
അഹമ്മദബാദിലെ സൈഡസ് ബയോടെക് പാർക്ക് | Photo: ANI
ന്യൂഡല്‍ഹി: അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ഉടന്‍ ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൈഡസ് കാഡിലയുടെ വാക്സിന് സൈകോവ്-ഡി (ZyCoV-D) ക്ക് അടുത്ത അഴ്ചയോടെ അനുമതി ലഭിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സൈകോവ് ഡിയുടെ അടിയന്തര ഉപയോഗ അനുമതിക്കായി ജൂലായ് ഒന്നിന് സൈഡസ് കാഡില അപേക്ഷ നല്‍കിയിരുന്നു. 12 മുതല്‍ 18 വരെ പ്രായപരിധി ഉള്ളവരില്‍ ഉള്‍പ്പെടെ, ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണവും കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അംഗീകാരം ലഭിക്കുകയാണെങ്കില്‍, 12-18 പ്രായപരിധിയിലുള്ളവര്‍ക്ക് നല്കാന് അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാക്സിന് സൈകോവ് ഡി ആയിരിക്കും.
മൂന്ന് ഡോസുള്ള വാക്സിനാണ് സൈകോവ്-ഡി. ഒരു ഇന്‍ട്രാഡെര്‍മല്‍ (intradermal) വാക്സിനായ സൈകോവ്-ഡി 'നീഡില്‍-ഫ്രീ ഇന്‍ജക്ടര്‍' ഉപയോഗിച്ചാണ് നല്‍കുന്നത്. സൂചി രഹിത സംവിധാനമായതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തിര ഉപയോഗത്തിന് രാജ്യത്ത് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക്- വി, മൊഡേണ വാക്സിനുകള്‍ക്കാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്.
Content Highlights: Zydus Cadila vaccine may get nod this week, will be first jab for 12-18 year olds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..