
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് | Photo: PTI
വാരണാസി: ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാസ്നാനം ചെയ്യാതിരുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
"ഗംഗാ ശുദ്ധീകരണം എന്ന പേരില്‍ കോടികളാണ് ബി.ജെ.പി പൊടിച്ചത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്നാനം ചെയ്യാതിരുന്നത്"- അഖിലേഷ് യാദവ് പറഞ്ഞു.
പുണ്യനദിയായ ഗംഗ എന്നെങ്കിലും മാലിന്യമുക്തമാവുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോടികള്‍ ഒഴുകുന്നുണ്ട്. പക്ഷേ ഗംഗ നദി മലിനമായി തുടരുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വാരണാസിയിലെത്തി ഗംഗാസ്നാനം ചെയ്തിരുന്നു. വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഗംഗാസ്നാനം നിര്‍വഹിച്ചത്.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് അഖിലേഷ് യോഗിക്കെതിരേ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തെയും അഖിലേഷ് പരിഹസിച്ചിരുന്നു. ജീവിതത്തിലെ അവസാന നാളുകള്‍ ചെലവഴിക്കാന്‍ ആളുകള്‍ വാരണാസിയിലെത്താറുണ്ടെന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.
Content Highlights: Yogi avoided dip in Ganga as he knows it is dirty: Akhilesh Yadav
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..