പിണറായി സര്‍ക്കാര്‍ അത്രകണ്ട് ഇടതല്ല- യോഗേന്ദ്ര യാദവ്


കെ. എ. ജോണി

യോഗേന്ദ്ര യാദവ് (ഫയൽ ചിത്രം) | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ/മാതൃഭൂമി

കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സോഷ്യലിസ്റ്റ് നേതാവുമായ യോഗേന്ദ്ര യാദവ് ഇന്ത്യന്‍ ഇടത് പക്ഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നു.

ഇന്ത്യന്‍ ഇടതുപക്ഷത്തെക്കുറിച്ച് നാല് കൊല്ലം മുമ്പ് ട്രൈബ്യൂണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിന് താങ്കള്‍ നല്‍കിയ തലക്കെട്ട് 'Leftisdead, longlive the Left'എന്നായിരുന്നു. ഇന്നിപ്പോള്‍ സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ തുടങ്ങിയിരിക്കെ ഇടത് പക്ഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടോ?

ആ ലേഖനത്തിലെ അടിസ്ഥാനപരമായ വാദത്തിന് മാറ്റമില്ല. ഇടത്പക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വന്നുചേര്‍ന്ന അപചയമാണ് ആ തലക്കെട്ടിന് പ്രേരണയായത്. വാസ്തവത്തില്‍ ഇടത് പക്ഷം എന്ന രാഷ്ട്രീയ ഘടന തകര്‍ന്നത് അപ്രതിക്ഷിതമായിരുന്നില്ല. 1989 ല്‍ ബെര്‍ലിന്‍ മതിലിന്റെയും സോവിയറ്റ് യൂണിയന്റെയും തകര്‍ച്ചയോടെ യൂറോപ്പില്‍ ഇടത്പക്ഷം തകര്‍ന്ന് തരിപ്പണമായി. ഇന്ത്യയില്‍ അത് പക്ഷേ, പിന്നെയും അതിജീവിച്ചത് അത്ഭുതകരമായിരുന്നു.2011 ല്‍ ബംഗാളിലെ വീഴ്ചയോടെ ഇന്ത്യയിലും ഇടത്പക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനം അസ്തിത്വ പ്രതിസന്ധി നേരിട്ടു.

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത് കാണാതിരിക്കേണ്ടതുണ്ടോ? കേരളം ഇന്ത്യയ്ക്ക് ഒരു പുതിയ ഇടത് ബദല്‍ മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഇല്ല. കേരളത്തില്‍ സംഭവിച്ചത് ഇടത് പ്രത്യയശാസ്ത്രത്തിന്റെ വിജയമല്ല. അത് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയമാണ്. യുഡിഎഫ് ദുര്‍ബ്ബലമായതും പിണറായി വിജയന്‍ സര്‍ക്കാരിന്റെ താരതമ്യേന മികച്ച പ്രകടനവുമാണ് ഈ വിജയത്തിന് കാരണം.

2011 ല്‍ ബംഗാളില്‍ ഇടത് സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത് നന്ദിഗ്രാം - സിംഗൂര്‍ ഭൂമി ഇടപാടുകളായിരുന്നു. സമാനമായൊരു നീക്കമാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നടത്തുന്നതെന്ന വിമര്‍ശം ശക്തമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് താങ്കള്‍ക്കറിയാമെന്ന് കരുതുന്നു?

എന്റെ സുഹൃത്ത് പ്രശാന്ത് ഭൂഷണ്‍ ഈ പദ്ധതിയുടെ വിവരങ്ങള്‍ എന്നോട് പങ്ക് വെയ്ക്കാറുണ്ട്.

ബംഗാളില്‍ നിന്നുള്ള പാഠങ്ങള്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് ആരോപണം?

