ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും നേരെ കടുത്ത പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ കുറിച്ചുള്ള പ്രതികരണത്തിനിടെയായിരുന്നു യോഗിയുടെ പരിഹാസം. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ യോഗി പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം തന്നെയാകും ഫലമെന്നും പരിഹസിച്ചു. രാഹുലിനെയും പ്രിയങ്കയയെും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രയോഗം.

'പ്രിയങ്കാജി ആദ്യമായല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. ഉത്തര്‍പ്രദേശില്‍ അവര്‍ നേരത്തെ 2014, 2017 തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണുണ്ടായത്. ഇപ്പോഴത്തെ അവരുടെ ഭാരവാഹിത്വം ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല' - യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഉത്തര്‍പ്രദേശ് ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടുള്ള പ്രിയങ്കയുടെ കടന്നുവരവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനെ അവഗണിച്ച സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്യമാണ് സംസ്ഥാനത്ത് പ്രിയങ്കയെ കാത്തിരിക്കുന്നത്. അതിനിടെ സോണിയാ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. 

ഖൊരക്പൂര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പ്രാധാന്യമേറിയ മണ്ഡലങ്ങള്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ യു.പിയിലാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ ഭാരവാഹിത്വത്തെ രാഹുലിന്റെ പരാജയമാക്കി മാറ്റാനാണ് ബി.ജെ.പി നേതാക്കന്മാരില്‍ കൂടുതല്‍ പേരും ശ്രമിച്ചത്. രാഹുലിന് ഒറ്റക്ക് ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലാണ് സഹോദരിയെ സഹായത്തിന് വിളിച്ചതെന്നായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പ്രതികരണം.

content highlights: Yogi Adityanath, Priyanka Gandhi, Rahul Gandhi, Congress, BJP