
യോഗി ആദിത്യനാഥ് |ഫോട്ടോ:ANI
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നാണ് യോഗിയുടെ ന്യായീകരണം.
തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് തന്റെ വാദത്തെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയിരിക്കുന്നത്. 'ഇവര്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു', വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമ സംഭവങ്ങളേയും യോഗി ഉയര്‍ത്തിക്കാട്ടി. 'ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബംഗാളില്‍ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന വിധാന്‍സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ബൂത്തുകള്‍ പിടിച്ചെടുത്തു. അരാജകത്വം ഉച്ചസ്ഥായിയില്‍ എത്തി. നിരവധിപേര്‍ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോ?', യോഗി ചോദിച്ചു.
ഉത്തര്‍പ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പും ബംഗാള്‍ തിരഞ്ഞെടുപ്പും അദ്ദേഹം താരതമ്യം ചെയ്യുകയുമുണ്ടായി. 'യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂര്‍ത്തിയായത്. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടര്‍ന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കലാപം ഇവിടെ നടന്നോ', യോഗി ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന തന്റെ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള യോഗിയുടെ മറുപടി ഇങ്ങനെയായിരുന്നു-
'ഈ അഞ്ചുവര്‍ഷം ഏതെങ്കിലും ആഘോഷങ്ങള്‍ നടത്തുന്നതില്‍ തടസ്സമുണ്ടായോ?, ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്തി. ഹിന്ദുക്കള്‍ ഇവിടെ സുരക്ഷിതരാണ്. അവര്‍ക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങള്‍ എല്ലാവര്ക്കും സുരക്ഷ നല്കുന്നു. എല്ലാവര്ക്കും സമൃദ്ധിയും എല്ലാവര്ക്കും ബഹുമാനവും നല്കുന്നു. പക്ഷേ, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല', യോഗി പറഞ്ഞു.
Content Highlights : Yogi Adityanath defends his 'UP can become like Bengal, Kerala' remark, says I alerted people of my state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..