യുവാവിന്റെ ഓട്ടത്തിനിടയിൽ നിന്ന് | Screengrab:ANI
ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റ് വൈകുന്നുവെന്ന് ആരോപിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ്. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ന്യൂഡല്‍ഹി വരെ 350 കിലോമീറ്റര്‍ ഓടിയെത്തിയാണ് 24കാരനായ സുരേഷ് ബിച്ചാര്‍ പ്രതിഷേധിച്ചത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കനാണ് യുവാവ് ദീര്‍ഘദൂരം ഓടിയെത്തിയത്.
'ഞാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്‌മെന്റ് പോലും നടന്നിട്ടില്ല. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്‌മെന്റ് പോലും നടത്താതതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് തന്റെ പ്രതിഷേധം' - യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയപാതയിലൂടെ സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പുലര്‍ച്ചെ നാല് മാണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്ക് ഒരു പെട്രോള്‍ പമ്പില്‍ എത്തുന്നത് വരെ തുടര്‍ന്നു. അവിടെ ചിലര്‍ തനിക്ക് ഭക്ഷണവും വെള്ളവും നല്‍കിയെന്നും യുവാവ് പറയുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഇപ്പോള്‍.
ജന്തര്‍ മന്ദിറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ സൈന്യത്തില്‍ ചോരാനാഗ്രഹിക്കുന്ന യുവാക്കള്‍ പങ്കെടുത്തിരുന്നു. രണ്ട് വര്‍ഷമായി പൊതു റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നും വ്യോമസേനയില്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനം നടക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Content Highlights: youth ran 350 km to join protest of army aspirants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..