ന്യൂഡല്‍ഹി: അയോധ്യയിലെ സരയൂ തീരത്ത് കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിര്‍മിക്കുന്നത്.

തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാം നായിക്കിന് മുന്നില്‍ സമര്‍പ്പിച്ചതായി രാജ് ഭവന്‍ ഇറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 

100 മീറ്റര്‍ ഉയരമുള്ളതാണ്  പ്രതിമയെന്ന് സര്‍ക്കാര്‍ സ്ലൈഡ് ഷോ വ്യക്തമാക്കുന്നുണ്ടെങ്കിലും അവസാന തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ  അനുമതി ലഭിച്ച ശേഷം പ്രതിമ നിര്‍മാണവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. കൂടാതെ സരയൂ നദീ തീരത്ത് ശ്രീരാമ കഥാ ഗാലറി നിര്‍മാണത്തിനും, ഓഡിറ്റോറിയം നിര്‍മാണത്തിനും സര്‍ക്കാരിന് പദ്ധതിയുണ്ട്. 

അയോധ്യാ വികസനത്തിന്റെ ഭാഗമായി 195.96 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 133.70 കോടി രൂപയുടെ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുമുണ്ട്.