യോഗി ആദിത്യനാഥ് |Photo:PTI
ലഖ്നൗ: ഹത്രാസിലേക്കുള്ള പ്രതിപക്ഷത്തിന്റെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും പിന്നീട് വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ദഹിപ്പിച്ചതും വലിയ ജനരോഷമുയര്‍ത്തിയ സാഹചര്യത്തിലാണ് പ്രതികരണം.
വികസനം ഇഷ്ടപ്പെടാത്തവര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ക്ക് പ്രേരണ നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും സന്ദര്‍ശനത്തെ മുന്‍നിര്‍ത്തി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. ഈ വിഷയത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം.
'വികസനം ഇഷ്ടപ്പെടാത്തവര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവില്‍ അവര്‍ക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാന്‍ അവസരം ലഭിക്കും, അതിനാല്‍ അവര്‍ പുതിയ ഗൂഢാലോചനകള്‍ നടത്തും. ഈ ഗൂഢാലോചനകളെക്കുറിച്ച് പൂര്‍ണ്ണമായും ജാഗ്രത പുലര്‍ത്തിക്കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്-അദ്ദേഹം ട്വീറ്റ് ചെയ്തു.
സംവാദത്തിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റില്‍ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന പോലീസ് കുറച്ചു കൂടി സംവേദന ക്ഷമതയോടെയും പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
content highlights: Yogi Adithyanath speaks against Congress, giving advises to UP Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..