ജസ്റ്റിസ് കെ.ടി. തോമസ്
ചെന്നൈ: കോടതികളുടെ വിധികള്‍ വിമര്‍ശിക്കപ്പെടണമെന്നതില്‍ സംശയമില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും കേരള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. അതേസമയം കോടതി അലക്ഷ്യത്തിന് നടപടിയെടുക്കാനുള്ള കോടതികളുടെ അധികാരം കോടതികളുടെ പരിരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''വിധികള്‍ വിലയിരുത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും വേണം. കൂടുതല്‍ നല്ല വിധികളുണ്ടാവുന്നതിന് ഇത് വഴിയൊരുക്കും. പക്ഷേ, ഓരോ വിധിക്കു ശേഷവും ആ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ വ്യക്തിഹത്യയ്ക്കിരയാക്കപ്പെട്ടാല്‍ അത് കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കും. അതുകൊണ്ടുതന്നെ കോടതി അലക്ഷ്യ നടപടികള്‍ക്കുള്ള അധികാരം വേണ്ടെന്നുവെയ്ക്കാനാവില്ല.'' മാതൃഭൂമി ഡോട്ട് കോമുമായുള്ള ടെലിഫോണ്‍ അഭിമുഖത്തിലാണ് ജസ്റ്റിസ് കെ.ടി. തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതി അലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്നാണ് സുപ്രീം കോടതി വിധിയെഴുതിയിരിക്കുന്നത്. ഇതിന് അനുകൂലമായും പ്രതികൂലമായും വാദങ്ങളുയരുന്നുണ്ട്. താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
ഇതിനെക്കുറിച്ച് ഒരു മുന്‍ ജഡ്ജി എന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തരുത് എന്നാണ് എന്റെ നിലപാട്.
നിരവധി മുന്‍ ജഡ്ജിമാര്‍ ഈ വിഷയത്തില്‍ പ്രശാന്ത് ഭൂഷണെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട് ?
പ്രശാന്ത് ഭൂഷണെ എതിര്‍ത്ത് സുപ്രീം കോടതി വിധിയെ അനുകൂലിച്ചും നിരവധി പേര്‍ നിലപാടെടുത്തിട്ടുണ്ട്. 103 നിയമജ്ഞര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയത് കാണാതിരിക്കരുത്. എന്തിനാണിത് ഒരു രാഷ്ട്രീയ വിവാദം പോലെയാക്കി മാറ്റുന്നത്? സുപ്രീം കോടതിയില്‍ നടന്ന വാദം കേള്‍ക്കാത്ത മുന്‍ ജഡ്ജിമാര്‍ ഒരു നീതിന്യായ വിധിയെക്കുറിച്ച് അഭിപ്രായം പറയരുത്.
വാദം കേള്‍ക്കാതെ ജഡ്ജിമാര്‍ അഭിപ്രായപ്രകടനം നടത്തരുത് എന്ന് പറയുന്നത് ഒന്നുകൂടി വിശദീകരിക്കാമോ?
പ്രശാന്ത് ഭൂഷണ്‍ കേസില്‍ മൂന്നു ജഡ്ജിമാരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഈ കേസില്‍ നടന്ന വാദങ്ങള്‍ കേള്‍ക്കാതെ അഭിപ്രായപ്രകടനം നടത്തരുത് എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ കോടതി വിധി വിമര്‍ശിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ കൃത്യമായി എടുത്തു കാണിക്കണം. ഇപ്പോള്‍ അഭിപ്രായ പ്രകടനം നടത്തുന്ന മുന്‍ ജഡ്ജിമാരൊന്നും ഈ വാദം കേട്ടിട്ടില്ല.
വാദത്തിന്റെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വിശദമായി തന്നെ കൊടുക്കുന്നുണ്ട്?
സംഗ്രഹമാണ് മാധ്യമങ്ങളില്‍ വരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശമുന്നയിക്കാനാവില്ല.
ഈ കേസില്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞത് പ്രശാന്ത്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷിക്കരുതെന്നാണ്?