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ഞാന്‍ ആഴത്തില്‍ പഠിച്ചിട്ടില്ല. പക്ഷേ, ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇതിലൊരു പന്തികേടുണ്ട്. ഒന്നര ലക്ഷം കോടി രൂപയോളം ചെലവഴിച്ച് ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു സമാന്തര പാത നിര്‍മ്മിക്കുന്നതില്‍ എവിടെയോ അപാകമുണ്ട്. ഒരു സര്‍ക്കാരില്‍ നിന്ന് , പ്രത്യേകിച്ച് ഒരു ഇടത് പക്ഷ സര്‍ക്കാരില്‍നിന്ന് നമ്മള്‍ ഇങ്ങനെയൊരു പദ്ധതി പ്രതീക്ഷിക്കുന്നില്ല. പല തലങ്ങളിലും പിണറായി സര്‍ക്കാര്‍ അത്ര ഇടതല്ലെന്നാണ് എനിക്ക് തോന്നുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയില്‍നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസനരേഖയുടെ കാതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നതാണ്?

ഇതെന്നെ അത്ഭുതപ്പെടുത്തുന്നില്ല. പണവും രാഷ്ട്രീയവും തമ്മിലുള്ള വല്ലാത്തൊരു ഇടകലരല്‍ പിണറായി സര്‍ക്കാരിലുണ്ട്. ഒരു കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്നോ അല്ലെങ്കില്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്നോ മാറ്റിനിര്‍ത്തുന്ന ഒന്നും പിണറായി സര്‍ക്കാരില്‍ കാണാനില്ല. അതാണ് ഞാന്‍ പറഞ്ഞത് പിണറായി സര്‍ക്കാര്‍ അത്രകണ്ട് ഇടതല്ലെന്ന്.

ഇന്ത്യയില്‍ ഇടത് പക്ഷത്തിന്റെ ഭാവിയെക്കുറിച്ച് എന്ത് പറയുന്നു?

ഇന്ത്യന്‍ ജനാധിപത്യം വികസിപ്പിക്കുന്നതില്‍ ഇടത്പക്ഷത്തിന്റെ സംഭാവന വളരെ വലുതാണ്. ഇന്ത്യയുടെ സാംസ്‌കാരിക ഭൂമിക സമ്പന്നമാക്കിയതിലും ഇടത്പക്ഷത്തിന് നിര്‍ണ്ണായക പങ്കുണ്ട്. മതേതരത്വത്തോടുള്ള ഇടത്പക്ഷത്തിന്റെ സമീപനം കറ കളഞ്ഞതായിരുന്നു. അത് കൊണ്ട് തന്നെ ഇടത്പക്ഷം ഇവിടെ നിലനില്‍ക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നുത്.

ഇടത്പക്ഷ ചിന്തകന്‍ താരിഖ് അലി കേരളത്തില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന കെ ദാമോദരനുമായി നടത്തിയ അഭിമുഖത്തില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് നേതാവ് ഹോചിമിനെ കണ്ടതിനെക്കുറിച്ചുള്ള വിവരണമുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതേ അംഗബലമുള്ള വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവം നടത്താനായപ്പോള്‍ ഇന്ത്യയില്‍ അതിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ദാമോദരന്‍ ഹോചിമിനോട് ചോദിക്കുന്നു. അപ്പോള്‍ ഹോചിമിന്‍ പറയുന്ന മറുപടി അതി ഗംഭീരമാണ്: '' ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഗാന്ധിയുണ്ടായിരുന്നു. ഇവിടെ വിയറ്റ്നാമില്‍ ഞാനാണ് ഗാന്ധി. ഇന്ത്യയില്‍ ഇടത്പക്ഷത്തിന് പറ്റിയ പാളിച്ചകള്‍ ഇതില്‍കൂടുതല്‍ നന്നായി പറയാന്‍കഴിയുമോ?

