ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപയുടെ (13.5 ദശലക്ഷം പൗണ്ട്) ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത റാണാ കപൂറിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലണ്ടനില്‍ 2017ല്‍ ആണ് റാണ കപൂര്‍ ഈ വസ്തുവകകള്‍ വാങ്ങിയത്. റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ 93 കോടി രൂപയ്ക്കായിരുന്നു ഇവ വാങ്ങിയത്. ഈ വസ്തുവകകള്‍ വിവിധ വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ചില്‍ സിബിഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ ബാങ്കുകളില്‍നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 

പ്രൊമോട്ടര്‍ കപില്‍ വാധാവനുമായി ചേര്‍ന്ന് യെസ് ബാങ്കിലെ പണം കൈമാറുന്നതില്‍ റാണ കപൂര്‍ ഗൂഢാലോചന നടത്തിയെന്നും ഈ പണം അവസാനം റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വര്‍സ് ലിമിറ്റഡില്‍ എത്തിയെന്നുമായിരുന്നു സി.ബി.ഐ.യുടെ പ്രധാന ആരോപണം. സിബിഐ അന്വേഷണത്തെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

Content Highlights: Yes Bank case- ED attaches Rana Kapoor’s London flat worth Rs 127 crore