ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നതായി ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്. ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനാണ് കിസാന്‍ മോര്‍ച്ച യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

കേന്ദ്രത്തിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന 46 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് ഉള്‍പ്പടെയാണ് വിലക്ക്. 

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കൂട്ടായുള്ള തീരുമാനത്തെ ബഹുമാനിക്കുന്നതായി യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എതിരാളികളുടെ സങ്കടത്തില്‍ പങ്കുചേരല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. 

സഹാനുഭൂതി പ്രകടിപ്പിക്കുന്നത് നമ്മുടെ മുന്നേറ്റങ്ങളെ ഇല്ലാതാക്കില്ല. കര്‍ഷക മോര്‍ച്ചയിലെ എല്ലാവര്‍ക്കും ഇക്കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗേന്ദ്ര യാദവ് പറഞ്ഞു.

Content Highlights: Yogendra Yadav After Farmers' Front Suspends Him