മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെക്കെതിരേ ഗുരുതര ആരോപണവുമായി മയക്കുമരുന്ന് കേസിലെ പ്രതി. വ്യക്തി വിരോധം തീര്‍ക്കാന്‍ സമീര്‍ വാംഖഡെ മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് 20-കാരനായ സയിദ് റാണെ ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് സയിദ് റാണയുടെ ആരോപണം. 

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ഒത്തുകളിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമീര്‍ വാംഖഡെക്കെതിരേ മറ്റൊരു കേസിലും ആരോപണം ഉയരുന്നത്. 

കഴിഞ്ഞ ഏപ്രിലിലാണ് റാണയെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈ അന്ധേരിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 1.32 ഗ്രാം എല്‍എസ്ടി, 22 ഗ്രാം കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റാണയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം റെയ്ഡിനിടെ സ്‌കൂട്ടറില്‍ നിന്നും മുറിയില്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നുകള്‍ സമീര്‍ വാംഖഡെ തന്നെ കൊണ്ടുവന്നിട്ടതെന്നാണ് റാണെയുടെ ആരോപണം. 

അന്ധേരിയില്‍ സമീര്‍ വാംഖഡെയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റിലാണ് റാണ താമസിച്ചിരുന്നത്. വാംഖഡെ വാടകയ്ക്ക് നല്‍കിയിരുന്ന ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന വാടകക്കാരും റാണയുടെ കുടുംബവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വാംഖഡെ റാണയ്‌ക്കെതിരേ കള്ളക്കേസ് ചമച്ചുണ്ടാക്കിയതെന്നും റാണയുടെ അഭിഭാഷകനായ അശോക് സരോഗി കോടതിയെ അറിയിച്ചു. 

റെയ്ഡ് നടക്കുമ്പോള്‍ സമീര്‍ വാംഖഡെയും ഫ്‌ളാറ്റിലെത്തിയിരുന്നു. എന്നാല്‍ എന്‍സിബി കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. വാംഖഡെ ഫ്‌ളാറ്റില്‍ എത്തിയതിന് തെളിവുകളുണ്ടെന്നും ഇവ ലഭിക്കാന്‍ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

content highlights: Youth seeks bail in drugs case, says NCB's Sameer Wankhede planted contraband