ആർജെഡി നേതാക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനുമൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി |Photo:PTI
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ തങ്ങളെ പരിഹസിച്ച ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാക്കെതിരെ കോണ്‍ഗ്രസ്. നിങ്ങള്‍ ആത്മ പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
'മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കാത്തതില്‍ കോണ്‍ഗ്രസിനെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ കുറ്റപ്പെടുത്തുന്നതിനുപകരം ആര്‍ജെഡി നേതൃത്വം ആത്മപരിശോധന നടത്തണം. ഭാവിയില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് പാര്‍ട്ടിയുടെ തന്ത്രത്തില്‍ മാറ്റം വരുത്തണം'കോണ്‍ഗ്രസ് നേതാവ് അനില്‍ കുമാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഭാവിയില്‍ തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ ആർ.ജെ.ഡി മാറ്റം വരുത്തണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം പാര്‍ട്ടി സമൂഹത്തെ മൊത്തത്തില്‍ കാണണമെന്നും അനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ശിവാനന്ദ് തിവാരി ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഉല്ലാസയാത്രയ്ക്ക് പോയെന്നടക്കമുള്ള വിമര്‍ശനമാണ് ശിവാനന്ദ് തിവാരി നടത്തിയിരുന്നത്.
രാഹുല്‍ സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അദ്ദേഹം പഠിക്കണമെന്നും തിവാരി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി തന്നെ നേതൃത്വം നല്‍കിയിട്ടും സീറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
70 സ്ഥാനാര്‍ഥികളെ ബിഹാറില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിട്ട് അത്രയും റാലികൾ നടത്തിയില്ല. മൂന്ന് ദിവസം രാഹുല്‍ ബിഹാറിലുണ്ടായിട്ട് ദിവസം രണ്ടു റാലികളില്‍ മാത്രമാണ് പങ്കെടുത്തത്. രാഹുലിനേക്കാള്‍ 10-15 വയസിന് മുതിര്‍ന്ന പ്രധാനമന്ത്രി മോദി ദിവസം നാല് റാലികളാണ് നടത്തിയത്. പ്രിയങ്ക ഗാന്ധി ഇങ്ങോട്ടേക്ക് വന്നുപോലും നോക്കിയില്ലെന്നും തിവാരി കുറ്റപ്പെടുത്തിയിരുന്നു.
2015-ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റുകള്‍ നേടി. ഇത്തവണ 70 സീറ്റില്‍ മത്സരിച്ചിട്ടുള്ള 19 സീറ്റുകളേ നേടാനായിരുന്നുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..