ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. സക്കീര്‍ നായിക്കിനെതിരെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി.

സക്കീര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനും എതിരെയാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നത്. വിദേശത്തുള്ള നായിക് എന്‍.ഐ.എയുടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

ഇതേത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം എന്‍.ഐ.എ ഉന്നയിച്ചിരുന്നു. പത്ത് ദിവസത്തിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുംബൈയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.