ന്യൂഡല്‍ഹി: യുവതിയുടെ സ്വര്‍ണ കമ്മല്‍ തട്ടിപ്പറിച്ചതിന് ഡല്‍ഹിയില്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മോഹിത് ഗൗതം എന്ന 31കാരനായ എഞ്ചിനീയറാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മുപ്പതിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. 

പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തന്റെ ജന്മദിനം ആഘോഷിക്കാന്‍ കൈവശം പണമില്ലാതിരുന്നതിനാലാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നും പ്രതി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാനായി തന്റെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റുകള്‍ ഇയാള്‍ ഇളക്കി മാറ്റിയിരുന്നു. 

ഞായറാഴ്ച വൈകുന്നേരം നടത്തിയ പട്രോളിങ്ങിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതിന് സമാനമായ ബൈക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിടിച്ചുപറിച്ച സ്വര്‍ണം അശോക് നഗറിലെ ഒരു സ്ഥാപനത്തില്‍ വിറ്റുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഗൗതമിന്റെ കൈയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ സുരേന്ദര്‍ എന്നയാള്‍ ഒളിവിലാണ്.

Content Highlights: Young Engineer arrested for snatching earrings to conduct birthday party