ഭുവനേശ്വർ: ഒഡീഷ തീരത്ത് മഞ്ഞകടലാമയെ കണ്ടെത്തി. ബാലാസോര്‍ ജില്ലയിലെ സുജാന്‍പുര്‍ ഗ്രാമത്തിലാണ് ആമയെ കണ്ടെത്തിയത്. ആമയെ പ്രദേശവാസികള്‍ രക്ഷിച്ച് വനംവകുപ്പിന് കൈമാറി.

ഇതിനു മുമ്പ് ഇത്തരത്തിലൊരു കടലാമയെ പ്രദേശത്തൊന്നും കണ്ടിട്ടില്ലെന്നാണ്‌ വൈല്‍ഡ്‌ലൈഫ് വാര്‍ഡനായ ഭാനുമിത്ര ആചാര്യ പറയുന്നത്.

"ആമയുടെ തോട് പൂര്‍ണ്ണമായും അതിന്റെ ശരീരവും മഞ്ഞനിറത്തിലാണ്. ഇത് അസാധാരണമാണ്. ഞാനിത്തരമൊരു കടലാമയെ ജീവിതത്തില്‍ കണ്ടിട്ടില്ല", ആചാര്യ പറയുന്നു.

മെലാനിന്റെ അപര്യാപ്ത മൂലമുണ്ടാക്കുന്ന ആല്‍ബിനിസമാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പ്രതികരിക്കുന്നത്. 

ഇത് ഏതിനത്തില്‍പെട്ട ആമയാണെന്നതിന്റെ വിശദവിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ ലഭ്യമാകൂ.

ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കട്ടിയില്ലാത്ത തോടുള്ള ഭീമാകാരനായ ആമയെ(Trionychidae turtle) ഒഡീഷയിലെ തന്നെ ദേവ്‌ലി ഡാമില്‍ നിന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.

content highlights: Yellow Turtle Spotted In Odisha's Balasore