ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകം മാത്രമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം നടപടികളൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനുമുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബാലിശമായാണ് രാഹുല്‍ പെരുമാറുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തയാണ് അദ്ദേഹം. വിവേകമുള്ള ആരും ഇത്തരത്തില്‍ പെരുമാറില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടത്തിയ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധി ആലിംഗനം ചെയ്തിരുന്നു. ആദ്യം അമ്പരന്ന മോദി ആലിംഗനം സ്വീകരികുകയും പിന്നിട് രാഹുലിന് ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് യു.പി മുഖ്യമന്ത്രി വിമര്‍ശവുമായി രംഗത്തെത്തിയത്.

അഖിലേഷ് യാദവിനോ മായാവതിക്കോ രാഹുലിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കുമോയെന്നും അഭിമുഖത്തിനിടെ യോഗി ആദിത്യനാഥ് ആരാഞ്ഞു. 'ശരദ് പവാറിന് അദേഹത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കാനാവുമോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാത്തത്?' - അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ അറുപത് വര്‍ഷത്തെ ഭരണത്തെയും മോദിയുടെ നാലുവര്‍ഷത്തെ ഭരണത്തെയും ജനങ്ങള്‍ താരതമ്യം ചെയ്യുമെന്നും യോഗി പറഞ്ഞു. ഗോ രക്ഷയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതുപോലെ തന്നെ പശുകടത്തും കശാപ്പും അനുവദിക്കില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. നിയമം കൈയിലെടുക്കുന്നവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.