ന്യൂഡല്‍ഹി: രാജസ്ഥാനെ ഭീതിലാഴ്ത്തിയ സിക്ക വൈറസ് ഗുജറാത്തിലേക്കും പടരുന്നു. അഹമ്മദാബാദില്‍ ഒരു സ്ത്രീക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ സ്ത്രീക്ക് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയതായി ഗുജറാത്ത് ആരോഗ്യ കമ്മിഷണര്‍ ജയന്തി രവി പറഞ്ഞു. അടിയന്തരപരിശോധനകള്‍ക്കായി നൂറുകണക്കിന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും, 250-ലേറെ ഗര്‍ഭിണികളെ പരിശോധനക്ക് വിധേയമാക്കിയെന്നും അവര്‍ വ്യക്തമാക്കി. 

ഗുജറാത്തിന്റെ അയല്‍സംസ്ഥാനമായ രാജസ്ഥാനിലാണ് നേരത്തെ സിക്ക വൈറസ് ബാധ കണ്ടെത്തിയത്. സെപ്റ്റംബര്‍ മുതല്‍ 147 പേര്‍ക്ക് രാജസ്ഥാനില്‍ വൈറസ് ബാധയേറ്റിരുന്നു. നാലുലക്ഷത്തിലേറെ പേരെ പരിശോധനയ്ക്കും വിധേയരാക്കി. രാജ്യത്തെ ആദ്യ സിക്ക വൈറസ് ബാധ 2017 ജനുവരിയില്‍ ഗുജറാത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേവര്‍ഷം തന്നെ തമിഴ്‌നാട്ടിലും പിന്നീട് ഈ വര്‍ഷം രാജസ്ഥാനിലും സിക്ക വൈറസ് ബാധ കണ്ടെത്തി.