ഈ അഭിമുഖം ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ, ഹോചിമിന്റെ മറുപടിയില്‍ എല്ലാമുണ്ട്. താന്‍ ഗാന്ധിയെപ്പോലൊരു വലിയ നേതാവാണെന്നല്ല ഹോചിമിന്‍ പറയുന്നത്. ജനങ്ങളുടെ മനസ്സും ഭാവനയും ഗാന്ധിജി പിടിച്ചെടുത്തിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കുന്നതില്‍, പ്രത്യേകിച്ച് , ജാതിയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്നതില്‍ ഇടത്പക്ഷം പരാജയപ്പെട്ടു. യൂറോകന്ദ്രേീകൃതമായ ഒരു പ്രത്യയശാസ്ത്രം നേരെ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുകയാണ് ഇടത്പക്ഷം ചെയ്തത്. മാവോയും ഹോചിമിനും ഇതല്ല ചെയ്തത്. തന്നെ വിപ്ലവം പഠിപ്പിക്കാന്‍ കൊമിന്റേണ്‍ പറഞ്ഞയച്ച എം എന്‍ റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തോട് തനിക്ക് പുറത്തുനിന്നുള്ള ഉപേദേശം വേണ്ടെന്നാണ് മാവോ പറഞ്ഞത്. ഇവിടെ പക്ഷേ, ഇടത്പക്ഷം മാര്‍ക്സിസത്തെ വെറുതെ വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഒരു ഭാവനയും സര്‍ഗ്ഗാത്മകതയും ഇല്ലാത്ത വിവര്‍ത്തനം.

അംബദ്കറെ തിരിച്ചറിയാന്‍ ഇടത്പക്ഷം വൈകിപ്പോയില്ലേ?

ഇടത്പക്ഷം മാത്രമല്ല സോഷ്യലിസ്റ്റുകളും ഇക്കാര്യത്തില്‍ വൈകിപ്പോയി. സോഷ്യലിസമാണ് ജാതിയെ ഉന്മൂലനം ചെയ്യാനുള്ള ആയുധമെന്ന് വിവേകാനന്ദന്‍ പറഞ്ഞിരുന്നു. അംബദ്കറെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ ഇടത്പക്ഷവും മറ്റുള്ളവരും വൈകിപ്പോയി. അത് വലിയൊരു വീഴ്ചയായിരുന്നു.

ഇന്നിപ്പോള്‍ ആ ലേഖനം വീണ്ടുമെഴുതിയാല്‍ തലക്കെട്ട് അതു തന്നെയാവുമോ?

ഇല്ല. അതില്‍ ഇടത്പക്ഷം നീണാള്‍ വാഴട്ടെ എന്ന ഭാഗത്തിനായിരിക്കും ഞാന്‍ ഊന്നല്‍ കൊടുക്കുക. കാരണം വര്‍ഗ്ഗീയത അഴിഞ്ഞാടുന്ന ഇന്ത്യയില്‍ ഇടത്പക്ഷം അപ്രസക്തമാവരുത് എന്ന് ഞാന്‍ ആശിക്കുന്നു. അനീതിക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ ഇടത്പക്ഷം തുടര്‍ന്നും ഇവിടെയുണ്ടാവണം. അതിന് പക്ഷേ, ഇന്നിപ്പോള്‍ പിന്തുടരുന്ന ഔദ്യോഗിക മാര്‍ക്സിസം ഇടത്പക്ഷം ഉപേക്ഷിക്കണം. അവര്‍ മാര്‍ക്സിലേക്കും സാധാരണ പ്രവര്‍ത്തകരിലേക്കും തിരിച്ചുപോവണം. പണ്ട് ബംഗാളില്‍ നക്സലൈറ്റ് നേതാവ് കനുസന്യാലിനെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വീട് ഒരു ഗാന്ധിയന്‍ ആശ്രമം പോലെയായിരുന്നു. ലാളിത്യവും വിനയവുമാണ് കനുസന്യാലിനെ അടയാളപ്പെടുത്തിയത്. ഇടത്പക്ഷത്തിന്റെ സാധാരണ പ്രവര്‍ത്തകരുടെ ധാര്‍മ്മിക ശക്തി നമ്മള്‍ മറക്കരുത്. അനീതിക്കും അസമത്വത്തിനുമെതിരെയുള്ള അവരുടെ പോരാട്ടമാണ് , നവ സാമ്പത്തിക ശക്തികളുടെ കാഴ്ചപ്പാടുകളല്ല ഇടത് പക്ഷം ഏറ്റെടുക്കേണ്ടത്.

Content Highlights: yogendra yadav response on left politics in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented