ലഖ്‌നൗ: മികച്ച ഭരണമാതൃകയാണ് ഉത്തര്‍പ്രദേശിലേതെന്നും ക്രിമിനലുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഭയപ്പെടുകയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സമാനതകളില്ലാത്ത ജോഡിയാണ് മോദിയും യോഗിയുമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവില്‍ 1700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.

ദൈവമാണ് മോദിയുടെയും യോഗിയുടെയും സമാനതകളില്ലാത്ത ജോഡിയെ സൃഷ്ടിച്ചത്. യോഗി യുപിയില്‍ മുഖ്യമന്ത്രില്ലായിരുന്നെങ്കില്‍ തനിക്ക് ലക്‌നൗവില്‍ ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നില്ല. ലഖ്‌നൗ ഒരു മനോഹരമായ നഗരമാക്കാനാണ് എന്റെ ശ്രമം, ഉപമുഖ്യമന്ത്രി കേശവ് മൗര്യയും എന്നെ ഇതിന് സഹായിച്ചിട്ടുണ്ട്. 

അടുത്തിടെ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും താന്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്ന് യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ അവിടുത്തെ ആളുകള്‍ പ്രശംസിക്കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു. കൊറോണ ബാധിച്ചിട്ടും അതിനെ വകവയ്ക്കാതെ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനം യോഗി നടത്തി.

രാജ്‌നാഥ് സിംഗ് സംസാരിച്ചതിന് ശേഷം സംസാരിച്ച യോഗി ആദിത്യനാഥ് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തിനും പ്രോത്സാഹനത്തിനും നന്ദി പറയുകയും ചെയ്തു. സ്മാര്‍ട്ട് ലക്‌നൗ, സ്മാര്‍ട്ട് സ്റ്റേറ്റ് പദ്ധതിയില്‍പെട്ട 1710 കോടി രൂപയുടെ 180 വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് രാജ്നാഥ് സിംഗ് നിര്‍വഹിച്ചത്.

Content highlights: Yogi Adityanath's governance is the best and criminals fear him says rajnath singh