പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും| Photo: PTI
ന്യൂഡൽഹി: ഉത്തർപ്രദേശിലും പഞ്ചാബിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ചർച്ചകൾക്കായി ഡൽഹിയിലെത്തിയ നിയുക്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടിയുടെ ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്യുക ഭഗത് സിംഗിന്റെ ജൻമ നാട്ടിൽ നിന്നാണ് എന്ന് ഉറപ്പിച്ചു.
തുടർഭരണത്തിന്റെ തിളക്കത്തിൽ ഡൽഹിയിലേക്ക് എത്തിയ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണത്തിൽ ആരെയെല്ലാം പരിഗണിക്കണം എന്നത് സംബന്ധിച്ചാണ് പ്രധാന ചർച്ച നടന്നത്. സാമുദായിക സമവാക്യങ്ങൾ പാലിക്കേണ്ടതും ചർച്ചയായി. യുപിയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ യോഗി ആദിത്യനാഥ് കഴിഞ്ഞ അഞ്ച് വർഷവും വിശ്രമമില്ലാതെ പ്രവർത്തിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. യുപിയെ ഉയരങ്ങളിൽ എത്തിക്കാൻ യോഗിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തി.
നാളെയും ഡൽഹിയിൽ തുടരുന്ന യോഗി സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷുമായും കൂടിക്കാഴ്ച നടത്തും. ഹോളിക്ക് ശേഷമാകും യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് വിവരം. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പുഷ്കർ സിംഗ് ധാമിക്ക് പകരം ആളെത്തേടുന്നു ബിജെപി. മണിപ്പൂരിൽ എൻ.ബീറേൻ സിംഗിന് തന്നെയാണ് സാധ്യത. ഗോവയിൽ പ്രമോദ് സാവന്തിനെ മാറ്റാനിടയില്ല. ബിജെപി പാർലമെന്റെറി ബോർഡ് യോഗം അന്തിമ തീരുമാനം എടുക്കും.
പഞ്ചാബിൽ മാതൃകാ ഭരണം കാഴ്ചവെക്കാനാണ് എഎപിയുടെ ശ്രമം. അധികാരം ഏറ്റെടുക്കും മുൻപ് തന്നെ പരിഷ്കാരങ്ങൾ തുടങ്ങി. മുൻ എംഎൽഎമാർ ഉൾപ്പെടെ വിവിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 403 പോലീസുകാരെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നിർദേശാനുസരണം ഡിജിപി തിരിച്ചു വിളിച്ചു. എല്ലാ ജനങ്ങളുടേയും സുരക്ഷ ഒരുപോലെ പരിഗണിക്കും എന്നാണ് മൻ പ്രതികരിച്ചത്. മന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമൃത്സറിൽ സംയുക്തമായി റോഡ് ഷോ നടത്തി ജനങ്ങൾക്ക് നന്ദി പറഞ്ഞു. നൂറ് കണക്കിന് പേർ അണിചേർന്നു. എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനവും പാലിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ ഉറപ്പ് നൽകി. മാർച്ച് 16ന് മുഖ്യമന്ത്രി മാത്രമേ സത്യപ്രതിജ്ഞ ചെയ്യു. ഭഗത് സിംഗിന്റെ ജൻമനാടായ ഖട്കർ കലനിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും. ബാക്കി 16 മന്ത്രിമാർ പിന്നീട് അധികാരമേറ്റെടുക്കും.
Content Highlights: Yogi meets PM Modi in Delhi ahead of UP govt formation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..