ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തീരുമാനം നടപ്പിലായാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ബോര്‍ഡിങ് നടപടി ക്രമങ്ങള്‍ക്ക് ഇനി ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതിയാവും. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.
എയര്‍ലൈന്‍സ്,എയര്‍പോര്‍ട്ട് ഡാറ്റാബേസ്, തുടങ്ങിയവ ആധാര്‍,പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയുമായി ബന്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ബോര്‍ഡിങ് നടപടി ക്രമങ്ങള്‍ ഡിജിറ്റല്‍ ആവുന്നതോടെ വിമാനത്താവള ടെര്‍മിനലുകളില്‍ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗധരി പറഞ്ഞു. പരിശോധനയ്ക്കായി വിമാന ടിക്കറ്റുകള്‍ കാണിക്കേണ്ട കാര്യമില്ലെന്നും പകരം ബയോമെട്രിക് സംവിധാനങ്ങളിലൂടെ ഏത് വിമാനമാണ് ബുക്ക് ചെയ്തതെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബയോമെട്രിക് പരിശോധന നിലവില്‍ വരുന്നതോടെ ബോര്‍ഡിങ് പാസിനു പകരം ഫോണില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിക്കാനാവും. മാത്രമല്ല, ബയോമെട്രിക് സംവിധാനം വഴി എളുപ്പത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനും കാലതാമസം ഒഴിവാക്കാനും സാധിക്കും.
ബയോമെട്രിക് പരിശോധന പൂര്‍ത്തിയാവാതെ വിമാനത്തിനകത്തേക്ക് സമീപത്തേക്കോ പ്രവേശിക്കുന്നവരെ തിരിച്ചറിയാനുള്ള പ്രത്യേക യൂണിറ്റ് സംവിധാനങ്ങളും എയര്‍പോര്‍ട്ട് അതോറിട്ടിയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും.ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ മാത്രമാവും ഈ സംവിധാനം.