അറ്റോണി ജനറല്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ ആധികാരികതയുള്ള വ്യക്തിയാണ്. അദ്ദേഹത്തിനതിന് അവകാശമുണ്ട്. പക്ഷേ, ഈ നിലപാട് അദ്ദേഹം വാദം നടക്കുമ്പോള്‍ എടുക്കണമായിരുന്നു എന്നാണെനിക്ക് പറയാനുള്ളത്. വാദിക്കേണ്ട സമയത്ത് അദ്ദേഹം വാദിച്ചില്ല. വിധി പറഞ്ഞതിനുശേഷം അദ്ദേഹം ഇങ്ങനെ പറയുന്നതില്‍ സാംഗത്യമുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും ഈ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി വാദത്തിനെടുക്കുമ്പോള്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുമെന്ന് കരുതാം.
കോടതി അലക്ഷ്യത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
ഭരണഘടനയുടെ 19-ാം വകുപ്പ് സംസാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. പക്ഷേ, അത് യുകിതസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇവയെന്താണെന്ന് ഉപവകുപ്പ് രണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതിലൊന്ന് കോടതി അലക്ഷ്യമാണ്.
സി.പി.എം. നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഇ.എം.എസിനെ കോടതി അലക്ഷ്യക്കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ആ കേസില്‍ ഇ.എം.എസ്. ശിക്ഷ അര്‍ഹിച്ചിരുന്നോ?
ഇല്ല. ഇ.എം.എസിനെ ശിക്ഷിക്കരുതായിരുന്നു എന്നാണെന്റെ അഭിപ്രായം. സുപ്രീം കോടതിയില്‍ അന്നത്തെ ചിഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഏകകണ്ഠമായാണ് ഇ.എം.എസിനെ ശിക്ഷിച്ചത്. പക്ഷേ, അതു പാടില്ലെന്നായിരുന്നു എന്റെ നിലപാട്. ഇ.എം.എസ്. വ്യക്തിപരമായി ഒരു ജഡ്ജിയേയും അധിക്ഷേപിച്ചിട്ടില്ല. കോടതിയുടെ സമ്പ്രദായം മാറ്റണമെന്ന് മാത്രമാണ് ഇ.എം.എസ്. അഭിപ്രായപ്പെട്ടത്. രണ്ട് ആരോപണങ്ങളാണ് ഇ.എം.എസ്. പ്രധാനമായും ഉന്നയിച്ചത്. ജുഡീഷ്യറിക്ക് മേല്‍ ഇപ്പോഴും ഒരു ഫ്യൂഡല്‍ നിഴലുണ്ടെന്നതായിരുന്നു ആദ്യത്തെ ആരോപണം. പണക്കാരനും പാവപ്പെട്ടവനും ഒരു കേസില്‍ കോടതിയെ സമീപിക്കുകയും രണ്ടു പേരുടെയും ഭാഗത്ത് ന്യായം ഒരു പോലെയുണ്ടെന്നും വന്നാല്‍ കോടതിയുടെ ആനുകൂല്യം ലഭിക്കുക പണക്കാരനായിരിക്കുമെന്നും ഇ.എം.എസ് ആരോപിച്ചു. അത് പരമാര്‍ത്ഥമായിരുന്നുവെന്ന് പറയുന്നതെന്തു കൊണ്ടാണെന്നറിയാമോ? ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് ഒരു സാക്ഷിയെ വിസ്തരിക്കാന്‍ കൊണ്ടു വന്നാല്‍ അവസാനം ചോദിച്ചിരുന്ന ചോദ്യം നിങ്ങള്‍ എത്ര ഭൂ നികുതി കൊടുക്കുന്നുണ്ടെന്നായിരുന്നു.
