ലഖ്‌നൗ: 'അബ്ബാജാന്‍' പരാമർശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അബ്ബാജാന്‍ എന്നത് അണ്‍പാര്‍ലമെന്ററി പദപ്രയോഗമാണോ എന്നും അങ്ങനെയാണെങ്കില്‍  അത്തരം ചിന്തയുള്ളവര്‍ തന്നെ നേരില്‍ വന്ന് കാണണമെന്നും യോഗി പറഞ്ഞു.

അബ്ബാജാന്‍ പ്രയോഗത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തേയോ അഖിലേഷ് യാദവിനേയോ ലക്ഷ്യംവെച്ച് താന്‍ ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും ഉത്തര്‍പ്രദേശ് വളരെ മുന്നിലാണെന്നും മോദിയുടെ നയങ്ങളാണ് ഇതിന് കാരണമെന്നും ആദിത്യനാഥ് പറഞ്ഞു.

ഇപ്പോള്‍ എല്ലാവര്‍ക്കും തങ്ങളുടെ റേഷന്‍ വിഹിതം കിട്ടുന്നില്ലേ? 2017 ന് മുന്‍പ് ഇത് 'അബ്ബാജാന്‍' എന്ന് അച്ഛനെ അഭിസംബോധന ചെയ്യുന്നവരുടെ മാത്രം കുത്തകയായിരുന്നു.. എന്നായിരുന്നു ആദിത്യനാഥിന്‍റെ പരാമർശംം. മുസ്ലീം സമുദായത്തിന് മാത്രമാണ് മുന്‍ സര്‍ക്കാരുകളുടെ കാലത്ത് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതെന്നായിരുന്നു പരോക്ഷമായ ആരോപണം. ഇത് വലിയ വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ആദിത്യനാഥ് പ്രതികരണവുമായി രംഗത്തെത്തിയത്.

മുന്‍പ് യു.പി ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെ ആദിത്യനാഥ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മായാവതിയും അഖിലേഷും യുപി ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനം ഗുണ്ടാ രാജ്, മാഫിയ രാജ് എന്നിവയുടെ പിടിയിലായിരുന്നുവെന്ന് യോഗി പറഞ്ഞു. അധികാരത്തിലേറിയപ്പോള്‍ കാണാനായത് അഴിമതിയുടേയും അനീതിയുടേയും കൂത്തരങ്ങായിരുന്നു. എന്നാല്‍ അധികാരത്തിലേറിയ ബി.ജെ.പി ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്നും യോഗി വിമര്‍ശിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 350ല്‍ അധികം സീറ്റ് നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും യോഗി പറഞ്ഞു. 17 ശതമാനമായിരുന്ന തൊഴിലില്ലായ്മ അഞ്ച് വര്‍ഷം കൊണ്ട് നാല് ശതമാനത്തിലേക്ക് താഴ്ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. വ്യക്തികളേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Yogi Adityanath on Abba jaan remark