ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കും. മുഖ്യമന്ത്രിക്കുവേണ്ടി അയോധ്യ സീറ്റ് വീട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്ത ഞായറാഴ്ച വ്യക്തമാക്കി. യോഗി അയോധ്യയില്‍നിന്ന് മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അയോധ്യ. എന്നാല്‍, ഓരോരുത്തരും എവിടെ മത്സരിക്കണം എന്നകാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. യോഗി അയോധ്യയില്‍നിന്ന് മത്സരിച്ചാല്‍ അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തും. യുപിയില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപവത്കരിക്കുക തന്നെ ചെയ്യും' - വേദ് പ്രകാശ് ഗുപ്ത പറഞ്ഞു.

അതിനിടെ യോഗിയുടെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. യോഗി അയോധ്യയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ കഴിഞ്ഞ നാലുവര്‍ഷം മണ്ഡലത്തിനുവേണ്ടി എന്തുചെയ്തുവെന്ന് വിശദീകരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചു. മണ്ഡലത്തിലെ എത്രഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാണ്. സ്ത്രീകള്‍ക്ക് എതിരായ എത്ര അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഓരോ ഗ്രാമത്തിലും കോവിഡ് ബാധിച്ച് എത്രപേര്‍ മരിച്ചു - കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണ് യോഗി നടത്തുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ മുഖസ്തുതി അവസാനിപ്പിച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

2017 മുതല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങള്‍ കാണുന്നതാണെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് ജൂഹി സിങ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. ബലാത്സംഗങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കണം. ആര്‍ക്കും ആത് മണ്ഡലത്തില്‍നിന്നും ജനവിധി തേടാം. പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും ജൂഹി സിങ് പറഞ്ഞു.

Content Highlights: Yogi to contest from Ayodhya in 2022