കൂടുതല്‍ കരം കൊടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു അത്. സില്‍ക്ക് ജുബ്ബയും സ്വര്‍ണമാലയുമൊക്കെയിട്ട് വരുന്ന മുതലാളി തോളില്‍ കിടക്കുന്ന പുളിയക്കരന്‍ നേരിയതെടുത്ത് അരയില്‍ കെട്ടി നിന്നാല്‍ അയാള്‍ക്കൊരു മാന്യത കല്‍പിക്കുമായിരുന്നു. അപ്പുറത്ത് നില്‍ക്കുന്നയാള്‍ എല്ലും തോലുമായ പാവം കുടികിടപ്പുകാരനാവുമ്പോള്‍ മുതലാളിക്കായിരുന്നു പലപ്പോഴും മുന്‍ഗണന.കോടതിയെ സംശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഇ.എം.എസ്. ആ പ്രസ്താവന നടത്തിയത്. ഇ.എം.എസിനെ ശിക്ഷിച്ചതിനോട് എനിക്കൊരു തരത്തിലും യോജിക്കാനാവില്ല.
ഈ കേസ് കേരള ഹൈക്കോടതിയില്‍ വന്നപ്പോള്‍ ജസ്റ്റിസ് കെ.കെ. മാത്യുവും സമാനമായ നിരീക്ഷണമാണ് നടത്തിയത്. നീതിനിന്യായ നിര്‍വ്വഹണ പ്രക്രിയയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വലിയിരുത്തേണ്ടത് ജഡ്ജിമാരല്ലെന്നും ജനങ്ങളാണെന്നുമാണ് അദ്ദേഹം പറഞ്ഞത് ?
ഒരു വിമര്‍ശം വരുമ്പോള്‍ അത് കോടതികള്‍ക്ക് ഗുണകരമാണോ അതോ കോടതികള്‍ക്ക് പ്രതികൂലമാണോ എന്നാണ് നോക്കേണ്ടത്. ജുഡീഷ്യറി എന്ന സ്ഥാപനത്തിനു മാത്രമുള്ള ഒരു പ്രത്യേകതയുണ്ട്. ജുഡീഷ്യറിയുടെ അതിജീവനം പൊതുജനങ്ങളുടെ വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. പബ്ലിക് കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് ഒരു സോപ്പ് കുമിളയാണ്. ചെറിയൊരു പോറല്‍ വീണാല്‍ അത് പൊട്ടിപ്പോകും. അത്രയും സ്്നിഗ്ദ്ധമായ ഘടനയാണ് ജുഡീഷ്യറിയുടേത്. അത് കാത്തുപരിപാലിക്കാനുള്ള ചുമതല കോടതികള്‍ക്ക് ഉണ്ടെന്നുള്ളതു കൊണ്ടാണ് കോര്‍ട്ട് ഒഫ് റെക്കോഡ് എന്ന പേരില്‍ ഭരണഘടനയില്‍ 129-ാം വകുപ്പ് ചേര്‍ത്തിരിക്കുന്നത്. കോടതി അലക്ഷ്യത്തിന് നടപടി എടുക്കാനുള്ള അധികാരം കോടതികളില്‍ അന്തര്‍ലീനമാണെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ അടുത്ത കാലത്ത് കോടതിക്ക് ആരെങ്കിലും കളങ്കമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ആ നാലു ജഡ്ജിമാരാണ്.
2018 ജനുവരിയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി. ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
അതെ. ഒരിക്കലും ചെയ്യരുതാത്ത നടപടിയായിരുന്നു അത്. കോടതി കൂടുന്ന സമയത്താണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നതാണ് ആദ്യത്തെ തെറ്റ്. അത് പെരുമാറ്റ ചട്ടത്തിനെതിരാണ്. മാസ്റ്റര്‍ ഒഫ് റോസ്റ്റര്‍ എന്നത് ചീഫ് ജസ്റ്റിസിന്റെ അവകാശമാണ്. ഓരോ കേസും ആര്‍ക്കൊക്കെ കൊടുക്കണമെന്നത് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുന്നത്. ഇതിനെതിരെ കലാപക്കൊടിയുയര്‍ത്തിയത് ജഡ്ജിമാര്‍ സ്വയം ചെറുതാകുന്നതിന് തുല്യമായിരുന്നു.
പക്ഷേ, ചീഫ് ജസ്റ്റിസ് കേസുകള്‍ അനുവദിക്കുന്നതില്‍ പ്രകടമായ അനീതിയുണ്ടെന്ന് വന്നാല്‍ അതിനെ ചോദ്യം ചെയ്യണ്ടേ?
