മുംബൈ: പുതുവർഷ തലേന്ന് ഫുഡ് ഡലിവറി ആപ്പ് ആയ സൊമാറ്റോയ്ക്ക് ലഭിച്ച ഓർഡറുകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് കമ്പനി മുതലാളി. ഡിസംബര്‍ 31-ന് വൈകുന്നേരം മുതൽ സൊമാറ്റോയ്ക്ക് ഓരോ മിനിറ്റിലും ലഭിച്ചത് 3,200 ഓർഡറുകളാണ്. ഒരു ഘട്ടത്തിൽ അത് 4,100 വരെ ഉയർന്നു.

ഇതുവരെ ലഭിച്ചതിൽവെച്ച് ഏറ്റവും ഉയർന്ന ഓർഡറുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ വ്യാഴാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു. 'ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ഓർഡറുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിറ്റിൽ ഏകദേശം 2500 ഓർഡറുകൾ. ഇപ്പോൾ ആറു മണി മാത്രമേ ആയിട്ടുള്ളൂ', അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ ഇതിനു ശേഷം മുക്കാൽ മണിക്കൂറിനുള്ളിൽ ഓർഡറുകൾ മിനിറ്റിൽ 3,200 ആയി ഉയർന്നു.

മറ്റൊരു ട്വീറ്റിൽ ഓർഡറുകളുട എണ്ണം മിനിറ്റിൽ 3,500 ആയതായി അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ഒരു ലക്ഷം ഓർഡറുകളാണുള്ളത്. ഒരു ലക്ഷം ഓർഡറുകൾ അടുക്കളകളിൽനിന്ന് ആവശ്യക്കാരിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായാണ് ഇത്', എന്നും അദ്ദേഹം പറയുന്നു. പിന്നീട് ഒരു ഘട്ടത്തിൽ ഓർഡറുകളുടെ എണ്ണം മിനിറ്റിൽ 4,100 വരെയായി ഉയർന്നു.

പുതുവർഷ രാത്രിയിൽ പിസയും ബിരിയാണിയുമാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഓൺലൈൻ വഴി വാങ്ങിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിക്കവാറും നഗരങ്ങളിൽ പുതുവർഷാഘോഷങ്ങൾക്കും രാത്രി പുറത്തിറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ പുതുവർഷം ആഘോഷിച്ചതാണ് ഭക്ഷണ ഓർഡറുകൾ വർധിക്കാൻ ഇടയാക്കിയതെന്ന് ഗോയൽ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കുന്നതിന് ഡൽഹിയിൽ രാത്രി 11നും രാവിലെ ആറിനും ഇടയിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഓഡീഷയിൽ രാത്രി 10നും പുലർച്ചെ അഞ്ചിനും ഇടയിലായിരുന്നു കർഫ്യൂ. മറ്റു നഗരങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു.

Content Highlights:Zomato CEO Left Stunned as Food Delivery App Clocks in 4100 Orders Per Minute on New Year's Eve