ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതിനിടെ തദ്ദേശീയമായി വികസിപ്പിച്ച പുതിയൊരു വാക്സിൻ കൂടി വരുന്നു. സൈകോവ്-ഡി എന്നാണ് പുതിയ വാക്സിന്റെ പേര്. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സിൻ വികസിപ്പിച്ചത്. മേയ് അവസാനത്തോടെ ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയേക്കും.

ഭാരത് ബയോടെക്കിന്റെ കോവാക്സിന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണിത്. ജൂൺ മാസത്തോടെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് സൈഡസ് കാഡിലയുടെ പ്രതീക്ഷ.

അംഗീകാരം കിട്ടിയാൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനായിരിക്കും സൈകോവ്-ഡി. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് V എന്നീ വാക്സിനുകൾക്കാണ് നിലവിൽ ഇന്ത്യയിൽ അനുമതിയുള്ളത്.

ന്യൂക്ലിക് ആസിഡ് വാക്സിൻ ഗണത്തിൽപ്പെടുന്ന സൈകോവ്-ഡി ഒരു പ്ലാസ്മിഡ് ഡിഎൻഎ വാക്സിനാണ്. ഇതിന് ശീതീകരണ ആവശ്യകതയും കുറവാണ്. അതിനാൽ ശീതീകരണ യൂണിറ്റുകളുടെ ലഭ്യതക്കുറവ് നേരിടുന്ന ഉൾപ്രദേശങ്ങളിൽ പോലും വാക്സിൻ വിതരണം സുഖമമാക്കാൻ സാധിക്കും. വൈറസിന് ജനിതകമാറ്റം സംഭവിച്ചാൽ വാക്സിന്റെ പ്ലാറ്റ്ഫോം എളുപ്പത്തിൽ പരിഷ്കരിക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

content highlights:ZyCoV D could be Indias next Covid vaccine