കാലാകാലങ്ങളായുള്ള കീഴ്വഴക്കമാണത്. അതാരും ചോദ്യം ചെയ്യാറില്ല. സുപ്രീം കോടതിയിലെ ഓരോ ജഡ്ജിയും കഴിവുറ്റവരാണെന്നത് മറക്കരുത്. ഒരു ജഡ്ജിക്ക് കേസ് അനുവദിക്കുന്നതിനെ ചോദ്യം ചെയ്താല്‍ ആ ജഡ്ജിക്ക് കഴിവില്ലെന്നും പകരം കഴിവുള്ള തങ്ങള്‍ക്ക് തരണമെന്നും പറയുന്നതിന് തുല്ല്യമാണത്. കുറച്ചു പേര്‍ മോശക്കാരാണെന്നും ബാക്കിയുള്ളവര്‍ കേമന്മാരാണെന്നുമുള്ള ഭാവം ശരിയല്ല. രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ വന്നപ്പോള്‍ വാദം കേള്‍ക്കാനുള്ള ബഞ്ചിന്റെ തലവനായി എന്നെയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് നിശ്ചയിച്ചത്. ഞാന്‍ അന്ന് ഒരു സീനിയര്‍ ജഡ്ജിയായിരുന്നില്ല. ക്രിമിനല്‍ നിയമത്തില്‍ എനിക്ക് പ്രാഗത്ഭ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് തോന്നിയതുകൊണ്ടാവാം അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്. ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തലാണത്. ചീഫ് ജസ്റ്റിസ് ചെയ്യുന്നത് ശരിയോ തെറ്റോ ആയിക്കോട്ടേ, അത് അദ്ദേഹത്തിന്റെ ചുമതലയാണ്. അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല.
താങ്കള്‍ പറഞ്ഞുവരുന്നത് കോടതി അലക്ഷ്യക്കേസ് എടുക്കേണ്ടിയിരുന്നത് ഈ നാലു ജഡ്ജിമാര്‍ക്ക് എതിരെയായിരുന്നുവെന്നാണോ?
എടുക്കേണ്ടിയിരുന്നുവെന്ന് ഞാന്‍ പറയില്ല. അവര്‍ ചെയ്തത് കോടതി അലക്ഷ്യമായിരുന്നു. ഇപ്പോള്‍ അവരില്‍ രണ്ടു പേരാണ് സുപ്രീംകോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് വാചാലരാവുന്നത്.
ജസ്റ്റിസ് മദന്‍ ലോക്കുറും ജസ്റ്റിസ് കുര്യന്‍ ജോസഫും?
അതെ. അന്നത്തെ ആ വാര്‍ത്താസമ്മേളനം എന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഞങ്ങളൊന്നും ഒരിക്കലും അങ്ങിനെ ചിന്തിച്ചിട്ടു പോലുമില്ല.
സുപ്രീം കോടതിക്ക് വാസ്തവത്തില്‍ മാനഹാനി വരുത്തിയത് ജഡ്ജിയുടെ പദവിയില്‍നിന്നു വിരമിച്ചയുടനെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നവരാണെന്ന വിമര്‍ശത്തെക്കുറിച്ച് എന്തു പറയുന്നു?
കാമ്പുള്ള വിമര്‍ശമാണത്. സുപ്രീം കോടതിയില്‍നിന്ന് വരമിച്ച് ഒരു മൂന്നു കൊല്ലമെങ്കിലും കഴിയാതെ ഒരു സ്ഥാനമാനവും സ്വീകരിക്കരുതെന്ന പക്ഷക്കാരനാണ് ഞാന്‍. വിരമിച്ചയുടനെ തന്നെ എന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി രാഷ്ട്രപതി നിയമിച്ചിരുന്നു. പക്ഷേ, ഞാന്‍ ആ പദവി സ്വീകരിച്ചില്ല. എന്റേതായ കാരണങ്ങള്‍ കൊണ്ട് ഈ നിയമനം സ്വീകരിക്കാനാവില്ലെന്ന് ഞാന്‍ രാഷ്ട്രപതിക്കെഴുതി. സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടുന്ന ഒരു പോസ്റ്റാണ് ഞാന്‍ വേണ്ടെന്നുവെച്ചത്. വാസ്തവത്തില്‍ എനിക്കന്ന് ലേശം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് പെന്‍ഷനൊക്കെ കുറവായിരുന്നു. എന്നിട്ടും ഞാന്‍ ആ പദവി വേണ്ടെന്നുവെച്ചു.
