വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനെതിരെ യുവാവ് ലഘുലേഖയെറിഞ്ഞു. വാരണാസി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഉച്ചയോടെ കബീര്‍ നഗറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പരമ്പരാഗത ക്ഷേത്ര നഗരമായ കബീര്‍ നഗറില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോദി. റോഡ് സൈഡില്‍ ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ യുവാവിന്റെ പെട്ടന്നുള്ള പ്രവേശനം സൂരക്ഷാ ഉദ്യോഗസ്ഥരും പ്രതീക്ഷിച്ചിരുന്നില്ല. 

പ്രധാനമന്ത്രിയുടെ വാഹനം പ്രവേശിച്ച ഉടനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ ഇരുപത് വയസ് തോന്നിക്കുന്ന യുവാവ് വാഹന വ്യൂഹത്തിനെതിരെ ലഘുലേഖ എറിയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിമറയുകയും ചെയ്തു. 

അഭിനവ് തൃപ്ത്തിയെന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് യുവാവ് എന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവരെ അപമാനിക്കുന്നു, ക്രിമനലുകളെ നിയന്ത്രിക്കുന്നില്ല, യുവജനങ്ങള്‍ക്ക് ജോലി സൗകര്യം ഒരുക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ലഖുലേഖയില്‍ അഭിനവ് തൃപ്ത്തി എഴുതിതിയിരുന്നത്.