ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് യോഗാഗുരു ബാബാ രാംദേവ്. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

2015ല്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്തയാളാണ് രാംദേവ്. വരുന്ന തിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് പ്രചാരണം നടത്തണം എന്നായിരുന്നു പ്രതികരണം. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയാണെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും സമദൂരമാണ് പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. മോദി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടേ ഇല്ലെന്ന് പറയുന്നില്ല, ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്ന് ബാബാ രാംദേവ് പറഞ്ഞു. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയല്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതഞ്ജലി കമ്പനി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ അനുവദിക്കുകയും നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്താല്‍ ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുകയും ക്യാബിനെറ്റ് റാങ്ക് നല്‍കുകയും ചെയ്തിരുന്നു. ബാക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാര്‍ അടക്കമുള്ള സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കിയിരുന്നു. 

എന്‍ഡിടിവി യൂത്ത് കോണ്‍ക്ലേവിലാണ് ബാബാ രാംദേവിന്റെ പ്രതികരണം

കടപ്പാട് - NDTV

content highlights: Baba Ramdev, Patanjali, Narendra Modi