ഞാനിപ്പോള്‍ കേരള സംസ്ഥാന നിയമ പരിഷക്രണ കമ്മീഷന്‍ ചെയര്‍മാനാണ്. സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളത്തിന് അര്‍ഹതയുള്ള പദവിയാണിത്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെയൊരു സ്ഥാനം മുന്നോട്ടുവെച്ചപ്പോള്‍ രണ്ട് വ്യവസ്ഥകളാണ് ഞാന്‍ മുന്നോട്ടുവെച്ചത്. ഒന്ന് പ്രായാധിക്യം കാരണം എനിക്ക് തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയില്ല. രണ്ട്, എനിക്ക് പ്രതിഫലമൊന്നും വേണ്ട. കാരണം ഇപ്പോള്‍ എനിക്ക് നല്ല പെന്‍ഷന്‍ കിട്ടുന്നുണ്ട്. എനിക്കും ഭാര്യയ്ക്കും കഴിയാന്‍ അത് ധാരാളം മതി. കാറ് തരാമെന്ന് പറഞ്ഞപ്പോള്‍ അതും വേണ്ടെന്ന് പറഞ്ഞു. യാത്രയ്ക്ക് പെട്രോള്‍ അലവന്‍സിന്റെ ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു.
പ്രശാന്ത് ഭൂഷന്റെ കേസിലേക്ക് നമുക്ക് തിരിച്ചുവരാം. അദ്ദേഹത്തിന്റെ രണ്ട് ട്വീറ്റുകളെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്? ആ അഭിപ്രായങ്ങള്‍ കോടതിയുടെ അന്തസ്സ് തകര്‍ക്കുന്നുണ്ടോ?
നിങ്ങള്‍ക്കെന്താണ് തോന്നുന്നത്? അത് കോടതിയുടെ അന്തസ്സ് തകര്‍ത്തില്ലേ? നിങ്ങള്‍ വീണ്ടുമെന്നെ ഇതിലേക്ക് കൊണ്ടുവരികയാണ്. ഇതില്‍ അഭിപ്രായപ്രകടനം നടത്തുന്നത് ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ ഉചിതമല്ല എന്നാണെന്റെ നിലപാട്.
വിധിയെക്കുറിച്ചല്ല, പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കള്‍ക്കുള്ള നിലപാട് വ്യക്തമാക്കാമല്ലോ?
ചീഫ് ജസ്റ്റിസ് ബോബ്ഡെ ഒരു വില കൂടിയ മോട്ടോര്‍ സൈക്കിളില്‍ മാസ്‌ക് വെയ്ക്കാതെ ഇരുന്നുവെന്ന് പറയുന്നത് കോടതി അലക്ഷ്യമല്ല. സുപ്രീം കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കപ്പെട്ട സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഇതു ചെയ്തതെന്ന് പറഞ്ഞതിനോട് യോജിക്കാനാവില്ല. അവധിക്കാലത്താണ് ചീഫ് ജസ്റ്റിസ് ഇതു ചെയ്തത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ സുപ്രീം കോടതി നിരവധി കേസുകളില്‍ തീര്‍പ്പുണ്ടാക്കിയതും മറന്നുപോവരുത്. അതിലൊന്ന് ഭൂഷണ്‍ തന്നെ വാദിച്ച കേസാണ്. ഈ സമയത്ത് സുപ്രീം കോടതിയില്‍ ഒന്നും നടക്കുന്നില്ലെന്ന് പറഞ്ഞത് കോടതി അലക്ഷ്യമാണ്.
