ന്യൂഡല്‍ഹി: കവി കബീര്‍ ദാസിന്റെ ശവകുടീരം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാന്‍ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. ശവകുടീരം സന്ദര്‍ശിച്ച ആദിത്യനാഥിന് തലയില്‍ വയ്ക്കാന്‍ തൊപ്പി നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കബീർദാസിന്റെ ശവകുടീരം സന്ദർശിക്കുന്നവർ ബഹുമാനാർഥം തൊപ്പി ധരിക്കാറുണ്ട്. മതത്തെ മുന്‍നിര്‍ത്തി സമൂഹത്തെ വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് ആദിത്യനാഥ് ശവകുടീരം സന്ദര്‍ശിച്ചത്. കുടീരത്തിന്റെ മേല്‍നോട്ട ചുമതലയുള്ളയാള്‍ കബീറിന്റെ പ്രത്യേകതരം തൊപ്പി മുഖ്യമന്ത്രിയുടെ തലയില്‍ അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദിത്യനാഥ് അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് തൊപ്പി കൈയ്യില്‍ വാങ്ങാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം കൈയ്യില്‍ പിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ആദിത്യനാഥിന്റെ നടപടി പ്രതിപക്ഷത്തുനിന്ന് കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. കബീറിന്റെ ശവകുടീരത്തില്‍ വെച്ച് ധരിക്കാന്‍ നല്‍കിയ തൊപ്പി ഏതെങ്കിലും മതവിഭാഗത്തിന്റേതല്ല. മറ്റൊരു വ്യക്തിയോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അത്. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തേണ്ടയാളാണ് മുഖ്യമന്ത്രിയെന്നും ആദിത്യനാഥിന്റെ നടപടി മനുഷ്യരെ വിഭജിക്കുന്ന തരത്തിലുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ആരോപിച്ചു.
ഏതെങ്കിലും മതത്തിന്റേതല്ല, കബീറിനെ പ്രതിനിധാനം ചെയ്യുന്ന ഒരു തൊപ്പി മാത്രമാണത്. എന്നാല്‍ മുഖ്യമന്ത്രി അതിനെ തെറ്റിദ്ധരിക്കുകയായിരുന്നു. വലിയ കപടനാട്യമാണിത്. ഇത്തരം ആള്‍ക്കാര്‍ കബീറിന്റെ കുടീരം സന്ദര്‍ശിക്കാന്‍ പാടില്ല- സമാജ്‌വാദി വക്താവ് സുനില്‍ സാജന്‍ പറഞ്ഞു.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കബീര്‍ ദാസിന്റെ 500-ാം ചരമ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി വ്യാഴാഴ്ച സെന്റ് കബീര്‍ നഗറിലെ മാഘര്‍ സന്ദര്‍ശിക്കുന്നത്. സാമുദായിക വ്യത്യാസങ്ങള്‍ക്ക് അതീതനായ കവിയായിരുന്ന കബീര്‍ അന്ത്യകാലം ചെലവഴിച്ചത് മാഘറിലായിരുന്നു.
Content Highlights: Yogi adityanath, Kabir Mausoleum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..