പ്രതീകാത്മക ചിത്രം | ഫോട്ടോ : എപി.
ന്യൂഡൽഹി: കോവിഡിനെതിരേ വികസിപ്പിച്ച ആന്റിബോഡി കോക്ടെയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി തേടി സിഡസ് കാഡില. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമാണ കമ്പനിയായ സിഡസ് കാഡില ക്ലിനിക്കൽ പരീക്ഷണത്തിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയത്.
രണ്ട് മോണോക്ലോണൽ ആന്റിബോഡികളുടെ മിശ്രിതമാണ് ഈ മരുന്ന്. അണുബാധയ്ക്കെതിരേ പോരാടാൻ ശരീരം സൃഷ്ടിക്കുന്ന സ്വാഭാവിക ആന്റിബോഡികൾക്ക് സമാനമാണിത്. മൃഗങ്ങളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിൽ ZRC-3308 എന്ന മരുന്ന് ശ്വാസകോശത്തിന്റെ കേടുപാടുകൾ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ആന്റിബോഡി മിശ്രിതം സുരക്ഷിതവും രോഗികളുടെ ശരീരത്തോട് പ്രതികരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ വൈറസിനെ ചെറുക്കാൻ സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ ചികിത്സാരീതികൾ അത്യാവശ്യമാണെന്ന് സിഡസ് കാഡില മാനേജിങ് ഡയറക്ടർ ശാർവിൽ പട്ടേൽ പറഞ്ഞു. ആന്റിബോഡി കോക്ടെയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീർ ബയോടെക്നോളജി, ഗ്ലാക്സോസ്മിത്ത്ക്ലൈൻ എന്നിവ വികസിപ്പിച്ചെടുത്ത കോക്ടെയിൽ മിശ്രിതത്തിന് നേരത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിരുന്നു. റെജെനെറോൺ ഫാർമസ്യൂട്ടിക്കൽസ്, എലി ലില്ലി എന്നിവർ ചേർന്നുനിർമിച്ച റെജെനെറോൺ ആൻഡ് റൊച്ചെസ് ആന്റിബോഡി കോക്ടെയ്ലിനും അമേരിക്ക അനുമതി നൽകിയിട്ടുണ്ട്.
റെജെനെറോൺ ആൻഡ് റോച്ചെസ് ആന്റിബോഡി കോക്ക്ടെയിലിന് ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മരുന്ന് നിർമാണ കമ്പനിയായ സിപ്ലയാണ് ഇത് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഈ ആഴ്ചയോടെ ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്.
content highlights:Zydus Cadila Seeks Human Trial Approval For COVID Antibody Cocktail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..