കഴിഞ്ഞ ആറു കൊല്ലമായി ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നാണ് രണ്ടാമത്തെ ട്വീറ്റിന്റെ ആദ്യ ഭാഗത്തുള്ളത്. ഇതും കോടതി അലക്ഷ്യമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഇതില്‍ വഹിച്ച പങ്ക് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തും എന്നാണ് രണ്ടാം ഭാഗത്തുള്ളത്. ഇത് കോടതി അലക്ഷ്യമല്ലെന്ന് പറയാനാവുമോ?
ചീഫ് ജസ്റ്റിസുമാരുടെ പ്രവൃത്തികള്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു എന്ന് ബോദ്ധ്യമുണ്ടെങ്കില്‍ അത് പറയുന്നതില്‍ പ്രശ്നമുണ്ടോ? മാത്രമല്ല ഇത് തെളിയിക്കുന്നതിന് പ്രശാന്ത് ഭൂഷണ് അവസരം കൊടുത്തിട്ടില്ല എന്നും ആരോപണമുണ്ട് ?
അതെിനിക്കറിയില്ല. ഭൂഷണ്‍ ദീര്‍ഘമായി വാദിച്ചിട്ടുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. തെളിവുണ്ടെങ്കില്‍ ഇനിയിപ്പോള്‍ പുനഃപരിശോധന ഹര്‍ജി വാദത്തിനെടുക്കുമ്പോള്‍ വാദിക്കാം. വിധി പുനഃപരിശോധനയ്ക്ക് വിധേയമാണെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. സാധാരണ റിവ്യുവിനേക്കാള്‍ കൂടുതലായി ഈ കേസില്‍ വാദങ്ങള്‍ കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ഓഫറുകളാണ് കോടതി വെച്ചിട്ടുള്ളത്. ഒന്ന് റിവ്യു കേള്‍ക്കുന്നതു വരെ ഈ കേസിലെ ശിക്ഷ നടപ്പാക്കില്ല. രണ്ടാമത്തേത് പ്രസ്താവന തിരുത്തണമെങ്കില്‍ ഭൂഷണ് തിരുത്താന്‍ സമയം അനുവദിക്കുന്നുവെന്നാണ്. ഇതില്‍ കൂടുതലായി മറ്റെന്ത് ഓഫറാണ് കോടതിക്ക് കൊടുക്കാനാവുക?
ജനാധിപത്യ സമൂഹത്തില്‍ കോടതികള്‍ വിമര്‍ശത്തിന് അതീതമാണോ?
കോടതികളുടെ വിധികള്‍ വിമര്‍ശിക്കപ്പെടണം. കൂടുതല്‍ നല്ല വിധികള്‍ വരുന്നതിന് അതാവശ്യമാണ്. അനാദികാലം മുതലുള്ള നിലപാടാണത്. അതേസമയം ജഡ്ജിമാരുടെ ജുഡീഷ്യല്‍ കൊണ്‍ഡക്റ്റ് (judicial condutc) വിമര്‍ശിക്കപ്പെടരുത്. ഒരു കേസില്‍ രണ്ടു ഭാഗത്തുള്ളവരും ന്യായം തങ്ങളുടെ ഭാഗത്താണെന്നാവും വിശ്വസിക്കുക. സ്വാഭാവികമായും വിധിയില്‍ ഒരു ഭാഗം നിരാശരാവും. പക്ഷേ, അതുകൊണ്ട് ജഡ്ജിയെ അധിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്നാണ് നില്‍ക്കുക? അത് ജുഡീഷ്യറിയുടെ അവസാനമാവും. അതുകൊണ്ടു തന്നെ ജഡ്ജിമാര്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ കോടതി അലക്ഷ്യ നടപടികള്‍ ആവശ്യമാണ്. ഈ പരിരക്ഷ ഒന്നെടുത്തു മാറ്റിയാല്‍ അപ്പോള്‍ നമുക്കറിയാനാവും കോടതി അലക്ഷ്യത്തിന്റെ പ്രസക്തി.
Content Highlights: You can criticize the judgment; but never insult Judges, says Justice K.T. Thomas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..