ലഖ്‌നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ വകുപ്പ് രൂപവത്കരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനുള്ള അനുമതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) ആയിരിക്കും പുതിയ വകുപ്പിന്റെ തലവന്‍. നടപടി ക്രമങ്ങളെല്ലാം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസിലെ വിവിധ വിഭാഗങ്ങളെയെല്ലാം പുതിയ വകുപ്പിന്റെ ഭാഗമാക്കും. 1090 ഹെല്‍പ്പ് ലൈനും പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാവും.

ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും തിങ്കളാഴ്ചയും രംഗത്തെത്തിയിരുന്നു. അസംഗഢ് ജില്ലയില്‍ ഗ്രാമമുഖ്യനെ വെടിവച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് യു.പി സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശമുന്നയിച്ചത്. കാട്ടുനീതിയും, ജാതിയുടെ അടിസ്ഥാനത്തിലുള്ള അക്രമങ്ങളും ബലാത്സംഗങ്ങളും യുപിയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ, സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശമുന്നയിച്ചത്. ബുലന്ദ്‌ഷെര്‍, ഹാപുര്‍, ലഖിംപുര്‍ ഖേരി, ഗോരഖ്പുര്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് നടക്കുന്ന സംഭവങ്ങള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണെന്ന് അവര്‍ ആരോപിച്ചിരുന്നു. യുപിയിലെ ക്രിമിനലുകള്‍ക്ക് നിയമത്തെ ഭയമില്ല. ക്രൂരമായ കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണം അതാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനോ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനോ പോലീസിനോ ഭരണകൂടത്തിനോ കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

യു.പിയി ലഖിംപുര്‍ ഖേരി ജില്ലയില്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു. കണ്ണ് ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞിരുന്നു.

Content Highlights: Yogi to set up new department for women, child security