ചെന്നൈ:  ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമര്‍ കെയര്‍ ഏജന്റിനെ സമീപിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെ രാഷ്ട്രഭാഷയായ ഹിന്ദി അല്‍പമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് പറയുകയായിരുന്നു. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വികാസ് ട്വീറ്റ് ചെയ്തതോടെ സൊമാറ്റോയ്‌ക്കെതിരേ പ്രതിഷേധം ശക്തമായി. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. 

തുടര്‍ന്ന് സൊമാറ്റൊ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 'വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മോശം പെരുമാറ്റത്തില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. അടുത്ത തവണ മികച്ച രീതിയില്‍ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങള്‍ തരുമെന്ന് കരുതുന്നു. നിങ്ങള്‍ സൊമാറ്റോയെ ബഹിഷ്‌കരിക്കരുത്'-സെമാറ്റോ ട്വീറ്റില്‍ പറയുന്നു. കസ്റ്റര്‍ കെയര്‍ ഏജന്റിനെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കുമെന്നും സൊമാറ്റൊ ആപ്പിന്റെ തമിഴ് പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഔദ്യോഗിക കുറിപ്പിലൂടെ സൊമാറ്റോ വ്യക്താക്കി. ഈ കുറിപ്പും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ചിക്കന്‍ റൈസും പെപ്പര്‍ ചിക്കനും ഓര്‍ഡര്‍ ചെയ്ത വികാസിന് ലഭിച്ചത് ചിക്കന്‍ റൈസ് മാത്രമാണ്. എന്നാല്‍ ഈ രണ്ട് ഇനങ്ങളുടേയും പണം വികാസില്‍ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്നു. ഹോട്ടലില്‍ വികാസ് വിളിച്ചപ്പോള്‍ പരാതി കൊടുക്കാനും സൊമാറ്റോയില്‍ നിന്ന് പണം വാങ്ങാനുമാണ് പറഞ്ഞത്. എന്നാല്‍ ഹോട്ടലുകാര്‍ ഇക്കാര്യം സൊമാറ്റോയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ ഏജന്റ് പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ ഹോട്ടലുകാരെ വിളിച്ചു. പക്ഷേ തമിഴ് ഭാഷ അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസിലായില്ല. ഇത് വികാസിനെ അറിയിച്ചപ്പോള്‍ തമിഴ് ഭാഷ അറിയുന്നവരെ തമിഴ്‌നാട്ടില്‍ ജോലിക്കെടുക്കണമെന്നായിരുന്നു മറുപടി. ഇതോടെയാണ് രാഷ്ട്രഭാഷ ആയ ഹിന്ദി അല്‍പമെങ്കിലും എല്ലാവരും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് പറഞ്ഞത്. 

Content  Highlights: Zomato apologises, sacks employee who told customer everyone should know little Hindi