പട്ന: ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് ആത്മഹത്യ ചെയ്തു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പരംജീത്ത് സിംഗ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. 

കാമുകിയെ കാണാനായി കഴിഞ്ഞ ഞായറാഴ്ചയാണ് പരംജീത്ത് സിംഗ് പട്നയിലെത്തിയത്. പട്നയിലെ ചൗക് പ്രദേശത്തുള്ള ഒരു ലോഡ്ജില്‍ ഇയാള്‍ മുറിയെടുത്തു. മുറിയില്‍ കയറി വാതിലടച്ച ഇയാള്‍ ഴളരെ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

'ദീര്‍ഘദൂരം യാത്ര ചെയ്തു വന്നതിന്റെ ക്ഷീണമുള്ളതിനാല്‍ ഉറങ്ങുകയാണെന്നാണ് വിചാരിച്ചത്. എന്നാല്‍ വൈകുന്നേരമായിട്ടും മുറിക്ക് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു'-ലോഡ്ജിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുറിയുടെ കതക് തകര്‍ത്താണ് അകത്ത് കയറി. പരംജിത്തിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അപ്പോഴും അദ്ദേഹത്തിന്റെ ഫോണിലൂടെ ഫെയ്‌സ്ബുക്ക് ലൈവ് പോയിരുന്നതായി പോലീസ് പറയുന്നു.

മരിക്കുന്നതിന് മുന്‍പ് തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് പരംജീത്ത് മൊബൈലില്‍ തന്നെ വീഡിയോയും ചിത്രീകരിച്ചിരുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയുമായി പരംജീത്ത് അടുപ്പത്തിലായിരുന്നു. സൗഹൃദം പെട്ടന്ന് അവസാനിച്ചത് പരംജീത്തിനെ അസ്വസ്ഥനാക്കിയിരുന്നു.  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)