ഡി.കെ. ശിവകുമാറിനെ വൈ.എസ്. ശർമിള സന്ദർശിച്ചപ്പോൾ | Photo: Facebook/ DK Shivakumar
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിള റെഡ്ഡി. ശര്‍മിളയെ കോണ്‍ഗ്രസില്‍ എത്തിച്ച് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കിയേക്കുമെന്നും തെലങ്കാനയില്‍ സഖ്യമുണ്ടാക്കിയേക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയാണ് വൈ.എസ്. ശര്‍മിള അദ്ദേഹത്തെ കണ്ടത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമാണ് ശര്‍മിള.
'കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. അന്തരിച്ച എന്റെ പിതാവ് വൈ.എസ്.ആറുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കി', കൂടിക്കാഴ്ചയ്ക്ക് ശേഷം വൈ.എസ്. ശര്‍മിള ട്വീറ്റ് ചെയ്തു. ഡി.കെ. ശിവകുമാറും ഇരുവരും ഒപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡി.കെ. ശിവകുമാറിനെ അഭിനന്ദിക്കാനുള്ള സ്വാഭാവിക കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വൈ.എസ്.ആറിന്റെ കാലം തൊട്ടേ ഡി.കെ. ശിവകുമാറിന് കുടുംബവുമായി അടുത്ത ബന്ധമാണ്. അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ വൈ.എസ്. ശര്‍മിള ഡി.കെ.യെ താത്പര്യമറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം തന്നെ തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്ന വൈ.എസ്. ശര്‍മിളയെ കോണ്‍ഗ്രസിലെത്തിച്ച് ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി നേതൃസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ച് തിരികെയെത്തിയാല്‍ ശര്‍മിളയ്ക്ക് ആന്ധ്രയുടെ പാര്‍ട്ടി നേതൃസ്ഥാനവും രാജ്യസഭാ അംഗത്വവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു വിവരം. ആന്ധ്രയില്‍ സഹോദരനെ വീഴ്ത്താന്‍ ശര്‍മിളയെ കൊണ്ടുവരനായിരുന്നു നീക്കം. പ്രിയങ്കാഗാന്ധി നേരിട്ടാണ് ചരടുവലികള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈ.എസ്.ആറിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഡി.കെ. ശിവകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ സാഹചര്യത്തിലാണ് പ്രാധാന്യമേറുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു ശര്‍മിള നേരത്തെ വ്യക്തമാക്കിയിരുന്നത്. തന്റെ ആദ്യ ലക്ഷ്യം തെലങ്കാനയാണെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെച്ച വാഗ്ദാനങ്ങളോട് അവര്‍ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ശര്‍മിളയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനായി ഹൈക്കമാന്‍ഡിന്റെ ഇടനിലക്കാരനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: ys sharmila meets dk shivakumar telangana ysr party andra pradesh congress alliance merge


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..