സോനഭദ്ര (യു.പി): ഉത്തര്‍പ്രദേശില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത് കര്‍ഷകര്‍ വെടിവെപ്പില്‍ കൊല്ലപ്പെടാന്‍ ഇടയായ ഭൂമി തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുതലക്കണ്ണീര് ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്ന ഗൂഢാലോചനയാണ് നടന്നത്. 1955 ല്‍ ഭൂമി ട്രസ്റ്റിന് കൈമാറിയതോടെയാണ് തുടക്കം. 1989 ല്‍ അന്ന് യു.പി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി ട്രസ്റ്റിലെ അംഗങ്ങളുടെ പേരിലേക്കുമാറ്റി. ഇതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
വെടിവെപ്പിന് ഉത്തരവാദിയായ ഗ്രാമമുഖ്യന് സമാജ്വാദി പാര്‍ട്ടി അംഗമാണെന്നും അയാളുടെ സഹോദരന് മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശവുമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. പ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യമെത്തിയത്. അപ്പോള്‍ മാത്രമാണ് യു.പി സര്‍ക്കാര്‍ ഗൗരവമേറിയ സംഭവം നടന്നകാര്യം മനസിലാക്കുന്നത്.
യു.പി മുഖ്യമന്ത്രിയുടെ സോന്‍ഭദ്ര സന്ദര്‍ശനം വൈകിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ഇരകള്‍ക്കൊപ്പം നില്ക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വൈകിയെങ്കിലും മനസിലാക്കിയത് നന്നായി. ഗ്രാമവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും പത്തുപേരാണ് കൊല്ലപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് കര്‍ഷകര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്.
Content highlights: Yogi Adithyanarth and Priyanka Gandhi Vadra exchange digs over UP killings