ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്ന യോഗി ആദിത്യനാഥിന് വിശേഷണങ്ങള്‍ പലതാണ്. സന്യാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് അദ്ദേഹത്തിന്.  പുരോഹിതനായിരിക്കുമ്പോഴും തീപ്പൊരി പ്രസംഗത്തിലൂടെ ജനങ്ങളെ വൈകാരികമായി കയ്യിലെടുക്കാനാകുന്ന ജനനേതാവാണ് ആദ്യത്യനാഥ്.

1972ല്‍ ഉത്തരാഖണ്ഡില്‍ രജ്പുത് വിഭാഗത്തിലാണ് ആദിത്യനാഥ് ജനിക്കുന്നത്. അജയ് സിങ് ബിഷ്ത് എന്നായിരുന്നു പേര്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വ്വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിഎസ്.സി ബിരുദം നേടി. 1998ല്‍ ഖൊരക്പൂരില്‍നിന്ന് ബിജെപി എംപിയായി പാര്‍ലമെന്റിലെത്തുമ്പോള്‍ 26 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനു പ്രായം.

21-ാമത്തെ വയസ്സില്‍ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ സന്യാസം സ്വീകരിച്ച ആദിത്യനാഥ് ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിക്കുകയും ഗോസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദിത്യനാഥ് മഹന്ത് അവൈദ്യനാഥിന്റെ അരുമ ശിഷ്യനായി മാറി.

1996ല്‍ മഹന്ത് അവൈദ്യനാഥിനായി തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് എത്തുന്നത്. 1998 ല്‍ മഹന്ത് അവൈദ്യനാഥ് പൊതു രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചപ്പോള്‍ ആദിത്യനാഥ് യോഗി ആയി പ്രഖ്യാപിക്കപ്പെടുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നേടുകയും ചെയ്തു. മഹന്ത് അവൈദ്യനാഥിന്റെ മരണത്തോടെ പിന്നീട് ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമായി ആദിത്യനാഥ്.

ഒരു മതപുരോഹിതന്റെ ജീവിതചര്യയാണ് അദ്ദേഹം പുലര്‍ത്തുന്നത്. പുലര്‍ച്ചെ 3.30ന് ഉണര്‍ന്നെണീക്കുന്ന അദ്ദേഹം അഞ്ച് മണിവരെ പ്രത്യേക പ്രാര്‍ഥനകളിലായിരിക്കും. അതിനുശേഷം 8.30 വരെ ക്ഷേത്രപരിസരത്ത് നടക്കാനിറങ്ങും. ഈ സമയം ചിന്തിക്കുന്നതിനും ആത്മപരിശോധനകള്‍ക്കും കൂടിയുള്ളതാണ്. പിന്നീട് ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു മണിക്കൂര്‍ ചെലവഴിക്കും. 9.30ന് പ്രഭാതഭക്ഷണം കഴിക്കും.

രാവിലെ 10മണി മുതല്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണാനെത്തുന്നവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ടാകും. തുടര്‍ന്ന് ഗോവന്ദനത്തിനു ശേഷം തന്റെ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇതിനിടയില്‍ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തും. അതിനു ശേഷം രണ്ടു മണിക്കൂര്‍ വീണ്ടും പ്രാര്‍ഥന. തുടര്‍ന്നുള്ള ആത്മപരിശോധനയുടെ മണിക്കൂറുകള്‍ക്കു ശേഷം, 9.30ന് മിതമായ ഭക്ഷണം കഴിക്കും. ദിവസം നാലു മണിക്കൂറിലധികം യോഗി ആദിത്യനാഥ് ഉറങ്ങാറില്ല. 

അദ്ധ്യാത്മികതയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള മിടുക്കാണ് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സ്വീകാര്യത ഉറപ്പുവരുത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. പൊതു പ്രവര്‍ത്തന രംഗത്ത് വലിയ പ്രവര്‍ത്തന പരിചയം അദ്ദേഹത്തിനുണ്ട്. നിരവധി സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ആദിത്യനാഥിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാനപങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.