രാഹുൽ ഗാന്ധി |ഫോട്ടോ:PTI
ന്യൂഡല്‍ഹി: 'വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ'ന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ദേശീയമാധ്യമമായ 'സീ ന്യൂസ്.' ഉദയ്പുരിലെ തയ്യല്ക്കാരന് കനയ്യലാലിനെ കൊന്നവരെ രാഹുല്‍ കുട്ടികളെന്നു വിശേഷിപ്പിച്ചതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേര്‍ത്തായിരുന്നു വാര്‍ത്ത.
ഇതിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവര്‍ധന്‍ സിങ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചാനല്‍ മാപ്പുപറഞ്ഞെങ്കിലും നിയമനടപടി സ്വീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കളും ശനിയാഴ്ചയ്ക്കുള്ളില്‍ മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കയച്ച കത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അറിയിച്ചു. ബി.ജെ.പി. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കുപ്രചാരണങ്ങളും നുണകളുമാണ് ബി.ജെ.പി.-ആര്.എസ്.എസ്സിന്റെ അടിത്തറ എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി ഒമ്പതിനുള്ള ഡി.എന്‍.എ. പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജന്‍ ഉദയ്പുര്‍ കൊലയാളികളെ രാഹുല്‍ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് ബി.ജെ.പി. നേതാക്കളായ റാഥോഡും സുബ്രത് പഥക് എം.പി., കമലേഷ് സൈനി എം.എല്‍.എ. എന്നിവരും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം ഒഴിവാക്കിയെങ്കിലും റാത്തോഡ് വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഉള്ളടക്കം വ്യാജമെന്ന് മുദ്ര കുത്തിയിരുന്നു.
ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്ലോഡ് ചെയ്തത് രാഹുല്‍ഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബി.ജെ.പി.യുടെ മനഃപൂര്‍വമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ജയറാം രമേഷ് നഡ്ഡയ്ക്കെഴുതിയ കത്തില്‍ കുറ്റപ്പെടുത്തി.
നേരത്തേയും രാഹുലിന്റെ വയനാടന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഹിന്ദി മേഖലയില്‍ വലിയതോതില്‍ വ്യാജപ്രചാരണം നടന്നിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചപ്പതാക വീശിയത് പാകിസ്താന് പതാകയെന്ന തരത്തിലായിരുന്നു പ്രചാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..