ന്യൂഡൽഹി: ഉത്തർപ്രദേശ് ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര നേതൃത്വത്തെ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നീ നേതാക്കളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തും.

രണ്ട് ദിവസം ഡൽഹിയിൽ തങ്ങുന്ന യോഗി ആദിത്യനാഥ്  ഇന്നു വൈകീട്ട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച പ്രധാനമന്ത്രിയേയും ബിജെപി ദേശീയ അധ്യക്ഷനേയും നേരിൽ കാണും.

യുപി ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉയർന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കാണുന്നത്. യോഗി സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിൽ വീഴ്ച വന്നതായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും ഒരുവിഭാഗം വിമർശിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് യോഗി കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ബ്രാഹ്മണ മുഖമായ ജിതിൻ പ്രസാദ യുപി ബിജെപിയുടെ നിർണായക ചുമതലയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗിയെ മാറ്റാനുള്ള ശ്രമങ്ങളില്ലെങ്കിലും ജാതി, പ്രാദേശിക അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മോദിയുടെ വിശ്വസ്തനായ എകെ ശർമ ഉൾപ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കാനും കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

content highlights:Yogi Adityanath Visits Amit Shah, To Meet PM Tomorrow Amid UP Turmoil