ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ അഞ്ചുകോടി കോവിഡ് വാക്സ്ൻ ഡോസുകൾ ഉല്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില. നിലവിൽ സിഡസിന്റെ കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വാക്സിൻ ട്രയൽ നടത്താൻ അനുമതി ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കമ്പനിയാണ് സിഡസ് കാഡില.

കൊറോണ വൈറസിനെതിരായി ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആദ്യ ഡിഎൻഎ വാക്സിനാണ് സിഡസ് കാഡിലയുടെ സികോവ് ഡി (ZyCoV-D). ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ഈ മാസം അവസാനത്തോടെ സിഡസ് കാഡില റെഗുലേറ്ററിന് സമർപ്പിക്കുമെന്ന് സിഡസ് ഗ്രൂപ്പ് എംഡി ശർവിൽ പട്ടേൽ പറഞ്ഞു.

തുടർന്ന് ഇന്ത്യയിൽ അടിയന്തരാനുമതിക്ക് അപേക്ഷ നൽകും. ഈ വർഷം അവസാനത്തോടെ അഞ്ചുകോടി വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാവുമെന്നും ആറുമാസം പിന്നിടുന്നതോടെ ഇത് ഉയർത്താനാകുമെന്നുമാണ് കമ്പനി കരുതുന്നത്. വാക്സിന്റെ ഉല്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി തങ്ങൾ പങ്കാളികളെ നോക്കുന്നുണ്ടെന്നും സിഡസ് ഗ്രൂപ്പ് എംഡി വ്യക്തമാക്കി. അടുത്ത ആഴ്ചകളിൽ പങ്കാളികളെ പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

Content Highlights:Zydus Cadila to Produce 5 Cr COVID Vaccine Doses, Indias first DNA vaccine