ലഖ്‌നൗ: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാട്ടിയാവും ബിജെപി അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന്‌ സൂചന. കേന്ദ്ര നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മറ്റൊരാളെ പകരക്കാരനായി കണ്ടെത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. 2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 

403 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. അടുത്തിടെ ചില ദേശീയ മാധ്യമങ്ങള്‍ സംസ്ഥാനത്ത് നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 31 ശതമാനത്തോളം ആളുകള്‍ യോഗി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തിയറിയിച്ചു. 23.4 ശതമാനം പേര്‍ ശരാശരി ഭരണം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 39.5 ശതമാനം പേര്‍ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. 

സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയായി ആര് ഭരണത്തിലെത്തണം എന്ന ചോദ്യത്തിന് 42.2 ശതമാനം പേരുടെയും പിന്തുണ യോഗിക്കാണ്. 32.2 ശതമാനത്തിന്റെ പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് രണ്ടാമത്. മായാവതിക്ക് 17 ശതമാനം പിന്തുണയും പ്രിയങ്ക ഗാന്ധിക്ക് രണ്ട് ശതമാനം പിന്തുണയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ളത്.

Content Highlights: Yogi adityanath likely to lead BJP in UP assembly polls