ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ 1,000 ബസുകള്‍ നല്‍കാമെന്ന പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം സ്വീകരിച്ച ശേഷവും ഉപാധികളിലൂടെ പുതിയ തടസ്സവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
 
എല്ലാ ബസ്സുകളും അവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സും സഹിതം രാവിലെ 10 ഓടെ ലഖ്നൗവിലെത്താന്‍ കോൺഗ്രസ്സിനോട് യുപിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് രാത്രി അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്.

പുലര്‍ച്ചെ 2.10 ന് കോണ്‍ഗ്രസിന്റെ പ്രതികരണവും ഉടന്‍ വന്നു. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാമെന്നും സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ നിന്ന് ബസുകള്‍ ശൂന്യമായി ലഖ്‌നൗ വരെ ഓടിക്കുന്നതിന്റെ  ആവശ്യകതയെന്താണെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിങ് യുപി സര്‍ക്കാരിന് അയച്ച കത്തില്‍ ചോദിച്ചു.

ലോക്ക്ഡൗണില്‍ കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട് വിവിധ നഗരങ്ങളില്‍ നിന്ന് യുപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കായി 1,000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന്  പ്രിയങ്ക ഗാന്ധി  വീഡിയോയിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ആദ്യം വഴങ്ങാതിരുന്ന സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ഇതിനോട് സമ്മതം മൂളിയത്. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ നിന്നാണ് കോണ്‍ഗ്രസ് ബസുകള്‍ എത്തിച്ചത്.

ട്രക്ക് അപകടത്തില്‍ 26 തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികള്‍ നിരവധി അപകടങ്ങളില്‍പ്പെടുന്ന വാര്‍ത്തകളെത്തുടര്‍ന്ന് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ട്വിറ്ററിലൂടെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.

എന്നാല്‍ ഒരു തൊഴിലാളിയേയും നടക്കാനോ സൈക്കിള്‍ യാത്ര ചെയ്യാനോ ട്രക്കുകളില്‍ സഞ്ചരിക്കാനോ  അനുവദിക്കില്ലെന്നാണ് യുപി സര്‍ക്കാര്‍ തുടര്‍ന്ന് പ്രഖ്യാപിച്ചത്. ഇത് സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തിങ്ങിക്കൂടുന്നതിന് കാരണമായി. തുടര്‍ന്നാണ് പ്രിയങ്കഗാന്ധി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ബസ് സര്‍വ്വീസിന് അനുവാദം ചോദിച്ചത്.

 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി,  ഇത് രാഷ്ട്രീയക്കളിക്കുള്ള സമയമല്ല. ഞങ്ങളുടെ ബസുകള്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ഭക്ഷണമോ വെള്ളമോ ഇല്ലാതെ വീടുകളിലേക്ക് നടക്കുന്നു. അവരെ സഹായിക്കാന്‍ ഞങ്ങളെ അനുവദിക്കൂ. ബസ്സുകൾ ഓടിക്കാനുള്ള അനുമതി നല്‍കൂ' എന്നായിരുന്നു പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ ഓഫര്‍ സ്വീകരിച്ചയുടനെ യോഗി ആദിത്യനാഥ് കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ചോദിച്ചിരുന്നു. വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് തൊഴിലാളികളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി 12,000 ബസുകള്‍ സംഘടിപ്പിക്കുകയാണെും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ബസ്സിന്റെ പേരിലുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ  യുപി സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തില്‍ 500 ബസ്സുകള്‍ വീതം നോയ്ഡയിലേക്കും ഗാസിയാബാദ് അതിര്‍ത്തിയും എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

content highlights: Yogi Adityanath vs Congress Over Buses, Priyanka Gandhi writes letter at 2 AM