ലഖ്നൗ: ബിജെപി സർക്കാർ അധികാരത്തിലേറിയ 2017 മുതൽ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തിൽ സംസ്ഥാനത്ത് പൂർണ മാറ്റം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ സർക്കാരുകള്‍ക്ക്‌ ബംഗ്ലാവുകൾ ഇടിച്ചു നിരത്തുകയും ആഢംബര വീടുകൾ നിർമ്മിക്കുന്നതിലുമായിരുന്നു ശ്രദ്ധ മുഴുവൻ. എന്നാൽ കഴിഞ്ഞ നാലര വർഷക്കാലം ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ ഭരിച്ചത്. ഞങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവർക്ക് വീടുവെച്ചു നൽകി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം വർധിച്ചു. ഇത് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 350 സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കും എന്നാണ്- അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാർട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 325 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. സമാജ്വാദി പാർട്ടിയ്ക്കും സഖ്യകക്ഷികൾക്കും 54 സീറ്റും ബിഎസ്പിയ്ക്ക് 19 സീറ്റും മറ്റുപാര്‍ട്ടികള്‍ക്ക്‌ അഞ്ച് സീറ്റുകളുമാണ് ലഭിച്ചിരുന്നത്‌. 

Content Highlights: Yogi Adityanath claims BJP will win 350 seats in 2022 Uttar Pradesh polls