ഷഹ്‌റാന്‍പുര്‍: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച യുവാവ് പിടിയിൽ. ബി.സി.എ ബിരുദധാരിയായ വിപുല്‍ സായ്‌നി (24) യെയാണ് ഉത്തര്‍പ്രദേശ് പോലീസ് ഷഹ്‌റാന്‍പുരിലെ നാക്കൂര്‍ നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് കണ്ടെത്തി. മാലിക്കിന്റെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐ.ഡി കാർഡുകളാണ് വിപുല്‍ നിര്‍മിച്ചത്. 

ഓരോ വോട്ടര്‍ ഐ.ഡിക്കും മാലിക്ക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി ഷഹ്‌റാന്‍പുര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടായ എസ് ചന്നപ്പ പറഞ്ഞു. വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ചു.

പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. മാലിക്ക് എന്നയാള്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്നെ അറിയിക്കുകയാണ് പതിവെന്ന് വിപുല്‍ മൊഴി നല്‍കി. വിപുലിന്റെ വീട്ടില്‍ നിന്നും രണ്ട് കംപ്യൂട്ടറുകള്‍ പിടിച്ചെടുത്ത പോലീസ് യുവാവിന് ദേശവിരുദ്ധ സംഘടനകളോ എതെങ്കിലും തീവ്രവാദികളുമായോ  ബന്ധമുണ്ടോ എന്നതും  അന്വേഷിക്കും.

കോടതിയുടെ അനുമതിയോടെ യുവാവിനെ രാജ്യതലസ്ഥാനത്തേക്ക് എത്തിച്ച് തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

അതേ സമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് പൂര്‍ണമായും സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു.  യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ചോർന്നതാണെന്നും അതുപയോഗിച്ചാണ് തിരിച്ചറിയിൽ കാർഡുകൾ പ്രിന്റ് ചെയ്തതെന്നുമാണ് തിര.കമ്മീഷൻ അറിയിച്ചിരിക്കുന്നത്. 

പൗര കേന്ദ്രീകൃത സേവനങ്ങളായ വോട്ടര്‍ ഐ.ഡികള്‍ പ്രിന്റ് ചെയ്യുന്നതിനും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും അസിസ്റ്റന്റ് ഇല്ക്ടറല്‍ റോള്‍ ഓഫീസേഴ്‌സിനെ (എ.ഇ.ആര്‍.ഒ) ചുമതലപ്പെടുത്തിയിരുന്നു. ഇവരില്‍ ഒരാളുടെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും നാക്കൂറിലെ ഒരു സ്വകാര്യ കേന്ദ്രത്തിന് വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ കൈമാറി. ഇവരിൽ നിന്നാണ് ഐഡിയും പാസ്വേർഡും ചോർന്നതെന്നും തിര. കമ്മീഷൻ അറിയിച്ചു.  സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

 

Content Highlights: youth arrested for hacking election commission website and making fake id's