ലഖ്‌നൗ: ബുലന്ദ്ശഹറിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ കൊലപാതകത്തില്‍ മൗനം വെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരു ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം. 

സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. 

തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിങ് എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചത്. പ്രദേശവാസിയായ ഇരുപതുവയസ്സുകാരനും ആക്രമണത്തില്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവം നടന്ന് നാലുദിവസങ്ങള്‍ക്കു ശേഷമാണ് ആദിത്യനാഥിന്റെ പ്രതികരണം. സുബോധ് കുമാറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും ബജ്‌റംഗ് ദള്‍ നേതാവുമായ യോഗേഷ് കുമാറിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ അഖ്‌ലാക്ക് എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.

content highlights: yogi adithyanath on bulandshahar police inspector murder