രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ |ഫോട്ടോ:PTI
ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ വീഡിയോയുടെ യഥാർഥ കാഴ്ചക്കാരുടെ എണ്ണം മറച്ചുവെച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം യുട്യൂബ് പരിശോധിക്കുന്നു. അദാനിക്കെതിരേ രാഹുൽ ഗാന്ധി പങ്കുവെച്ച രണ്ട് വീഡിയോകളുടെ യഥാർഥ കാഴ്ചക്കാരുടെ എണ്ണം മറച്ച് വെയ്ക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് യൂട്യൂബിന് പരാതി നൽകിയിരുന്നു. വീഡിയോകൾക്ക് ലഭിച്ച ലൈക്ക്, കമന്റ്, ഷെയർ എന്നിവയ്ക്കാനുപാതികമായി കാഴ്ചക്കാരുടെ എണ്ണം കാണിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ പരാതി.
രാഹുൽ ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത 'മിത്ര് കാൽ' (Mitr Kaal) ന്റെ രണ്ട് എപ്പിസോഡുകളുടെ കാഴ്ചക്കാരുടെ യഥാർഥ എണ്ണം അൽഗൊരിതം ഉപയോഗിച്ച് മറച്ച് വച്ചുവെന്നാണ് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിട്രോഡ യുട്യൂബ് സി.ഇ.ഒ. നീൽ മോഹനന് കത്തയച്ചിരുന്നു. കത്തിന് ഒപ്പം കോൺഗ്രസ് ഡാറ്റ അനാലിറ്റിക്സ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ പ്രസന്റേഷനും കൈമാറിയിരുന്നു. തുടർന്നാണ് യു ട്യൂബ് പരിശോധനയ്ക്ക് തയ്യാറായത്.
അദാനിക്കെതിരായ വീഡിയോകളേക്കാളും കുറഞ്ഞ ഇന്ററാക്ഷൻസ് (Interactions) ഉള്ള രാഹുൽ ഗാന്ധിയുടെ മറ്റ് വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാർ ഉണ്ടെന്നാണ് കോൺഗ്രസിന്റെ ഡാറ്റ അനാലിറ്റിക്സ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ചില ഉദാഹരണങ്ങളും യുട്യൂബ് സി.ഇ.ഒ.ക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാരത് ജോഡോയിലെ യാത്രികർ സഞ്ചരിച്ചിരുന്ന കണ്ടൈനറിനെക്കുറിച്ചുള്ള വീഡിയോക്ക് 83,602 ഇന്ററാക്ഷൻസ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വിഡിയോ കണ്ടത് ഇരുപത് ലക്ഷത്തിലധികം പേരാണ്. എന്നാൽ അദാനിക്കെതിരായ മിത്ര് കാലിന്റെ ആദ്യ എപ്പിസോഡിന് 99,197 ഇന്ററാക്ഷൻസ് ഉണ്ടായിരുന്നു. എന്നാൽ വീഡിയോ കണ്ടത് 4.78 ലക്ഷം പേർ മാത്രമാണെന്നാണ് യുട്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അദാനിക്കെതിരായ വീഡിയോകാൾ കുറഞ്ഞ ഇന്ററാക്ഷൻസ് ഉള്ളതിന് അഞ്ച് ഇരട്ടിയിൽ അധികം കാഴ്ചക്കാരാണുള്ളതെന്നാണ് യു ട്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കേംബ്രിഡ്ജിൽ രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട വീഡിയോക്ക് 28,360 ഇന്ററാക്ഷൻസ് ആയിരുന്നു ഉണ്ടായിരുന്നത്. അദാനിക്കെതിരായ രണ്ടാമത്തെ വീഡിയോക്ക് 49,053 ഇന്ററാക്ഷനും. ഈ രണ്ട് വീഡിയോക്കും കാഴ്ചക്കാർ രണ്ട് ലക്ഷത്തോളം പേരാണ്. കോൺഗ്രസിന്റെ ഡാറ്റ അനാലിറ്റിക്സ് ഡിപ്പാർട്മെന്റിന്റെ അഭിപ്രായമനുസരിച്ച് ഇന്ററാക്ഷനുകളുടെ കണക്ക് പരിശോധിക്കുമ്പോൾ അദാനിക്കെതിരായ രണ്ടാമത്തെ വീഡിയോ കണ്ടവരുടെ എണ്ണം എട്ട് ലക്ഷം കടക്കേണ്ടതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. യൂ ട്യൂബിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് ആണ് ഈ കണക്കുകൾ കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: YouTube Looking Into Gandhi’s Claim Political Videos in India Suppressed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..