പട്‌ന (ബിഹാര്‍): ആര്‍ജെഡിയില്‍നിന്ന് താങ്കള്‍ക്ക് രാജിവെക്കാനാവില്ലെന്ന് പാര്‍ട്ടിവിട്ട മുതിര്‍ന്ന നേതാവ് ഹരിവംശ് പ്രസാദ് സിങ്ങിനോട് ലാലു പ്രസാദ് യാദവ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും സിങ്ങിന് എഴുതിയ കത്തില്‍ ലാലു വ്യക്തമാക്കിയിട്ടുണ്ട്.
ബിഹാറില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ മുതിര്‍ന്ന നേതാവും ലാലുവിന്റെ ദീര്‍ഘകാല സഹചാരിയുമായിരുന്ന സിങ് പാര്‍ട്ടിവിട്ടത് ആര്‍ജെഡിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സിങ് പാര്‍ട്ടിവിട്ടത് ഞെട്ടലുണ്ടാക്കിയെന്ന് ലാലു കത്തില്‍ പറയുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ പല സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും നാം ഒന്നിച്ച് പരിഹാരം കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാനാവും. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിങ് എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച ലാലു നിങ്ങള്‍ക്ക് എവിടെയും പോകാന്‍ കഴിയില്ലെന്ന് എനിക്ക് അറിയാമെന്നും കത്തില്‍ പറയുന്നു.
'താങ്കള്‍ എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് ഞാന്‍ മാധ്യമങ്ങളില്‍ കണ്ടു. എനിക്ക് അതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. താങ്കള്‍ എത്രയും വേഗം സുഖം പ്രാപിക്കണമെന്നും ഞങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകണമെന്നുമാണ് ആര്‍ജെഡിയും താനും തന്റെ കുടുംബവും ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാഷ്ട്രീയവും സാമൂഹ്യവും കുടുംബപരവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും നാം ഒന്നിച്ചാണ് പരിഹാരം കണ്ടത്. അതുപോലെ ഇപ്പോഴും പ്രശ്‌നങ്ങല്‍ പരിഹരിക്കാനാവും', ഹിന്ദിയില്‍ എഴുതിയ കത്തില്‍ ലാലു പറയുന്നു.
ആരോഗ്യം മോശമായതിനാലാവാം സിങ് രാജിവച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വൈശാലിയില്‍ നിന്നുള്ള ലോക് ജന്‍ശക്തി പാര്‍ട്ടി മുന്‍ എംപി രാമ സിങ് ആര്‍ജെഡിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ജൂണില്‍ ആര്‍ജെഡി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവച്ചിരുന്നു. ബിഹാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ജഗ്ദാനന്ദ് സിങ്ങിന്റെ പ്രവര്‍ത്തന ശൈലിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlights: You will not go anywhere, i understand that - Lalu tells Raghuvansh Prasad Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..