോകുമ്പോള്‍ അതിന് ചുക്കാന്‍പിടിച്ചിരുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരും നേതാക്കളും അടങ്ങിയ സംഘമാണ്. ഇവരുടെയൊക്കെ നേതൃത്വത്തിലാണ് കോവിഡ് ചികിത്സയിലെ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അത്തരം അശാസ്ത്രീയ നീക്കങ്ങളെ തടയിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചുമില്ല. ആ ഒരു പശ്ചാത്തലത്തിലാണ് ഈ കാര്‍ട്ടൂണ്‍ വരുന്നത്.

തെറ്റിദ്ധാരണയാണ് പ്രധാന വിഷയം... 

കോവിഡിനെ നേരിടാന്‍ ശാസ്ത്രീയത അടിസ്ഥാനമാക്കി ലോകം മുഴുവന്‍ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഇന്ത്യ ചെയ്യുന്നത് എന്താണെന്ന് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍. 'ഗ്ലോബല്‍ മെഡിക്കല്‍ സബ്മിറ്റ്' എന്ന ആശയം വെച്ചുകൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നൂറ് കോടി വാക്‌സിന്‍ നല്‍കി നില്‍ക്കുന്ന ഇന്ത്യയെ അപമാനിച്ചു എന്നാണ് കാര്‍ട്ടൂണിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. രാജ്യം നൂറ് കോടി വാക്‌സിന്‍ നല്‍കിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ ഈ കാര്‍ട്ടൂണ്‍ വരച്ചത് ആ കാലഘട്ടത്തിലാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തെറ്റിദ്ധാരണയാണ് ഇതിലെ പ്രധാനപ്പെട്ട വിഷയം. ഈ കാര്‍ട്ടൂൺ ഒന്ന് വായിച്ചാല്‍ അതിന് ഒരൊറ്റ തലക്കെട്ടെ ഉള്ളൂ. അത് 'ഗ്ലോബല്‍ മെഡിക്കല്‍ സബ്മിറ്റ്' എന്നുള്ളതാണ്. അത് കൃത്യമായി എഴുതിയിട്ടുണ്ട്. കാര്‍ട്ടൂണില്‍ ഇരിക്കുന്നവരുടെ കഴുത്തില്‍ സ്റ്റെതസ്‌കോപ് ഉണ്ട്. എന്നിട്ടും ആളുകള്‍ക്ക് തെറ്റിധരിക്കാന്‍ എളുപ്പാണ്. 2020-ലാണ് കാര്‍ട്ടൂണ്‍ വരച്ചത്. പക്ഷേ, പുരസ്‌കാരം ഈ വര്‍ഷമാണ് ലഭിച്ചത്. 

Anoop Radhakrishnan
അനൂപ് രാധാകൃഷ്ണന് പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണ്‍ 

വിമര്‍ശിക്കാം, പക്ഷേ അക്രമമല്ല അതിന്റെ മാര്‍ഗം... 

ബിജെപിയുടെ ഭാഗത്തുനിന്ന് സംഘടിതമായ ആക്രണണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നത്. വസ്തുകള്‍ ഒന്നും പരിഗണിക്കാതെ അജണ്ട അടിസ്ഥാനമാക്കി ആഹ്വാനം ചെയ്യുകയാണ് അവര്‍. തുപ്പല്‍-ഹലാല്‍ കാര്‍ട്ടൂണുകള്‍ വരക്കാന്‍ അനൂപിനെ ബന്ധപ്പെടുക എന്ന പോസ്റ്റര്‍ ഉണ്ടാക്കി നമ്പര്‍ കൊടുത്ത് പാര്‍ട്ടി ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇഷ്ടംപോലെ വിളികള്‍ വരുന്നുണ്ട്. കുറച്ചു കോളുകള്‍ എടുത്തപ്പോള്‍ ഭീകരമായ തെറിവിളിയായിരുന്നു. പിന്നെ കോളുകള്‍ എടുക്കാതെയായി. 

ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അത് അക്രമത്തിനുള്ള ആഹ്വാനം തന്നെയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റും അക്രമത്തിനുള്ള ആഹ്വാനം തന്നെയായി കാണണം. സമൂഹം നിങ്ങളെ നേരിടും എന്ന് പറയുന്നതിലൂടെ നിങ്ങള്‍ ആക്രമിച്ചോളൂ എന്ന് അണികള്‍ പറഞ്ഞുകൊടുക്കുകയാണ്. ഇതിനിടെ തിരുവനന്തപുരത്ത് നേമം പുഷ്പരാജിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധവും അക്രമവും നടന്നു. സംസ്ഥാന അധ്യക്ഷന്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്, സഹിഷ്ണുതയുണ്ട്. കാര്‍ട്ടൂണിനെ വിമര്‍ശിക്കാം. അത് ആര്‍ക്കു വേണമെങ്കിലും ചെയ്യാം. പക്ഷേ അക്രമമല്ല അതിന്റെ മാര്‍ഗം.

ഒരു തെറ്റും തോന്നുന്നില്ല... 

കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഇടുന്ന പോസ്റ്റുകള്‍ക്കും മാധ്യമങ്ങളുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളിലുമെല്ലാം കുടുംബാംഗളെ അടക്കം അസഭ്യമായ ഭാഷയില്‍ അവഹേളിക്കുന്ന കമന്റുകളാണ് വരുന്നത്. കെട്ടിത്തൂക്കി അടിക്കണം, പാകിസ്താനിലേക്ക് വിടണം എന്നൊക്കെ പറഞ്ഞ് പല സ്ഥലങ്ങളിലും നമ്പര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്തു ചെയ്താലും പാകിസ്താനിലേക്ക് അയക്കുന്നതാണല്ലോ ഇവരുടെ ഒരു രീതി.

ആരാണ് രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്? എനിക്ക് ഇവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്റെ രാജ്യത്തിന്റെ സയന്റിഫിക് ടെമ്പര്‍ വളര്‍ത്താനുള്ള നിയമം, ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് ചെയ്യാതെ ഇത്തരം കോമാളിത്തരം ചെയ്യുന്നതിനെതിരായിട്ടാണ് കാര്‍ട്ടൂണ്‍. അവരാണ് രാജ്യദ്രോഹം ചെയ്യുന്നത്. അതിനെതിരായിട്ടാണ് ഞാന്‍ വരച്ചത്. അതുകൊണ്ട് തന്നെ എനിക്കതില്‍ ഒരു തെറ്റും തോന്നുന്നില്ല. 

കാർട്ടൂണ്‍ ഇപ്പോഴും പ്രസക്തം... 

സംഘപ്രവര്‍ത്തകര്‍ ഒഴിച്ചുള്ള പൊതുസമൂഹത്തില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വന്നതാണ്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ലല്ലോ? അന്ന് മാത്രമല്ല, ഇന്നും അത് പ്രചരിക്കുന്നുണ്ട്. സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ഗോമൂത്രവും പശുവും വേണമെന്ന് കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞത്. പശു വേണം. പക്ഷേ ഗോമൂത്രവും ചാണകവുമാണ് സമ്പദ് വ്യവസ്ഥയെ നിര്‍ണയിക്കുന്നതെന്ന അശാസ്ത്രീയത ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അന്നത്തെ ആ കാര്‍ട്ടൂണിന് ഇന്നും അതിനാല്‍ പ്രധാന്യമുണ്ട്.

Content Highlights: Cartoonist anoop radhakrishnan about Cartoon award row and bjp's cyber attack