ചെന്നൈ: രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും ഈ പ്രതിസന്ധി കോണ്‍ഗ്രസ് അതിജീവിക്കുമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും രാജസ്ഥാനില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ ഒരാളുമായ കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലെത്തിച്ചത്. 

വേണുഗോപാലിനൊപ്പം രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവായ നീരജ് ഡാംഗിയാണ് കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി.  ''ജനാധിപത്യം അട്ടിമറിക്കുന്നതിനുള്ള വൃത്തികെട്ട കളിയാണ് ബിജെപി കളിക്കുന്നത്. പക്ഷേ,  രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടും'' രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് ആശങ്കയിലാണോ?

ഞങ്ങള്‍ക്ക് ആശങ്കയൊന്നുമില്ല. ഈ പ്രതിസന്ധി തരണം ചെയ്യാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ എങ്ങിനെ അട്ടിമറിക്കാമെന്ന ഗവേഷണത്തിലാണ് ബിജെപി. 25 കോടി രൂപയാണ് അവര്‍ ഞങ്ങളുടെ ഒരു എം എല്‍ എയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ ഞങ്ങളുടെ എം എല്‍ എമാരെയും ഞങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം എല്‍ എ മാരെയും സമീപിക്കുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ, ഞങ്ങളുടെ ക്യാമ്പില്‍ ഇപ്പോള്‍ ഒരു വിള്ളലുമില്ല.

ഇന്ത്യയില്‍ കൊവിഡ് 19 നെതിരെ മികച്ച പോരാട്ടം നടത്തുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് രാജസ്ഥാന്‍. ഒരു മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നീങ്ങേണ്ട ഘട്ടത്തിലാണ് ബിജെപി ഇത്തരം നികൃഷ്ടമായ കളികള്‍ കളിക്കുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കൊവിഡിനെതിരെ നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബിജെപി ആ സര്‍ക്കാരിനെ വീഴ്ത്തിയത്. ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മധ്യപ്രദേശ് എത്രമാത്രം പിന്നിലാണെന്ന് നമുക്കറിയാം. ജനങ്ങളുടെ ക്ഷേമമല്ല, അധികാരവും സ്വന്തം താല്‍പര്യ സംരക്ഷണവുമാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്നതാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

k c venugopal

മധ്യപ്രദേശിലും ആദ്യം കോണ്‍ഗ്രസ് ഇതേ ആത്മവിശ്വാസത്തിലായിരുന്നു?

ഞങ്ങള്‍ വളരെ കരുതലോടെയും ശ്രദ്ധയോടെയുമാണ് നീങ്ങുന്നത്. ഞങ്ങളുടെ എല്ലാ എം എല്‍ എമാരുമായും ഞാന്‍ സംസാരിച്ചു. ബിജെപിയുടെ ഹീനമായ തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ വീഴില്ല.

കോണ്‍ഗ്രസിന്റെ 107 എംഎല്‍എമാരും ഒന്നിച്ച് ജയ്പൂരിലെ റിസോര്‍ട്ടിലുണ്ടോ?

ഞങ്ങളുടെ ക്യാമ്പില്‍ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ എം എല്‍ എമാരും ഇപ്പോള്‍ ഒന്നിച്ചൊരിടത്തല്ല. ചിലര്‍ക്ക് വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് അവരുടെ സ്ഥലങ്ങളില്‍ തുടരേണ്ടതായിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല.

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് രാജസ്ഥാനില്‍ മത്സരം. കോണ്‍ഗ്രസും ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ വീതം കളത്തിലിറക്കിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 51 എം എല്‍ എമാരുടെ പിന്തുണയല്ലേ വേണ്ടത്?

അതെ. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു മാത്രം 107 എം എല്‍ എമാരുണ്ട്. അതുകൊണ്ടുതന്നെ വിജയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ല.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുക എന്നതിനൊപ്പം കോണ്‍ഗ്രസിന്റെ സംഘടനകാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ താങ്കള്‍ രാജ്യസഭയിലെത്തരുത് എന്ന അജണ്ടയും ബിജെപിക്കുണ്ടോ?

ചിലപ്പോള്‍ ഉണ്ടാവാം. അതൊന്നും ഞങ്ങളെ ആശങ്കയിലാഴ്ത്തുന്നില്ല. അതൊക്കെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്.

ഗുജറാത്തില്‍ നിന്ന് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്കെത്താതിരിക്കാന്‍ ബിജെപി ആവുന്നത്ര ശ്രമിച്ചിരുന്നു?

ബിജെപിയുടെ അജണ്ടയും മുന്‍ഗണനകളും വ്യക്തമാണ്. അല്ലെങ്കില്‍ ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെയുള്ള നീക്കങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി നടത്തുമോ? ബിജെപിക്ക് രാജസ്ഥാനില്‍ 72 എംഎല്‍എമാരാണുള്ളത്. ഒരു സീറ്റിലേ അവര്‍ക്ക് വിജയിക്കാനാവുകയുള്ളു. എന്നിട്ടും അവര്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ്. പണം വാഗ്ദാനം ചെയ്യുന്നതിനു പുറമേ കേന്ദ്ര ഏജന്‍സികളെക്കൊണ്ടുള്ള ഭീഷണികളും സമ്മര്‍ദങ്ങളുമുണ്ട്. കര്‍ണ്ണാടകത്തില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് റെയ്ഡുകള്‍ നടത്തിയതുപോലെ രാജസ്ഥാനിലും ചെയ്യിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലുണ്ടായിരുന്നതുപോലുള്ള ഭിന്നത രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുണ്ടെന്നും ഇത് മുതലാക്കാനാണ് ബിജെപിയുടെ ശ്രമമെന്നുമുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ?

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ പിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണ്. മധ്യപ്രദേശിലെ അവസ്ഥയല്ല രാജസ്ഥാനില്‍.സച്ചിനോടും ഗെഹ്ലോട്ടിനോടും ഞാന്‍ സംസാരിച്ചിരുന്നു. ഇന്നും ഞങ്ങള്‍ ഒന്നിച്ചൊരിടത്താണുള്ളത്. സച്ചിനും ഗെഹ്ലോട്ടും തമ്മില്‍ ഭിന്നതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു കിംവദന്തി മാത്രമാണ്. ഈ പ്രതിസന്ധി ഞങ്ങള്‍ മറികടക്കും. പക്ഷേ, ഞങ്ങള്‍ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത്.

Content Highlights: BJP is offering 25 crores to MLAs; alleges K C Venugopal